'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

വംശഹത്യക്കെതിരെ ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര കോടതി ഒരു രാജ്യത്തെ പ്രതിക്കൂട്ടിലാക്കി വിധി പുറപ്പെടുവിക്കുന്നത്

'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി
dot image

ജനീവ: 2017ൽ റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി യുഎന്നിൻ്റെ ഉന്നത കോടതി. വംശഹത്യക്കെതിരെ ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര കോടതി ഒരു രാജ്യത്തെ പ്രതിക്കൂട്ടിലാക്കി വിധി പുറപ്പെടുവിക്കുന്നത്. ആറിനെതിരെ ഒൻപത് വോട്ടുകൾക്കാണ് കോടതി മ്യാൻമറിനെതിരെ വിധി പുറപ്പെടുവിച്ചത്.

'വംശഹത്യ തടയുന്നതിനുള്ള രാജ്യാന്തര ഉടമ്പടികൾ ലംഘിച്ചുകൊണ്ട്, വടക്കൻ റാഖൈൻ പ്രവിശ്യയിലെ റോഹിങ്ക്യൻ ജനതയ്‌ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി കണ്ടെത്തിയിരിക്കുന്നു.' വിധിന്യായം വായിച്ചുകൊണ്ട് രാജ്യാന്തര നീതിന്യായ കോടതി പ്രസിഡൻ്റ് ജഡ്ജി യുജി ഇവാസാവ പറഞ്ഞു. 'മ്യാൻമറിലെ സുരക്ഷാ സേന ആയിരക്കണക്കിന് റോഹിങ്ക്യൻ പൗന്മാരെ കൊലപ്പെടുത്തി, വ്യാപകമായി ലൈംഗിക അതിക്രമങ്ങളും കുട്ടികൾക്കെതിരെ ആക്രമണങ്ങളും നടത്തി. ബംഗ്ലാദേശിലേക്ക് വൻതോതിൽ പലായനം ചെയ്യാൻ ശ്രമിച്ച റോഹിങ്ക്യകളെ ആക്രമിച്ചു.' കോടതി കൂട്ടിച്ചേർത്തു.

മ്യാൻമറിലെ റോഹിങ്ക്യൻ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗത്തെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മ്യാൻമറിൻ്റെ സുരക്ഷാ സേന വംശഹത്യ കൺവെൻഷൻ പ്രകാരം നിരോധിച്ചിരിക്കുന്ന പ്രവൃത്തികൾ ചെയ്തതെന്ന് ജഡ്ജിമാർ കണ്ടെത്തി. അക്രമത്തിൻ്റെ വ്യാപ്തിയും രീതികളും സൈനിക ആവശ്യകതയ്ക്ക് അപ്പുറത്തേക്ക് പോയി എന്നും കോടതി ചൂണ്ടിക്കാട്ടി. വംശഹത്യ നടത്തിയവരെ ശിക്ഷിക്കാനുള്ള ബാധ്യത നിറവേറ്റുന്നതിൽ മ്യാൻമർ പരാജയപ്പെട്ടുവെന്നും കണ്ടെത്തി.

മ്യാൻമാറിൽ നിന്ന് പാലായനം ചെയ്യുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾ

സംഭവത്തിൽ കുറ്റാരോപിതർക്കെതിരെ അന്വേഷണം നടത്താൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി മ്യാൻമറിനോട് ഉത്തരവിട്ടു. കൂടാതെ പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർത്ഥികളെ സുരക്ഷിതമായും സ്വമേധയാ അന്തസ്സോടെയും നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചു. വിധി പ്രകാരം, നഷ്ടപ്പെട്ടതോ തകർന്നതോ ആയ റോഹിങ്ക്യൻ സ്വത്തുക്കൾ മ്യാൻമർ പുനഃസ്ഥാപിക്കുകയും പരിക്കേറ്റവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകണമെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാര നടപടികൾ റിപ്പോർട്ട് ചെയ്യാൻ കോടതി മ്യാൻമറിന് രണ്ട് വർഷത്തെ സമയം നൽകി.

അതേസമയം വിധി നടപ്പിലാക്കാൻ അന്താരാഷ്ട്ര കോടതിക്ക് നേരിട്ട് മാർഗങ്ങളൊന്നുമില്ല. വംശഹത്യ നടന്ന സമയത്ത് മ്യാൻമർ സൈന്യത്തെ നയിച്ചിരുന്ന മിൻ ഓങ് ഹ്ലെയിംഗാണ് നിലവിൽ മ്യാൻമർ പ്രസിഡൻ്റ്. ഓങ് സാൻ സ്യൂചിയെ അട്ടിമറിച്ച് 2021-ലാണ് അദ്ദേഹം അധികാരത്തിലേറിയത്. നിലവിലെ സാഹചര്യത്തിൽ മ്യാൻമാറിലെ ഭരണാധികാരികൾ കോടതി ഉത്തരവുകൾ പാലിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.

Content Highlights: The International Court of Justice rules that Myanmar committed genocide against Rohingya Muslims in 2017, ordering investigations, accountability and measures for the safe return of refugees.

dot image
To advertise here,contact us
dot image