അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

സിപിഐഎം നേതാക്കളായ പി ജയരാജന്‍ ടി വി രാജേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് അടക്കമുള്ള പതിനെട്ട് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
dot image

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി സുമേഷ് കെ വി, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി എം വി ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജുമോന്‍, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ബാക്കി ആറ് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. ഇവര്‍ക്ക് ജാമ്യം ലഭിക്കും. സിപിഐഎം നേതാക്കളായ പി ജയരാജന്‍ ടി വി രാജേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് അടക്കമുള്ള പതിനെട്ട് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 33പേരായിരുന്നു പ്രതികളായി ഉണ്ടായികുന്നത്. ഇതില്‍ പതിമൂന്ന് പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അതില്‍ തന്നെ ഏഴ് പേര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. അഞ്ച് പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടക്കല്‍, തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. ഒരാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും തെളിഞ്ഞു. ഗൂഢാലോചന തുറ്റം തെളിയിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവന്‍ കടവ് ചുള്ളിയോട് വയലില്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ആരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. 2012 ഫെബ്രുവരി 19ന് വൈകിട്ട് അരിയില്‍ പ്രദേശത്ത് മുസ്ലിം ലീഗും സിപിഐഎമ്മും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 20ന് രാവിലെ 11.30ന് ശേഷം പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു പി ജയരാജനും കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷും. ഇവരുടെ വാഹനം അരിയില്‍ മുസ് ലിം ലീഗ് ഓഫീസിന് സമീപം ഒരു സംഘം തടഞ്ഞു.

P jayarajan and T V Rajesh
പി ജയരാജനും ടി വി രാജേഷും

ഇതിനിടെ, കോതായി എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയില്‍ കാണിക്കാനായി ഷുക്കൂറും സുഹൃത്തുക്കളും വീട്ടിനു മുന്നിലെ പുഴയിലൂടെ തോണിയില്‍ ചെറുകുന്ന് മിഷന്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കീഴറ വള്ളുവന്‍ കടവില്‍വെച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ഇവരെ പിന്തുടര്‍ന്നുവെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ അഭയം തേടിയപ്പോള്‍ തടഞ്ഞുവെച്ചുവെന്നുമാണ് കേസ് അന്വേഷണത്തില്‍ ഉയര്‍ന്ന ആരോപണം. ഈ സമയത്ത് പി ജയരാജനും ടി വി രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കീഴറയില്‍നിന്നുള്ള സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിയിലെ നേതാക്കളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയശേഷമാണ് ഷുക്കൂറിനെ വയലില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കുറ്റപത്രം. ഷുക്കൂറിനൊപ്പം അവസാനംവരെ ഉണ്ടായിരുന്ന സക്കരിയയ്ക്ക് മാരകമായി വെട്ടേറ്റെങ്കിലും രക്ഷപ്പെട്ടു. കണ്ണപുരം പൊലീസ് രക്ഷപ്പെടുത്തി ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പി വി അയ്യൂബ്, ഹാരിസ് എം കെ, പി അബ്ദുല്‍ സലാം എന്നിവരും ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.സക്കരിയ നല്‍കിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളപട്ടണം സിഐയു പ്രേമനായിരുന്നു അന്വേഷണ ചുമതല.

പിന്നീട് 2016 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഷുക്കൂറിന്റെ മാതാവ് പി ആത്തിക്ക നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐക്ക് കൈമാറിയത്. മൂന്ന് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരി 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്.

Content Highlights- Seven accused in the Aril Shukkoor murder case have been sentenced to life imprisonment. The court delivered its verdict in the case, marking a significant development in the long-running murder trial.

dot image
To advertise here,contact us
dot image