ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊലപ്പെടുത്തുന്നത്

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ  വെറുതെ വിട്ടു
dot image

കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. നാല് മുതല്‍ 20 വെരയുള്ള പ്രതികളെ സംശയത്തിന്റ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടു. ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നീ പ്രതികള്‍ക്കെതിരെ മാത്രമേ കൊലക്കുറ്റം നിലനില്‍ക്കൂ എന്നാണ് കോടതിയുടെ നിരീക്ഷണം. 4, 5, 6 പ്രതികളെ വെറുതെ വിടുന്നത് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ല എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. മൂന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസില്‍ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം. കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശനം ഉയര്‍ത്തി. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നാണ് വിചാരണക്കോടതിയുടെ നിരീക്ഷണം. പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ല. സാക്ഷിമൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രാഥമിക സാക്ഷികള്‍ക്ക് കോടതിയില്‍ വ്യക്തതയോടെ മൊഴി പറയാനായില്ല. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാനായില്ല. ധനരാജിന്റെ മരണമൊഴി തന്നെ നിലനില്‍ക്കുന്നതല്ല എന്നും കോടതി നിരീക്ഷിച്ചു. സാക്ഷികളായ അമ്മയ്ക്കും ഭാര്യക്കും നടന്ന സംഭവം കൃത്യമായി വിശദീകരിക്കാന്‍ സാധിക്കണം എന്നില്ല. അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് നിയമ വിരുദ്ധമെന്നും വിചാരണക്കോടതി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളില്‍ വന്ന ചിത്രങ്ങള്‍ കണ്ടാണ് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞത് എന്ന വാദം തള്ളുന്നു. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ രേഖ ഹാജരാക്കന്‍ പൊലീസിന് കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. സിപിഐഎമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ വിധിയിലൂടെ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍

2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി ആര്‍എസ്എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പുറക് വശത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. പിന്നാലെ ധനരാജിന്റെ ഭാര്യയുടേയും അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകം എന്നായിരുന്നു കേസ്.

2016 ജൂലൈ 12നാണ് സി വി ധനരാജ് കൊലപാതക കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് പേരാണ് പൊലീസ് പിടിയിലാകുന്നത്. തുടരന്വേഷണത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. കേസില്‍ ആകെ 20 പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇതിനിടെ 2017 മേയ് 12ന് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടിരുന്നു. 2025 സെപ്റ്റംബര്‍ 22നാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. സാക്ഷിപ്പട്ടികയില്‍ മൂന്ന് പേര്‍ കോടതിയില്‍ എത്തിയിരുന്നില്ല. ധനരാജിനെ കൊലപ്പെടുത്താന്‍ രണ്ടിടത്ത് ഗൂഢാലോചന നടന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 127 രേഖകള്‍, വസ്ത്രങ്ങള്‍, ആയുധം, വാഹനം ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ വിധി പുറത്ത് വന്നിരിക്കുന്നത്.

Content Highlights: The court has found only the first three accused guilty in the CV Dhanaraj case, while acquitting accused 4 to 20, giving them the benefit of doubt. TP Biju, Vipin M and Vaishakh M were found guilty of the offence, while the court cited unreliable witness testimony, contradictions in statements and lack of sufficient evidence to establish conspiracy or a pre-planned political motive. The prosecution was criticised for failing to establish the motive behind the incident.

dot image
To advertise here,contact us
dot image