'ലീഗ് മന്ത്രിമാർ സമ്മർദ്ദം ചെലുത്തി; ആശുപത്രി നൽകിയ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യാജം?'

മലപ്പുറത്ത് ആശുപത്രിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആശുപത്രി അധികൃതര്‍ കേസ് പിന്‍വലിച്ചതില്‍ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐ

'ലീഗ് മന്ത്രിമാർ സമ്മർദ്ദം ചെലുത്തി; ആശുപത്രി നൽകിയ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യാജം?'
രതി വി കെ
1 min read|14 Nov 2026, 03:43 pm
dot image

മലപ്പുറം: മലപ്പുറം ഡിഎംഎസ് ആശുപത്രിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആശുപത്രി അധികൃതര്‍ കേസ് പിന്‍വലിച്ചതില്‍ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐ. കേസ് പിന്‍വലിക്കാന്‍ മലപ്പുറത്തെ മുസ്‌ലിം ലീഗ് മന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് സാദിഖ് പറഞ്ഞു. ആശുപത്രി മാനേജര്‍ മുസ്‌ലിം ലീഗ് അനുഭാവിയാണ്. പരാതിയുമായി മുന്നോട്ടുപോയാല്‍ ആശുപത്രിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും എന്ന തരത്തില്‍ സമ്മര്‍ദ്ദം വന്നു. കേസ് പിന്‍വലിക്കാന്‍ അത് കാരണമായി. കേസ് പിന്‍വലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ സത്യവാങ്മൂലത്തില്‍ ഒപ്പിട്ട അഭിഭാഷകന്‍ അഡ്വ. ജസീല്‍ പറമ്പന്‍ എംഎസ്എഫിന്റെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. എംഎസ്എഫ് നേതാവിനെ വക്കീലായി വെച്ചാണ് അവര്‍ കേസ് പിന്‍വലിച്ചിരിക്കുന്നതെന്നും സാദിഖ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മുഹമ്മദ് സാദിഖ്

ആക്രമണം നടന്നതിന് പിന്നാലെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ജംഷീദ് ബിച്ചാലി പൊലീസില്‍ നല്‍കിയ പരാതിയിലും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്‍പാകെ സമര്‍പ്പിട്ട സത്യവാങ്മൂലത്തിലും ഇട്ടിരിക്കുന്ന ഒപ്പ് വ്യാജമാണെന്നുള്ള ആരോപണവും സാദിഖ് ഉന്നയിച്ചു. ജംഷീദ് ബിച്ചാലിയുടെ അനുമതിയോടെ മറ്റാരോ ഇട്ട ഒപ്പാണ് അതെന്നാണ് കരുതുന്നത്. ഒപ്പ് പരിശോധിച്ചാല്‍ അക്കാര്യം മനസിലാകും. ആക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ഇട്ട ഒപ്പ് സത്യവാങ്മൂലത്തില്‍ അനുകരിച്ച് ഇട്ടതാകാമെന്നും സാദിഖ് ചൂണ്ടിക്കാട്ടി. ഒപ്പ് വ്യാജമാണെങ്കില്‍, ഒപ്പിട്ട ആളും അഭിഭാഷകനും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ക്രിമിനല്‍ നടപടി നേരിടേണ്ടി വരും. ഒരു പക്ഷേ അതിലും കടുത്ത നടപടിയുണ്ടാകാമെന്നും സാദിഖ് പറഞ്ഞു. കോടതിയില്‍ വീഡിയോ മാത്രം തെളിവായി നില്‍ക്കില്ല. അതിന് എവിഡന്‍സ് ആക്ടിലെ 63 (ബി) പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കണം. പരാതി ഇല്ല എന്ന് പറഞ്ഞ് സത്യവാങ്മൂലം നല്‍കിയവര്‍ അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുമോ എന്ന് സംശയമാണെന്നും സാദിഖ് പറഞ്ഞു.

DMS hospital affidavit
DMS ആശുപത്രി മാനേജ്മെൻ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. ഒപ്പ് മാർക്ക് ചെയ്തിരിക്കുന്നു
ആക്രമണം നടന്നതിന് ശേഷം ആശുപത്രി അധികൃതർ പൊലീസിന് നൽകിയ പരാതി
പരാതിയിൽ ജംഷീദ് ബിച്ചാലിയുടെ ഒപ്പ് മാർക്ക് ചെയ്തിരിക്കുന്നു

ആശുപത്രിയിലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടതാണ്. അതിക്രൂരമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്‌സുമാരുടെയും പ്രതികരണം നമ്മള്‍ കണ്ടതാണ്. ഇത്രയുമുണ്ടായിട്ടും, ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പോലും വകവെയ്ക്കാതെ വളരെ കൂളായി ഒരു സത്യവാങ്മൂലം എഴുതി നല്‍കുകയാണ് ആശുപത്രി മാനോജ്‌മെന്റ് ചെയ്തത്. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എന്ത് സുരക്ഷിതത്വമാണുള്ളതെന്നും സാദിഖ് ചോദിച്ചു. കൊല്ലം താലൂക്ക് ആശുപത്രിലെ ഡോ. വന്ദനദാസിന്റെ കൊലപാതകവും കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതും പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും സാദിഖ് പറഞ്ഞു. യുദ്ധത്തില്‍ പോലും ആശുപത്രിയില്‍ കയറി ആക്രമിക്കരുത് എന്നാണ്. അങ്ങനെയിരിക്കെയാണ് കാഷ്വാലിറ്റിയില്‍ കയറി എംഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതെന്നും സാദിഖ് കുറ്റപ്പെടുത്തി.

DMS Hospital
ഡിഎംഎസ് ആശുപത്രി

ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ രണ്ട് എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി മാനേജ്‌മെന്റ് സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഒരു ദിവസം മാത്രമാണ് പ്രതികള്‍ റിമാന്‍ഡില്‍ കഴിഞ്ഞത്. എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. എസ്പി ഓഫീസിലേക്ക് സിപിഐഎം മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് തുടര്‍ നടപടിയുണ്ടായതെന്നും സാദിഖ് പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിന്റെ പരാതി മാത്രമാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. എസ്എഫ്‌ഐ അടക്കം നല്‍കിയ പരാതി അവിടെയുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സാദിഖ് വ്യക്തമാക്കി.

എംഎസ്എഫ് പ്രവർത്തകർ ഡിഎംഎസ് ആശുപത്രിയിൽ

Content Highlights- SFI has alleged that League ministers exerted pressure in connection with an attack on its activists. The organisation has also raised questions about the authenticity of the signature on an affidavit submitted by the hospital, alleging that it may be forged.

dot image
To advertise here,contact us
dot image