

കോഴിക്കോട്: കോളേജ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷ സമാന സാഹചര്യം ഉണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യത്യസ്ത അച്ചടക്ക നടപടിയുമായി നാദാപുരം ഗവണ്മെന്റ് കോളേജ്. താലൂക്ക് ആശുപത്രിയില്‍ 20 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹ്യ സേവനം ചെയ്യണമെന്നാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി. നവംബര്‍ നാലിനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നത്. സാമൂഹ്യ സേവനം നടത്തിയത് തെളിയിക്കുന്ന സാക്ഷ്യപത്രവും നവംബര്‍ 16ന് മുമ്പ് കോളേജില്‍ ഹാജരാക്കണം. കൂടാതെ കോളേജിലെ ജീവനി കൗണ്‍സിലര്‍ക്ക് മുമ്പാകെ കൗണ്‍സിലിങിന് വിധേയമാകണമെന്നും ഉത്തരവിലുണ്ട്.
ഈ നടപടികള്‍ നവംബര്‍ 16ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും രക്ഷിതാവിനൊപ്പം പ്രന്‍സിപ്പല്‍ മുമ്പാകെ മാപ്പപേക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഈ അച്ചടക്ക നടപടി വിശദീകരിച്ചുകൊണ്ട് പ്രിന്‍സിപ്പാള്‍ ലിയാഖത്ത് അലി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്താല്‍ അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുതലെടുപ്പിനുള്ള അവസരമാകുമെന്നാണ് പ്രിന്‍സിപ്പലിന്റെ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് കൊടുത്താലും അധ്യാപകര്‍ ഭാവി നശിപ്പിക്കുന്നു എന്ന വാദം ഉണ്ടാകുമെന്നും അതും മുതലെടുപ്പിന് വഴി വെക്കുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഫൈന്‍ ആണ് അച്ചടക്ക നടപടി ആയി സ്വീകരിക്കുന്നതെങ്കില്‍ പണം ഉള്ളവന് എന്തും ആകാം എന്ന സന്ദേശമാകും നല്‍കുന്നത്. വിദ്യാര്‍ഥികളെ നിയമലംഘനത്തില്‍ നിന്നും അക്രമത്തില്‍ നിന്നും തടയാന്‍ ഇത്തരം നടപടികള്‍ കാര്യമായി സഹായിക്കുന്നില്ല. അതിനാലാണ് ഇത്തരത്തില്‍ ഒരു ആശയത്തിലേക്ക് എത്താന്‍ കാരണമെന്നാണ് പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ചില എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും അച്ചടക്ക നടപടിയെ നല്ലനിലയില്‍ തന്നെയാണ് വിദ്യാര്‍ത്ഥികളും നോക്കിക്കാണുന്നത്. വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ സസ്പെന്ഷന് കൊണ്ട് സാധിക്കില്ലെന്നും ഇത്തരത്തിലൊരു നടപടി തിരുത്താന്‍ സഹായിക്കുമെന്നും സസ്പെന്‍ഷനിലായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദ്വൈദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍ മാപ്പപേക്ഷ നല്‍കുന്നതിനോട് എസ്എഫ്ഐ അനുകൂലമായ നിലാപട് സ്വീകരിച്ചിട്ടില്ല. സസ്പെന്ഷന് നല്കിലാല് കുറച്ച് ദിവസം വീട്ടില്‍ ഇരിക്കാമെന്നതിനപ്പുറം ഒരു പാഠവും ഉണ്ടാകുന്നില്ല. അതില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തില്‍ നിന്ന് കുറച്ച് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നത് നല്ലതാരിക്കുമെന്നും അദ്വൈദ് പറഞ്ഞു. നിലവില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പാലിയേറ്റീവ് കെയറില്‍ അദ്വൈദ് സേവനം അനുഷ്ടിക്കുകയാണ്. അച്ചടക്ക നടപടിയെ പോസിറ്റീവ് ആയാണ് കാണുന്നതെന്നും കൗണ്‍സിലിങ് അടക്കം എല്ലാനടപടിക്കും വിധേയമാകുമെന്നും എംഎസ്എഫ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷിബിലും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടാതെ മുഹമ്മദ് ഷിബിലും അദ്വൈദും ഒരുമിച്ചാണ് പാലിയേറ്റീവ് കെയറില്‍ സേവനത്തിനായി പോയി വരുന്നതെന്നും ഇരുവരും വ്യക്തമാക്കി.
ഇക്കഴിഞ്ഞ കോളേജ് തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് നാദാപുരം സര്‍ക്കാര്‍ കോളേജില്‍ സംഘര്‍ഷമുണ്ടാകുന്നത്. എസ്എഫ്ഐയുടെയും എംസ്എഫിന്റെയും കൊടി തോരണങ്ങള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ നശിപ്പിച്ചു എന്ന് ഇരു വിഭാഗവും ആരോപണം ഉയര്‍ത്തിയാതാണ് സംഘര്‍ഷത്തിന് കാരണമായത്. പിന്നാലെ പൊലീസ് ജീപ്പില്‍ നിന്ന് എംഎസ്എഫ് വിദ്യാര്‍ത്ഥിയെ ലീഗ് നേതാക്കളെത്തി മോചിപ്പിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കടക്കം വഴിവെച്ചിരുന്നു. ഈ സംഭവത്തെ തുര്‍ന്നാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഒരു എസ്എഫ്ഐ വിദ്യാര്‍ത്ഥിക്കും അഞ്ച് എംഎസ്എഫ് വിദ്യാര്ത്ഥികള്ക്കുമെതിരയായിരുന്നു നടപടി.
Content Highlights: Nadapuram Government College has imposed a community service requirement on five students following a tense situation during the college election. They have been directed to complete 20 hours of compulsory social service at a taluk hospital. The order, issued on November 4, also requires them to submit certificates confirming completion of the service by November 16. The students must additionally attend counselling sessions before the college's Jeevani counsellor.