

ഗ്യാസ് സ്റ്റൗവില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പാത്രം ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ വെച്ചപ്പോള്‍ ചൂടാകുന്നില്ല. പകരം ബീപ് ശബ്ദം കേള്‍ക്കുന്നു, ഡിസ്‌പ്ലേയില്‍ എറര്‍ കാണിക്കുന്നു. പല വീടുകളിലും ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നമാണിത്. എന്നാല്‍ ഇതിന് കാരണം പാത്രത്തിന്റെ ഗുണനിലവാരമല്ല. ഇന്‍ഡക്ഷന്‍ സ്റ്റൗ പ്രവര്‍ത്തിക്കുന്ന രീതിയും പാത്രത്തിന്റെ ലോഹ ഘടനയുമാണ് ഇതിന് പിന്നില്‍.
സാധാരണ ഗ്യാസ് സ്റ്റൗവില്‍ തീ കത്തിയാണ് പാത്രം ചൂടാകുന്നത്. എന്നാല്‍ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പ്രവര്‍ത്തനം വ്യത്യസ്തമാണ്. വൈദ്യുതകാന്തിക ഇന്‍ഡക്ഷന്‍ (Electromagnetic Induction) എന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ ഗ്ലാസ് പ്രതലത്തിന് താഴെ ചെമ്പുകൊണ്ടുള്ള ഒരു കോയില്‍ ഘടിപ്പിച്ചിരിക്കുന്നു. സ്റ്റൗ ഓണ്‍ ചെയ്യുമ്പോള്‍ ഇതിലൂടെ ഉയര്‍ന്ന അളവിലുള്ള വൈദ്യുതപ്രവാഹം കടന്നുപോകുന്നു. അങ്ങനെ അവിടെ ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നു. ഈ കാന്തികമണ്ഡലവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാത്രം സ്റ്റൗവില്‍ വെക്കുമ്പോള്‍ പാത്രത്തിന്റെ അടിഭാഗത്ത് വൈദ്യുതപ്രവാഹം രൂപപ്പെടുന്നു. പാത്രത്തിലെ വൈദ്യുതപ്രതിരോധം മൂലം ചൂട് ഉണ്ടാവുകയും ഭക്ഷണം പാകമാകുകയും ചെയ്യുന്നു.അതായത് ഗ്യാസ് സ്റ്റൗവില്‍ തീയില്‍നിന്ന് പാത്രത്തിലേക്ക് ചൂട് കൈമാറുമ്പോള്‍ ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ പാത്രത്തിനുള്ളില്‍ത്തന്നെയാണ് ചൂട് പ്രധാനമായും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇതുകൊണ്ടാണ് ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ പാചകം വേഗത്തിലാക്കാനും എനര്‍ജി കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും കഴിയുന്നത്.

ഇന്ഡക്ഷന് സ്റ്റൗവില്‍ ഉപയോഗിക്കുന്ന പാത്രത്തിന്റെ അടിഭാഗത്തിന് കാന്തികഗുണം ഉണ്ടായിരിക്കണം. ഇരുമ്പ്, കാന്തികഗുണമുള്ള ചില സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഇനങ്ങള്‍ എന്നിവ ഇതിന് അനുയോജ്യമാണ്. എന്നാല്‍ സാധാരണ അലുമിനിയം, ചെമ്പ്, ഗ്ലാസ്, സെറാമിക്, മണ്‍പാത്രങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ കാന്തികഗുണമില്ല. അതിനാല്‍ ഇവ നേരിട്ട് ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ വെച്ചാല്‍ സാധാരണയായി ചൂടാകില്ല. ഇത്തരം പാത്രങ്ങള്‍ ഗ്യാസ് സ്റ്റൗവില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്‍ഡക്ഷനില്‍ ഉപയോഗിക്കാന്‍ കഴിയണമെന്നില്ല. അനുയോജ്യമല്ലാത്ത പാത്രം വെച്ചാല്‍ സ്റ്റൗ പാത്രം തിരിച്ചറിയാതെ എറര്‍ കാണിക്കുകയോ പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുകയോ ചെയ്യാം.

കാന്തം ഉപയോഗിച്ചുള്ള പരിശോധന
അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് കാന്തം ഉപയോഗിച്ചുള്ള പരിശോധന.ഒരു ചെറിയ കാന്തം പാത്രത്തിന്റെ അടിഭാഗത്ത് ചേര്‍ത്തുനോക്കുക. കാന്തം ശക്തമായി ഒട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ ആ പാത്രം ഇന്‍ഡക്ഷനില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
ഇന്‍ഡക്ഷന്‍ അടയാളം പരിശോധിക്കുക
പാത്രത്തിന്റെ അടിഭാഗത്ത് ഇന്‍ഡക്ഷനില്‍ പ്രവര്‍ത്തിക്കാനുള്ളത് എന്ന് സൂചിപ്പിക്കുന്ന അടയാളമുണ്ടോ എന്ന് നോക്കുക.
അടിഭാഗം ശ്രദ്ധിക്കുക
പാത്രത്തിന്റെ അടിഭാഗം നിരപ്പുള്ളതായിരിക്കണം. വളഞ്ഞതോ അസമമായതോ ആയ അടിഭാഗം ചൂട് ലഭിക്കുന്നതിനെ ബാധിക്കാം.
സ്റ്റീല്‍ പാത്രങ്ങള്‍ പരിശോധിക്കുക
എല്ലാ സ്റ്റീല്‍ പാത്രങ്ങളും ഇന്‍ഡക്ഷനില്‍ പ്രവര്‍ത്തിക്കില്ല. സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ ഇനവും അടിഭാഗത്തിന്റെ ഘടനയും അനുസരിച്ച് പ്രവര്‍ത്തനക്ഷമത മാറും.
ഇരുമ്പ് പാത്രങ്ങള്‍, കാസ്റ്റ് അയണ്‍ പാത്രങ്ങള്‍, കാന്തികഗുണമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍, ഇന്‍ഡക്ഷന്‍ ബേസുള്ള പ്രഷര്‍ കുക്കറുകള്‍ എന്നിവ സാധാരണയായി ഉപയോഗിക്കാം.നോണ്‍സ്റ്റിക് പാത്രങ്ങള്‍ വാങ്ങുമ്പോള്‍ അവ ഇന്‍ഡക്ഷനില്‍ ഉപയോഗിക്കാവുന്നതാണെന്ന് ഉറപ്പാക്കണം. സാധാരണ അലുമിനിയം പ്രഷര്‍ കുക്കറുകള്‍ക്ക് പകരം ഇന്‍ഡക്ഷന്‍ ബേസ് ഉള്ള മോഡലുകള്‍ തിരഞ്ഞെടുക്കാം. പാത്രത്തിന്റെ അടിഭാഗം സ്റ്റൗവിലെ പാചക ഭാഗവുമായി ചേര്‍ന്നുപോകുന്ന വലുപ്പത്തിലായിരിക്കണം. വളരെ ചെറിയ പാത്രം വെച്ചാല്‍ ചില ഇന്‍ഡക്ഷന്‍ സ്റ്റൗ അത് തിരിച്ചറിയണമെന്നില്ല.

Content Highlights :Why can't all types of vessels be used on an induction stove? How does an induction stove work