പ്രമേഹവും ഫാറ്റി ലിവറും; പ്രമേഹത്തിന് കാരണം കരളിലെ കൊഴുപ്പാകാം

പ്രമേഹവും ഫാറ്റി ലിവറും രണ്ടു വ്യത്യസ്ത ജീവിതശൈലീ രോഗങ്ങളാണെങ്കിലും അവ പരസ്പരം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുകയും ഒന്ന് മറ്റൊന്നിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നതുമായ രോഗവുമാണ്. കരളിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് എങ്ങനെയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നതെന്നും ഇവയെ ഒരുമിച്ച് എങ്ങനെ പ്രതിരോധിക്കാമെന്നും അറിയാം

പ്രമേഹവും ഫാറ്റി ലിവറും; പ്രമേഹത്തിന് കാരണം കരളിലെ കൊഴുപ്പാകാം
dot image

കേരളത്തില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന രണ്ടു പ്രധാന ജീവിതശൈലീ രോഗങ്ങളാണ് ടൈപ്പ്-2 പ്രമേഹവും ഫാറ്റി ലിവറും. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ 'ഗ്രേഡ്-1 ഫാറ്റി ലിവര്‍' എന്ന് കാണുമ്പോള്‍ അതൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും ഉള്ളതല്ലേ എന്ന് കരുതി പലരും അത് നിസ്സാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ കരളില്‍ അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പിനെ അത്ര ലാഘവത്തോടെ കാണരുതെന്നും ഇത് ഗുരുതരമായ പ്രമേഹത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാകാമെന്നുമാണ് ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന മുന്നറിയിപ്പ്.

fat and diabetes

രണ്ടു വ്യത്യസ്ത രോഗാവസ്ഥകളാണെങ്കിലും പ്രമേഹവും ഫാറ്റി ലിവറും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. അതുപോലെ പ്രമേഹരോഗികളില്‍ 60 മുതല്‍ 70 ശതമാനം പേര്‍ക്കും ഫാറ്റി ലിവര്‍ കണ്ടുവരുന്നു. ഈ രണ്ടു രോഗങ്ങളും ഒരുമിച്ച് വരുമ്പോള്‍ ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും പലമടങ്ങ് വര്‍ദ്ധിക്കുന്നു. അതിനാല്‍ ഈ പരസ്പര ബന്ധം തുടക്കത്തിലേ തിരിച്ചറിഞ്ഞ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

എന്താണ് എം.എ.എസ്.എല്‍.ഡി?

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന തകരാറുകള്‍ (മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍) മൂലം കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് എം.എ.എസ്.എല്‍.ഡി (മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍ അസോസിയേറ്റഡ് സ്റ്റിയറ്റോട്ടിക് ഫാറ്റി ലിവര്‍). മദ്യപാനം മൂലമല്ലാതെ കരളിലുണ്ടാകുന്ന കൊഴുപ്പിനെയാണ് ഇത് പ്രധാനമായും സൂചിപ്പിക്കുന്നത്. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും അതോടൊപ്പം ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ കൊളസ്ട്രോള്‍ വ്യതിയാനം എന്നിവയ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അതായത് കരളിനെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല ഇത് മറിച്ച് ശരീരത്തിന്റെ ആകെയുള്ള ഉപാപചയ ആരോഗ്യം അപകടത്തിലാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.

fat and diabetes

Also Read:

കരളിലെ കൊഴുപ്പും പ്രമേഹവും തമ്മിലുള്ള അപകടകരമായ ബന്ധം

പ്രമേഹത്തെയും ഫാറ്റി ലിവറിനെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി ഇന്‍സുലിന്‍ പ്രതിരോധമാണ് (ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്). രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ കരളിന് നിര്‍ണ്ണായക പങ്കുണ്ട്. നാം ഭക്ഷണം കഴിക്കുമ്പോള്‍ പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണ്‍ അധികമായി പഞ്ചസാര ഉത്പാദിപ്പിക്കുന്നത് നിര്‍ത്താന്‍ കരളിനോട് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ കരള്‍ കോശങ്ങള്‍ക്ക് ഇന്‍സുലിനോടുള്ള പ്രതികരണശേഷി നഷ്ടപ്പെടുന്നു. തല്‍ഫലമായി രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കില്‍ കരള്‍ വീണ്ടും ഗ്ലൂക്കോസ് ഉത്പാദിപ്പിച്ച് രക്തത്തിലേക്ക് പുറന്തള്ളുന്നു. ഇത് ആദ്യം പ്രീ-ഡയബറ്റിസിലേക്കും പിന്നീട് പൂര്‍ണ്ണമായ ടൈപ്പ്-2 പ്രമേഹത്തിലേക്കും നയിക്കുന്നു.

മറുവശത്ത് അനിയന്ത്രിതമായ പ്രമേഹം കരളിന്റെ നാശം വേഗത്തിലാക്കുന്നു. പ്രമേഹരോഗികളിലെ ഉയര്‍ന്ന പഞ്ചസാരയും വിട്ടുമാറാത്ത നീര്‍ക്കെട്ടും കരളിലെ കൊഴുപ്പിനെ കോശനാശം സംഭവിക്കുന്ന 'മാഷ്' (എം.എ.എസ്.എച്) എന്ന അപകടകരമായ ഘട്ടത്തിലേക്ക് നയിക്കും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് കരള്‍ കോശങ്ങള്‍ കാഠിന്യമേറുന്ന ഫൈബ്രോസിസ്, കരള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകുന്ന സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയിലേക്ക് വരെ എത്താം. കൂടാതെ ഫാറ്റി ലിവര്‍ ഉള്ള പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ കൂടുതല്‍ മരുന്നുകളോ ഇന്‍സുലിനോ വേണ്ടിവരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.

