സീറ്റ് കച്ചവടമോ? എയ്ഡഡ്, സ്വാശ്രയ, സ്വയംഭരണ കോളേജുകളിൽ യഥേഷ്ടം സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ വഴിയൊരുക്കി സർക്കാർ

പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പുതിയ കോഴ്‌സുകളുടെയും സീറ്റ് വര്‍ധനവിന്റെയും വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്നാണ് പുതിയ വ്യവസ്ഥ

സീറ്റ് കച്ചവടമോ? എയ്ഡഡ്, സ്വാശ്രയ, സ്വയംഭരണ കോളേജുകളിൽ യഥേഷ്ടം സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ വഴിയൊരുക്കി സർക്കാർ
dot image

തിരുവനന്തപുരം: എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ ഇനി യഥേഷ്ടം സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാന്‍ വഴിയൊരുക്കി സര്‍ക്കാര്‍. ഓട്ടോണമസ് കോളേജുകള്‍ക്ക് സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഉത്തരവ്. സര്‍ക്കാര്‍ അനുമതി കൂടാതെ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സ്വയംഭരണ മാനേജ്‌മെന്റുകള്‍ക്ക് പച്ചക്കൊടി നല്‍കുന്നതാണ് പുതിയ ഉത്തരവ്. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ ഇനിമുതല്‍ എന്‍ഒസി ആവശ്യമില്ല. സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നാണ് പുതിയ വ്യവസ്ഥ.

പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പുതിയ കോഴ്‌സുകളുടെയും സീറ്റ് വര്‍ധനവിന്റെയും വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ പുതിയ കോഴ്‌സ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി (എന്‍ഒസി) വേണമെന്നായിരുന്ന മുമ്പുണ്ടായിരുന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. സ്വാശ്രയ ഓട്ടോണമസ് കോളേജുകള്‍ക്ക് വേണ്ടിയുള്ള ഉത്തരവ് തുറന്ന സീറ്റ് കച്ചവടത്തിലേക്ക് വഴിവെക്കും എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുകയാണ്. സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി. സ്വയംഭരണ കോളേജുകളിലെ നിലവിലുള്ള സ്വാശ്രയ കോഴ്‌സുകള്‍ നടത്തുന്ന വ്യവസ്ഥയിലും ഇളവ് നല്‍കിയിട്ടുണ്ട്. ഓരോ വര്‍ഷവും എന്‍ഒസി പുതുക്കണമെന്ന് വ്യവസ്ഥ ഇളവ് ചെയ്ത് മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ ആക്കിയാണ് മാറ്റിയത്.

നേരത്തെ സര്‍ക്കാറും സര്‍വകലാശാലകളും അറിയാതെ സ്വയംഭരണ കോളജുകള്‍ നടത്തിയ സ്വാശ്രയ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല ഏറെക്കാലം ബിരുദം നല്‍കാതെ തടഞ്ഞിരുന്നു. ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന വ്യവസ്ഥയോടെ ഒറ്റത്തവണ ഇളവനുവദിച്ചാണ് കേരള സര്‍വകലാശാല ഉള്‍പ്പെടെ ഈ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ബിരുദം അനുവദിച്ചത്. സ്വയംഭരണ പദവിയുടെ മറവില്‍ യഥേഷ്ടം സ്വാശ്രയ കോഴ്സുകള്‍ നടത്തി, ഫീസിനത്തില്‍ വന്‍ കൊള്ള നടത്താനാണ് പല മാനേജ്‌മെന്റുകളും നീക്കം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് കര്‍ശനമായി തടഞ്ഞിരുന്നു. പുതിയ സര്‍ക്കാര്‍ വന്നതോടെയാണ് നീക്കം പുനരാരംഭിക്കുകയും അനുമതി നേടുകയും ചെയ്തത്.

സ്വാശ്രയ കോളജുകളില്‍ നിലവില്‍ നടത്തിവരുന്ന കോഴ്സുകളുടെ സീറ്റ് വര്‍ധനവിന് ബന്ധപ്പെട്ട സര്‍വകലാശാല / റഗുലേറ്ററി അതോറിറ്റികളുടെ അനുമതി മതിയെന്ന ഇളവും നല്‍കി. വിദ്യാര്‍ത്ഥി പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വര്‍ധനവിന്റെയും വിവരങ്ങള്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്താല്‍ മതി. സര്‍ക്കാര്‍ കോളേജുകളില്‍ ഉള്‍പ്പെടെ പല കോഴ്‌സുകളിലും കുട്ടികളില്ലാതെ സീറ്റൊഴിഞ്ഞ് കിടക്കുമ്പോഴാണ് സ്വയംഭരണ പദവിയുടെ മറവില്‍ എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ കനത്ത ഫീസ് നല്‍കി പഠിക്കേണ്ട കോഴ്‌സുകള്‍ക്ക് വഴിതുറന്ന് സര്‍ക്കാര്‍ സീറ്റ് കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആക്ഷേപം.

സ്വയംഭരണ എയ്ഡഡ് കോളേജുകളില്‍ പുതിയ സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാനുള്ള അനുമതി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് എയ്ഡഡ് കോളേജുകളില്‍ വ്യാപകമായി സ്വാശ്രയ കോഴ്‌സുകള്‍ അനുവദിച്ചതിനെതിരെ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഭാവിയില്‍ എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയതും. ഇതിന് വിരുദ്ധമായാണ് സ്വയംഭരണ പദവിയുള്ള എയ്ഡഡ് കോളേജുകളില്‍ പുതിയ സ്വാശ്രയ കോഴ്‌സ് തുടങ്ങാന്‍ വീണ്ടും അനുമതി നല്‍കുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

Content Highlights: The Kerala government has issued an order allowing aided and self-financing autonomous colleges to introduce self-financing courses without prior government approval. The requirement for an NOC to start new courses has been removed. Under the revised provision, autonomous college managements only need to inform the government about the new courses instead of seeking its permission.

dot image
To advertise here,contact us
dot image