

കേരളത്തിൽ ആദ്യമായി എറണാകുളം-വളളത്തോൾ നഗർ സെക്ഷനിൽ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വരുന്നു. ട്രെയിനുകളുടെ സമയം ലഭിക്കാനും സുഖമായ സർവീസുകൾക്കും സഹായിക്കുന്നതാണ് ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം. 156 കോടിയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി ശേഷിയിൽ സെക്ഷനിലെ ട്രാക്കുകൾ ഉപയോഗിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സംവിധാനം പ്രകാരം ഓരോ ഒരു കിലോമീറ്റർ കൂടുമ്പോഴും സിഗ്നലുകൾ ഉണ്ടാകും. നിലവിൽ ഒരു ട്രെയിൻ ഒരു സ്റ്റേഷൻ കഴിഞ്ഞുപോയാൽ മാത്രമേ പിന്നിലുള്ള ട്രെയിനിന് സിഗ്നൽ ലഭിക്കുകയുള്ളൂ. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം പ്രകാരം ഓരോ കിലോമീറ്റർ ദൂരത്തിൽ ട്രെയിനുകൾ സർവീസ് നടത്തും. ഇതുമൂലം ട്രെയിനുകൾ പിടിച്ചിടുന്ന സമയത്തിൽ കുറവ് വരും.
നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള സെക്ഷനാണ് എറണാകുളം - വള്ളത്തോൾ നഗർ സെക്ഷൻ. കോട്ടയം, ആലപ്പുഴ വഴി വരുന്ന ട്രെയിനുകളും മലബാർ, പാലക്കാട് ഭാഗത്തുനിന്നും വരുന്ന ഭൂരിഭാഗം ട്രെയിനുകളും എറണാകുളം-വള്ളത്തോൾ നഗർ സെക്ഷൻ വഴിയാണ് കടന്നുപോകുന്നത്. അതിനാൽ ഈ സെക്ഷനിൽ ട്രാഫിക്ക് ഇപ്പോഴും കൂടുതലാണ്. ഇത് മൂലം ട്രെയിനുകൾ വൈകുന്നതും പതിവാണ്. ഓട്ടോമാറ്റിക്ക് സിഗ്നലിങ് സംവിധാനം വരുമ്പോൾ ഇതിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
കെ റെയിൽ-റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്നിവർക്കാണ് പദ്ധതിയുടെ കരാർ. പദ്ധതിയുടെ ഭാഗമായി 45 കിലോമീറ്റർ പാതയിൽ കേബിളുകൾ സ്ഥാപിച്ചുകഴിഞ്ഞുവെന്നും 68 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചുകഴിഞ്ഞുവെന്നും അധികൃതർ പറഞ്ഞു. എറണാകുളം - ചാലക്കുടി സെക്ഷനിൽ 2027 മാർച്ചിൽ പണികൾ പൂർത്തീകരിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ പുതിയ സിഗ്നലിങ് സംവിധാനം വന്നാലും മേഖലയിലെ വേഗ നിയന്ത്രണത്തിൽ മാറ്റമുണ്ടാകില്ല. നിലവിൽ 80 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഈ സെക്ഷനിലൂടെ കടന്നുപോകുന്നത്.
Content Highlights: Kerala is set to introduce an automatic signalling system for the first time in the Ernakulam–Vallathol Nagar railway section. The ₹156 crore project is expected to improve train scheduling, streamline railway operations and ensure smoother train services.