

കോഴിക്കോട്: എസ്എംഎ ബാധിച്ച കുരുന്നുകള്‍ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. രണ്ട് കോടി രൂപ കുടുംബത്തിന് കൈമാറും. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് സ്വരാജ് എന്‍ ബി ആണ് ഇക്കാര്യം അറിയിച്ചത്. കുരുന്നുകള്‍ കളിച്ചുവരട്ടെയെന്നും എല്ലാവരും ഒപ്പമുണ്ടാകണമെന്നും സ്വരാജ് എന്‍ബി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച സഹോദരങ്ങളായ ഏഥനും ഒലിവറിനും ഡേവിഡിനും വേദനയകറ്റാന്‍ 50 കോടിയാണ് ചികിത്സാച്ചിലവ്. കുരുന്നുകളുടെ പുഞ്ചിരി വീണ്ടെടുക്കാന്‍ നാടൊന്നാകെ ഒറ്റക്കെട്ടായി ഇറങ്ങിയപ്പോള്‍ ഇതിനോടകം 33 കോടിയോളമാണ് സമാഹരിച്ചത്. ഇനിയും വേണം 17 കോടിയോളം രൂപ. ഇതിലേക്കാണ് എംഎ യൂസഫലി രണ്ട് കോടി രൂപ കൈമാറിയത്.
റിപ്പോര്‍ട്ടര്‍ തുടക്കം മുതല്‍ ആ ഉദ്യമത്തിനായി കൂടെയുണ്ട്. ഇന്ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച മെഗാ ലൈവത്തോണിലൂടെ ബാക്കി തുക കൂടി സമാഹരിക്കാനുള്ള ശ്രമത്തിലാണ്. പ്രിയപ്പെട്ട പ്രേക്ഷകര്‍ എല്ലാവരും കൂടെ ഉണ്ടാകണം. ഈ മഹാ ഉദ്യമത്തില്‍ പങ്കാളികളാകണം. റിപ്പോര്‍ട്ടര്‍ ടി വിയുടെ ഈ ഉദ്യമത്തില്‍ പങ്കാളികളാവുന്നവര്‍ പണം അയക്കുന്ന ബാങ്ക് അക്കൗണ്ടും സ്കാനറും കുഞ്ഞുങ്ങളുടെ ചികിത്സക്ക് വേണ്ടിതന്നെ തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാല് അരുണ്‍-ഷാല്മി ദമ്പതിമാരുടെ മക്കളാണ് ഡേവിഡ് മാഗ്നസ്, ഈഥന് മോസസ്, ഒലിവര്‍ ജോനോ എന്നിവര്‍. രണ്ട് വയസ്സിനുള്ളില്‍ ജീന്‍ തെറാപ്പി തുടങ്ങിയാല്‍ ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ
അക്കൗണ്ട് നമ്പർ: 21360100162505
IFSC Code:- FDRL0002136
Content Highlights: MA Yusuff Ali has announced a donation of Rs 2 crore towards the treatment of children affected by Spinal Muscular Atrophy (SMA) in Kerala. The contribution will support the ongoing fundraising effort to meet the medical expenses of the children