Also Read:

fat and diabetes

ലക്ഷണങ്ങളില്ലാത്ത നിശ്ശബ്ദ വില്ലന്‍

പ്രാരംഭഘട്ട പ്രമേഹത്തിനും ഫാറ്റി ലിവറിനും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. എങ്കിലും കാരണങ്ങളില്ലാത്ത അമിത ക്ഷീണം, വയറിന്റെ വലതുഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന നേരിയ വേദനയോ ഭാരമോ, കഴുത്തിന് പിന്‍ഭാഗത്തും കക്ഷങ്ങളിലും ചര്‍മ്മം കറുത്ത് തടിക്കുന്നത് (ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ പ്രധാന ലക്ഷണം) എന്നിവ അവഗണിക്കരുത്. അമിതവണ്ണമുള്ളവരില്‍ മാത്രമല്ല, കാഴ്ചയില്‍ മെലിഞ്ഞിരിക്കുന്നവരിലും 'ലീന്‍ ഫാറ്റി ലിവര്‍' ഉണ്ടാകാം. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണരീതിയും വ്യായാമക്കുറവുമാണ് ഇതിന് പ്രധാന കാരണം.

Also Read:

പ്രമേഹരോഗികള്‍ അറിയേണ്ട പരിശോധനകള്‍

പ്രമേഹമുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ കരളിന്റെ ആരോഗ്യവും, ഫാറ്റി ലിവര്‍ ഉള്ളവര്‍ പ്രമേഹസാധ്യതയും നിര്‍ബന്ധമായും പരിശോധിക്കണം. കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ഇന്‍സുലിന്റെ അളവറിയാനുള്ള എച്.ബി.എ-1സി (HbA1c), ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍ പരിശോധന, കരളിന്റെ പ്രവര്‍ത്തനമറിയാനുള്ള എല്‍.എഫ്.ടി എന്നിവ പ്രധാനമാണ്. എന്നാല്‍ എല്‍.എഫ്.ടി റിപ്പോര്‍ട്ട് നോര്‍മല്‍ ആണെങ്കില്‍ പോലും കരളില്‍ കൊഴുപ്പോ കാഠിന്യമോ ഉണ്ടാകാമെന്നതിനാല്‍ അള്‍ട്രാസൗണ്ട് സ്‌കാനും, കരളിന്റെ കാഠിന്യം അളക്കുന്ന ഫൈബ്രോസ്‌കാന്‍ പരിശോധനയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തുക.

fat and diabetes

ജീവിതശൈലി മാറ്റങ്ങളിലൂടെ പ്രതിരോധിക്കാം

പ്രമേഹത്തെയും ഫാറ്റി ലിവറിനെയും പ്രാരംഭഘട്ടത്തില്‍ തന്നെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ ജീവിതശൈലി മാറ്റങ്ങളാണ് ഏറ്റവും ഫലപ്രദം

ഭാരം കുറയ്ക്കുക

നിലവിലുള്ള ശരീരഭാരത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ കുറയ്ക്കുന്നത് കരളിലെ കൊഴുപ്പും നീര്‍ക്കെട്ടും കുറയ്ക്കാനും പ്രമേഹം നിയന്ത്രണത്തിലാക്കാനും സഹായിക്കും.

ഭക്ഷണക്രമം

മൈദ, പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍, മധുരപാനീയങ്ങള്‍, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ എന്നിവ കര്‍ശനമായി നിയന്ത്രിക്കുക. പച്ചക്കറികള്‍, ഇലക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം, മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ചിട്ടയായ വ്യായാമം

വ്യായാമങ്ങള്‍ കൃത്യമായി ചെയ്യുക. ഒപ്പം പേശികള്‍ക്ക് ബലം നല്‍കുന്ന വ്യായാമങ്ങള്‍ ശീലിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഏറെ സഹായിക്കും.

കൃത്യമായ ചികിത്സ

പ്രമേഹനിയന്ത്രണത്തിനുള്ള ചില ആധുനിക മരുന്നുകള്‍ കരളിനെ സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായി മരുന്നുകള്‍ കഴിക്കുക മദ്യപാനവും അശാസ്ത്രീയ ഒറ്റമൂലികളും സ്വയംചികിത്സയും പൂര്‍ണ്ണമായി ഒഴിവാക്കുക.

പ്രമേഹനിയന്ത്രണം എന്നത് കേവലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതു മാത്രമല്ല കരള്‍, ഹൃദയം, വൃക്കകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളെ സംരക്ഷിക്കുക എന്നതു കൂടിയാണ്. കൃത്യമായ പരിശോധനകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും പ്രമേഹത്തെയും ഫാറ്റി ലിവറിനെയും ഒരുപോലെ കീഴടക്കി ആരോഗ്യകരമായ ജീവിതം നയിക്കാനാകും.

Content Highlights :Let’s understand how excess fat accumulating in the liver leads to diabetes, and how both can be prevented.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image