

ചിത്രദുർഗ: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ(ഡിആർഡിഒ) ഡ്രോൺ തകർന്നുവീണു. ഇന്ത്യ തദ്ദേശീയമായി നിര്മിച്ച 'തപസ്' ആണ് ഞായറാഴ്ച രാവിലെ കർണാടകയിലെ ചിത്രദുര്ഗയിലെ കൃഷിയിടത്തില് തകര്ന്നുവീണത്. പരീക്ഷണപ്പറക്കലിനിടെയാണ് ആളില്ലാ വിമാനം തകർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേടായ യുഎവിയും അതിന്റെ ഭാഗങ്ങളും മൈതാനത്ത് ചിതറി. ഇതുകാണാൻ നിരവധിപ്പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചെന്നും അപകടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഡിആർഡിഒ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഈ വർഷം ബെംഗളൂരുവില് നടന്ന വ്യോമപ്രദര്ശനത്തിലാണ് തപസ് ആദ്യമായി പ്രദര്ശിപ്പിച്ചത്. കര, വ്യോമ, നാവിക സേനകള്ക്ക് പ്രയോജനപ്രദമാകുന്ന വിധത്തിലാണ് തപസ് രൂപകല്പന ചെയ്തിരിക്കുന്നത്.