'നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു'; പിണറായി വിജയൻ

തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്

'നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു'; പിണറായി വിജയൻ
മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും
dot image

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ, നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസാരവത്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഭരണഘടനാ ദിന പരിപാടിയില്‍, തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാന ഭരണത്തലവന്റെ ഫോണ്‍ പോലും ചോര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോണ്‍ ചോര്‍ത്തലും നടക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കില്‍ അതീവ ഗുരുതരമായ കുറ്റമാണത്. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോസ്ഥരെ നടപടിക്ക് വിധേയമാക്കേണ്ടതുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി നടത്താന്‍ തയ്യാറാകണം പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ, നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസ്സാരവൽക്കരിക്കുന്നത് ആശ്ചര്യകരമാണ്. തിരുവനന്തപുരത്ത് ഭരണഘടനാ ദിന പരിപാടിയിൽ, തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭരണഘടനാ ദിനത്തിൽ തന്നെ, ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികളെ സ്വാഭാവികമെന്ന നിലയിൽ അവതരിപ്പിച്ചത് വലിയ വിരോധാഭാസമാണ്.

ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ് സ്വകാര്യത. പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകൾ ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

സംസ്ഥാന ഭരണത്തലവന്റെ ഫോൺ പോലും ചോർത്തപ്പെടുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോൺ ചോർത്തലും നടക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. ജനാധിപത്യ സംവിധാനങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന സർവൈലൻസ് രാഷ്ട്രീയത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല.

ഫോൺ ചോർത്തൽ നിയമവിരുദ്ധമായ നടപടിയാണ്. സർക്കാർ സംവിധാനങ്ങൾ അത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കിൽ അതീവ ഗുരുതരമായ കുറ്റമാണത്. അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഉദ്യോസ്ഥരെ നടപടിക്ക് വിധേയമാക്കേണ്ടതുണ്ട്. ഫോൺ ചോർത്തൽ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണം

Content Highlights: Pinarayi Vijayan has accused the Chief Minister of downplaying the issue of illegal phone tapping.

dot image
To advertise here,contact us
dot image