

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനും അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയുന്നതിനുമായി സോളാറിൽ പ്രവർത്തിക്കുന്ന എഐ റഡാറുകൾ (solar-powered AI radars) അവതരിപ്പിക്കാൻ ദുബായ് ഒരുങ്ങുന്നു. വൈദ്യുതി കണക്ഷൻ ആവശ്യമില്ലാത്ത സൗരോർജ റഡാറുകളാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
ദുബായ് വേൾഡ് പൊലീസ് ഉച്ചകോടി 2026ൽ കെ ടി സി ഇന്റർനാഷനലാണ് നൂതന റഡാർ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, അനധികൃതമായി ലെയ്ൻ മാറൽ തുടങ്ങിയ നിയമലംഘനങ്ങൾ കൃത്യതയോടെ കണ്ടെത്താൻ ഇവയ്ക്ക് കഴിയും. റോഡുകളിലെ ഡ്രൈവർമാരുടെ പെരുമാറ്റവും സംവിധാനങ്ങൾ നിരീക്ഷിക്കും. അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കാനും ഗതാഗത അച്ചടക്കം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
വാഹനങ്ങളിൽനിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ അളവ് തിരിച്ചറിയുന്ന ഇന്റലിജന്റ് നോയിസ് ഡിറ്റക്ഷൻ റഡാറുകളാണ് മറ്റൊരു പ്രത്യേകത. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനൊപ്പം നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങളും ഓഡിയോ റെക്കോർഡുകളും ശേഖരിക്കും. ഇതുവഴി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരായ നടപടികൾക്ക് തെളിവുകൾ ലഭ്യമാകും. ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും താമസമേഖലകളിൽ ശാന്തമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷാ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് പ്രതീക്ഷ.
90ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും 220ലേറെ ആഗോള നേതാക്കളും പങ്കെടുത്ത ലോക പൊലീസ് ഉച്ചകോടി ബുധനാഴ്ച (നവംബർ 18) സമാപിച്ചു. മന്ത്രിമാർ, പൊലീസ് മേധാവികൾ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ഉച്ചകോടിയിൽ ഭാവിയിലെ പൊലീസ് പ്രവർത്തനങ്ങൾ, ഉയർന്നുവരുന്ന സുരക്ഷാ ഭീഷണികൾ, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ദുബായ് പൊലീസ് ആതിഥേയത്വം വഹിച്ച ഉച്ചകോടി ഡിഎക്സ്ബി ലൈവാണ് (DXB LIVE) സംഘടിപ്പിച്ചത്.
Content Highlights: Dubai is introducing solar-powered AI radars on its roads to monitor traffic violations and strengthen road safety.