അരിയിൽ ഷുക്കൂർ വധക്കേസ്; 'പ്രധാന സാക്ഷികളെ CBI വിസ്തരിക്കാതെ ഒഴിവാക്കി'; പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

അധിക അവസരം നല്‍കിയിട്ടും രണ്ട് പ്രധാന സാക്ഷികളെ ഹാജരാക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു

അരിയിൽ ഷുക്കൂർ വധക്കേസ്; 'പ്രധാന സാക്ഷികളെ CBI വിസ്തരിക്കാതെ ഒഴിവാക്കി'; പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി
dot image

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവരെ വെറുതെ വിട്ട വിധിന്യായത്തില്‍ സിബിഐയുടെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. സിപിഐഎം നേതാക്കളുടെ വാഹനം ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതക കാരണമെന്ന് തെളിയിക്കാനായില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളില്ല. ഗൂഢാലോചന തെളിയിക്കാനുള്ള സാക്ഷികളെ സിബിഐക്ക് ഹാജരാക്കാനായില്ല. അധിക അവസരം നല്‍കിയിട്ടും രണ്ട് പ്രധാന സാക്ഷികളെ ഹാജരാക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് പ്രധാന സാക്ഷികളെ സിബിഐ വിസ്തരിക്കാതെ ഒഴിവാക്കിയെന്ന് കണ്ടെത്തലും വിചാരണ കോടതി നടത്തിയിട്ടുണ്ട്. സിപിഐഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് പ്രധാന സാക്ഷിയുടെ മൊഴിയില്ല. പ്രധാന പ്രതികളുടെ കോള്‍ രേഖകള്‍ സിബിഐ ശേഖരിച്ചില്ല. പ്രതികളായ ദിനേശന്റെയും സി എന്‍ മോഹനന്റെയും ഫോണുകള്‍ പിടിച്ചെടുത്തില്ലെന്നും വിധി പകര്‍പ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഫോണുകള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് ശ്രമിച്ചില്ല. ഇതിന് വിശദീകരണം നല്‍കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. കത്തി ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച മഹസര്‍ വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡില്‍ ഗുരുതര വീഴ്ച പറ്റിയെന്നും പല പ്രതികളുടെയും പേരുകള്‍ സാക്ഷികളോട് വെളിപ്പെടുത്തി എന്നുമുള്ള ഗുരുതരമായ കണ്ടെത്തലും കോടതി നടത്തിയിട്ടുണ്ട്.

കേരള മനസാക്ഷിയെ ഞെട്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതി സിപിഐഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിട്ടിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു. പി ജയരാജനും ടി വി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒമ്പതാം പ്രതി മനോഹരന്‍, 10ാം പ്രതി ദിനേശന്‍, 12ാം പ്രതി ബിജുമോന്‍, 14ാം പ്രതി ഇ പി രാധാകൃഷ്ണന്‍, 15ാം പ്രതി ഷിജിന്‍ മോഹന്‍, 16ാം പ്രതി കെ വി സജിത്ത്, 25ാം പ്രതി വി വി മോഹനന്‍, 26ാം പ്രതി പുരുഷോത്തമന്‍, 27ാം പ്രതി അജിത് കുമാര്‍, 28ാം പ്രതി പി പി സുരേശ എന്നിവരാണ് കുറ്റക്കാര്‍. ഇതില്‍ 1, 3, 7, 9, 10, 12, 15, പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷയും ബാക്കിയുള്ളവര്‍ക്ക് മൂന്ന് വര്‍ഷം മാത്രം തടവ് വിധിച്ചതിനെ തുടര്‍ന്ന് ജാമ്യം അനുവദിക്കുകയും ചെയ്തു.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവന്‍ കടവ് ചുള്ളിയോട് വയലില്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ആരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കേസ്.

Content Highlights: The trial court pointed out several shortcomings in the CBI investigation while acquitting CPM leaders P Jayarajan and TV Rajesh in the Arayil Shukkoor case. The court observed that the prosecution failed to establish that the incident was motivated by retaliation for an attack on the leaders' vehicle. It also found insufficient evidence to prove a conspiracy, noting that the CBI failed to produce key witnesses despite being given additional opportunities.

dot image
To advertise here,contact us
dot image