

ന്യൂഡൽഹി: വരാനിരിക്കുന്ന വിവാഹ സീസണിൽ രാജ്യത്ത് 7.5 ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) വ്യക്തമാക്കി. നവംബർ 21 മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ രാജ്യത്താകെ ഏകദേശം 52 ലക്ഷം വിവാഹങ്ങളാണ് നടക്കാനിരിക്കുന്നത്. ഇതിലൂടെ ആഭ്യന്തര ഉപഭോഗത്തിൽ വലിയ വർധനവുണ്ടാകുമെന്നും ഏകദേശം 1.25 കോടി താൽക്കാലിക, സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സംഘടനയുടെ ഗവേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 25 സംസ്ഥാനങ്ങളിലെ 300-ലധികം വ്യാപാര പ്രമുഖരുമായും 550 വ്യാപാര സംഘടനകളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ആകെ പ്രതീക്ഷിക്കുന്ന ബിസിനസിന്റെ 54 ശതമാനമായ 4.05 ലക്ഷം കോടി രൂപ ചരക്കുകളുടെയും റീട്ടെയിൽ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലൂടെയാണ് ലഭിക്കുക. ബാക്കി 46 ശതമാനമായ 3.45 ലക്ഷം കോടി രൂപ സേവന മേഖലയിൽ നിന്നും ലഭിക്കുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. ഉൽപ്പന്ന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് പ്രതീക്ഷിക്കുന്നത് സ്വർണാഭരണങ്ങളിലും വിലപിടിപ്പുള്ള ലോഹങ്ങളിലുമാണ്; ഏകദേശം 1.2 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. തൊട്ടുപിന്നാലെ വസ്ത്രങ്ങൾ, സാരികൾ എന്നിവയുടെ വിപണിയിൽ 90,000 കോടി രൂപയുടെ വിൽപ്പനയും നടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സേവന മേഖലയിൽ കാറ്ററിംഗ്, ഭക്ഷണ വിതരണ രംഗങ്ങളിൽ 75,000 കോടി രൂപയുടെയും, വിവാഹ വേദികൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ എന്നിവയിലൂടെ 60,000 കോടി രൂപയുടെയും വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി-എൻസിആർ മേഖലയിൽ മാത്രം ഏകദേശം അഞ്ച് ലക്ഷം വിവാഹങ്ങൾ നടക്കുമെന്നും ഇതിലൂടെ 2.5 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടാകുമെന്നും സിഎഐടി വ്യക്തമാക്കി. ഇവന്റ് മാനേജ്മെന്റ്, ഗതാഗതം, ഫോട്ടോഗ്രാഫി, ഡെക്കറേഷൻ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ സീസൺ വലിയ കൈത്താങ്ങാകും.
വിവാഹ സീസൺ കേവലം സാമൂഹിക-സാംസ്കാരിക ആഘോഷങ്ങൾ മാത്രമല്ലെന്നും, ലക്ഷക്കണക്കിന് വ്യാപാരികളെയും ചെറുകിട സംരംഭകരെയും കരകൗശല വിദഗ്ധരെയും ഒന്നിപ്പിക്കുന്ന ശക്തമായ സാമ്പത്തിക പ്രതിഭാസമാണെന്നും സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ഡിജിറ്റൽ ക്ഷണക്കത്തുകൾ, ഓൺലൈൻ പേയ്മെന്റുകൾ, എഐ അധിഷ്ഠിത വെഡ്ഡിംഗ് പ്ലാനിംഗ് എന്നിവയുടെ വർധിച്ചുവരുന്ന ഉപയോഗം വിപണിയിൽ പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുടുംബങ്ങൾ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകിയാൽ പ്രാദേശിക നിർമ്മാതാക്കൾക്കും കരകൗശല തൊഴിലാളികൾക്കും ഇത് വലിയ നേട്ടമാകുമെന്നും സംഘടന കൂട്ടിച്ചേർത്തു.
Content Highlights: India is expected to witness approximately 52 lakh weddings between November 21 and December 15, generating an estimated business of ₹7.5 lakh crore.