'SFI പ്രവർത്തകർ ആശുപത്രിയിൽ ആക്രമിക്കപ്പെട്ട സംഭവം നടന്നില്ലെന്ന് കള്ളം പറയേണ്ടി വന്ന സാഹചര്യമെന്താണ്': വസീഫ്

ആശുപത്രിയില്‍ ആക്രമണം നടന്നിട്ടില്ലെന്ന സത്യവാങ്മൂലം അഡ്മിനിസ്‌ട്രേറ്റര്‍ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് വസീഫ് പ്രതികരിക്കുന്നത്

'SFI പ്രവർത്തകർ ആശുപത്രിയിൽ ആക്രമിക്കപ്പെട്ട സംഭവം നടന്നില്ലെന്ന് കള്ളം പറയേണ്ടി വന്ന സാഹചര്യമെന്താണ്': വസീഫ്
dot image

തിരുവനന്തപുരം: മലപ്പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്. ആശുപത്രിയില്‍ ആക്രമണം നടന്നിട്ടില്ലെന്ന സത്യവാങ്മൂലം ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് വസീഫ് പ്രതികരിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം നിലനില്‍ക്കുമ്പോഴാണ് ആക്രമണം നടന്നിട്ടില്ലെന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നത്. ആക്രമണത്തിന്റെ സിസിടിവി വീഡിയോ സഹിതം പുറത്ത് വന്നതാണെന്നും ഭീകരമായി പരിക്ക് പറ്റിയ എസ്എഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സുജിന്റെ മൂക്കിന് സര്‍ജറി കഴിഞ്ഞെന്നും വസീഫ് വ്യക്തമാക്കി.

പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ തലയ്ക്കു സ്റ്റിച്ചിടേണ്ടി വന്നു. കണ്ണിനേറ്റ പരിക്കില്‍ കാഴ്ച തിരിച്ചു കിട്ടാന്‍ ചികിത്സ നടത്തി വരികയാണെന്നും എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി ആദിലിന്റെ തലക്കും സാരമായ പരിക്കുണ്ടെന്നും വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആശുപത്രി ജീവനക്കാര്‍ നടന്ന സംഭവത്തിന്റെ ഭീകരത വിശദീകരിച്ചു സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരണങ്ങള്‍ നടത്തിയ വീഡിയോകള്‍ ഇപ്പോഴും ഉണ്ടെന്നും വസീഫ് പറഞ്ഞു. അപ്പോഴാണ് ആശുപത്രിയില്‍ ആക്രമണം നടന്നിട്ടില്ലെന്ന സത്യവാങ്മൂലം കോടതിയില്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുന്നതെന്നും വസീഫ് ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് മുസ്‌ലിം ലീഗ് ക്രിമിനലുകളായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും വഫീസ് വിമര്‍ശിച്ചു.


സ്വന്തം സ്ഥാപനത്തിൽ നടന്ന ഭീകര സംഭവം നടന്നില്ലെന്ന് കള്ളം പറയേണ്ടി വന്ന സാഹചര്യമെന്താണെന്ന് ചോദിച്ചാണ് വസീഫ് രംഗത്ത് വന്നത്. മുസ്‌ലിം ലീഗിന്റെ അധോലോക ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്നും വസീഫ് ചോദിച്ചു.

കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആദിലിനെയും ജില്ലാ സെക്രട്ടറി സുജിനെയും എംഎസ്എഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

MSF activists committing acts of violence at the hospital
ആശുപത്രിയിൽ അതിക്രമം നടത്തുന്ന എംഎസ്എഫ് പ്രവർത്തകർ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

എം എസ് എഫുകാർ ആശുപത്രിയിൽ കയറി എസ്എഫ്ഐ പ്രവർത്തരകരെ ആക്രമിച്ചത് സിസിടിവി വീഡിയോ സഹിതം പുറത്ത് വന്നതാണ്. ഭീകരമായി പരിക്ക് പറ്റിയ എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സുജിന്റെ മൂക്കിന് സർജറി കഴിഞ്ഞു, തലയ്ക്കു സ്റ്റിച്ചിടേണ്ടി വന്നു, കണ്ണിനേറ്റ പരിക്കിൽ കാഴ്ച തിരിച്ചു കിട്ടാൻ ചികിത്സ നടത്തി വരികയാണ്. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി ആദിലിന്റെ തലക്കും സാരമായ പരിക്കുണ്ട്. ഡോക്ടർമാർ ഉൾപ്പടെയുള്ള ആശുപത്രി ജീവനക്കാർ നടന്ന സംഭവത്തിന്റെ ഭീകരത വിശദീകരിച്ചു സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തിയ വീഡിയോകൾ ഇപ്പോഴും കാണാവുന്നതാണ്.

അപ്പോഴാണ് ആശുപത്രിയിൽ ആക്രമണം തന്നെ നടന്നിട്ടില്ലെന്ന സത്യവാങ്മൂലം കോടതിയിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ നൽകുന്നത്.തുടർന്ന് മുസ്ലിം ലീഗ് ക്രിമിനലുകളായ പ്രതികൾക്ക് ജാമ്യം ലഭിച്ചു.

ആരുടെ സമ്മർദ്ദപ്രകാരമാണ് ഈ കള്ള സത്യവാങ്മൂലം അവർക്ക് നൽകേണ്ടി വന്നത്. സ്വന്തം സ്ഥാപനത്തിൽ നടന്ന അതി ഭീകര സംഭവം നടന്നില്ലെന്ന് കള്ളം പറയേണ്ടി വന്ന സാഹചര്യമെന്താണ്? മുസ്ലിം ലീഗിന്റെ അധോലോക ഭരണമാണോ കേരളത്തിൽ നടക്കുന്നത്. ഉത്തരേന്ത്യയിലെ ബിജെപി നടത്തുന്ന അതേ തന്ത്രങ്ങൾ മുസ്ലിം ലീഗും യുഡിഎഫും കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണോ ? സത്യം പറയാൻ പോലും ഭയക്കേണ്ട നാടായി കേരളം മാറിയോ?

അധികാരത്തിന്റെ തണലിൽ ഗുണ്ടകൾ വിളയാടുന്ന മുസ്ലിം ലീഗിന്റെ ഗുജറാത്ത്‌ രാജാണോ കേരളത്തിൽ നടപ്പിലാക്കുന്നത് ? ആശുപത്രികളിൽ പോലും കയറി ഭീകരത സൃഷ്ടിച്ച് ആർ എസ് എസിന് പഠിക്കുന്ന അക്രമകാരികളെ സഹായിക്കുന്ന നിലപാടിൽ നിന്നും മുസ്ലീം ലീഗ് നേതൃത്വം പിന്മാറണം.

Content Highlights:

dot image
To advertise here,contact us
dot image