പ്രതിസന്ധികൾക്കിടിയിൽ സന്തോഷ ചിരി; ഗാസയിൽ സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ

ലോകശ്രദ്ധ മറ്റ് പ്രതിസന്ധികളിലേക്ക് മാറിയാലും ഗാസയിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായം തുടരുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു

പ്രതിസന്ധികൾക്കിടിയിൽ സന്തോഷ ചിരി; ഗാസയിൽ സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ
dot image

യുദ്ധദുരിതങ്ങൾക്കിടയിലും ഗാസയിൽ 500 വധൂവരന്മാർക്ക് സന്തോഷനിമിഷങ്ങൾ സമ്മാനിച്ച് യുഎഇ. യുഎഇയുടെ മാനുഷിക സഹായ പദ്ധതിയായ 'ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3' യുടെ (operation chivalrous knights 3) ഭാഗമായി സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ 500 ദമ്പതികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഗാസയിലെ മെഡിറ്ററേനിയൻ തീരത്തുള്ള ഗാസ മാരിടൈം ക്ലബ്ബിൽ നവംബർ 6 വെള്ളിയാഴ്ചയായിരുന്നു ചടങ്ങ്.

യുദ്ധവും മാനുഷിക പ്രതിസന്ധികളും മൂലം ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് പ്രതീക്ഷയും സന്തോഷവും പകരുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പ്രദേശവാസികൾ വിവാഹാഘോഷത്തിൽ പങ്കുചേർന്നു. വിവാഹഘോഷയാത്രയെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ ചാരിറ്റി ആൻഡ് ഹ്യൂമാനിറ്റേറിയൻ വർക്കിന്റെ പിന്തുണയോടെയാണ് പരിപാടി നടന്നത്. ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ അഹമ്മദ് സൗഫ അൽ സാബി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഖർ അൽ ഖാസിമിയുടെ ആശംസകൾ ചടങ്ങിൽ കൈമാറി. നവദമ്പതികൾക്ക് സന്തോഷകരമായ ജീവിതവും സംഘർഷങ്ങളുടെ ദുരിതങ്ങളില്ലാത്ത ഭാവിയും അദ്ദേഹം ആശംസിച്ചു. പലസ്തീൻ കുടുംബങ്ങൾക്കൊപ്പമാണ് യുഎഇയെന്നും അദ്ദേഹം വ്യക്തമാക്കി.

From the mass wedding
സമൂഹ വിവാഹത്തിൽ നിന്ന്

അതേസമയം ലോകശ്രദ്ധ മറ്റ് പ്രതിസന്ധികളിലേക്ക് മാറിയാലും ഗാസയിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായം തുടരുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ഗാസയിലെ സമൂഹവിവാഹത്തിന് പിന്നാലെ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയും അവിടുത്തെ ജനങ്ങളും യുഎഇയുടെ മാനുഷിക സഹായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ദുരിതങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം ജനങ്ങളുടെ മുഖത്ത് പുഞ്ചിരി തിരികെ കൊണ്ടുവരാനും മെച്ചപ്പെട്ട നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ നൽകാനും മാനുഷിക സഹായങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള മുൻഗണനകളിൽ മാറ്റമുണ്ടായാലും യുഎഇയുടെ സഹായപ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി.

2023 നവംബർ അഞ്ചിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 ആരംഭിച്ചത്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, മരുന്നുകൾ, താമസസൗകര്യങ്ങൾക്കുള്ള സാമഗ്രികൾ തുടങ്ങി വിവിധ സഹായങ്ങൾ പദ്ധതി വഴി എത്തിച്ചുവരുന്നു.

Content Highlights: The UAE has organised a mass wedding ceremony in Gaza for 500 couples, presenting wedding gifts to the newlyweds.

dot image
To advertise here,contact us
dot image