

കൊച്ചി: കേൾക്കാൻ ശേഷിയില്ലാത്ത, സംസാരിക്കാൻ ത്രാണിയില്ലാത്ത കുഞ്ഞുങ്ങളായിരുന്നു അവർ. ഇപ്പോൾ അവരുടെ കാതുകൾ കേൾവിയുടെ ലോകത്തേക്ക് തുറന്നിട്ട ജനാലകൾ പോലെയാണ്. നാവുകൾ ഏതുവാക്കും തെളിയുന്നൊരു സ്ലേറ്റുപോലെയും..! 'കാതോട് കാതോര'ത്തിലൂടെ ശബ്ദത്തിന്റെ ലോകം കിട്ടിയ ആ കുഞ്ഞുങ്ങളെ സാക്ഷിയാക്കി മമ്മൂട്ടി എഴുതിയത് ലോകത്തിലെ ഏറ്റവും മനോഹരമായ വാക്ക് ആയിരുന്നു-'അമ്മ'!. രാജഗിരി ആശുപത്രിയും, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന 'കാതോട് കാതോരം' പദ്ധതിയിലൂടെ സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുരുന്നുകളുടെ സംഗമത്തിൽ അപ്രതീക്ഷിതമായാണ് മലയാളത്തിന്റെ പ്രിയനടൻ എത്തിയത്.
പദ്ധതിയിൽ ആദ്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ കഴിഞ്ഞ ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ ആഞ്ചലോ മുതൽ കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയ പൂർത്തിയാക്കിയ നെട്ടൂർ സ്വദേശി ഉമറൂൾ ഫാറൂഖ് വരെയുള്ളവർ പരിപാടിക്ക് എത്തിയിരുന്നു. താരത്തിന്റെ വരവ് കുട്ടികൾക്കും മാതാപിതാക്കൾക്കും സംഘാടകർക്കും ഇരട്ടിമധുരമായി മാറി. തങ്ങളെ ശബ്ദങ്ങളുടെയും വാക്കുകളുടെയും മനോഹരമായ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ വലിയ മനുഷ്യനെ അവർ നേരിട്ട് കണ്ടു. സ്വന്തം അനുഭവങ്ങളും ഇത്രയും കാലത്തെ സങ്കടങ്ങളും പറഞ്ഞ അവരുടെ അമ്മമാർ മമ്മൂട്ടിയ്ക്ക് മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പി. കുഞ്ഞുങ്ങളോട് കുശലം ചോദിച്ചും, അവരെ ചേർത്തുപിടിച്ച് ഫോട്ടോകളെടുത്തും രണ്ട് മണിക്കൂറിലേറെ സമയമാണ് മമ്മൂട്ടി അവരിലൊരാളായി ചെലവഴിച്ചത്. ഇത്രയും കാലം വാക്കുകൾ അന്യമായിരുന്ന കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുകയറ്റിക്കൊണ്ട് അവരുടെ സ്ലേറ്റുകളിൽ മമ്മൂട്ടി തന്നെ 'അമ്മ' എന്ന് എഴുതിച്ചു. കുഞ്ഞുങ്ങൾ അക്ഷരങ്ങൾ എഴുതുന്നത് കണ്ടപ്പോൾ അരികെ മാതാപിതാക്കളുടെ സന്തോഷക്കണ്ണീർ.

ഷൂട്ടിംഗ് സെറ്റിലെ പതിവ്, സ്നേഹസംഗമത്തിലും മമ്മൂട്ടി ആവർത്തിച്ചു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കി എത്തിച്ച ബിരിയാണി സ്വയം വിളമ്പി നൽകിയും, കൈനിറയെ സമ്മാനങ്ങൾ കൊടുത്തുമാണ് ഒടുവിൽ, പ്രിയതാരം അവരെ യാത്രയാക്കിയത്. "ഈ കുരുന്നുകൾ വളർന്ന് വലിയൊരു നിലയിലെത്തട്ടെ എന്ന് ആഗ്രഹിക്കുകയാണ് ഞങ്ങൾ. കുറച്ച് പേരെയെങ്കിലും സഹായിക്കാൻ സാധിച്ചല്ലോ. സഹായിക്കാൻ മനസ്സുള്ള ഡോക്ടർമാരും, രാജഗിരി പോലുള്ള ആശുപത്രിയും, അതിൻ്റെ കൂടെ കുറെ പ്രവർത്തകരും ഉള്ളപ്പോൾ കുറേക്കൂടി എളുപ്പമായി കാര്യങ്ങൾ, സന്തോഷം" - മമ്മൂട്ടി പറഞ്ഞു.

"ഒരു കുഞ്ഞ് ആദ്യമായി സ്വന്തം മാതാപിതാക്കളെ അമ്മ എന്നും അച്ഛാ എന്നും വിളിക്കുന്നതും, കേൾക്കുന്നതും, ആ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയാകുമ്പോൾ നമുക്ക് ലഭിക്കുന്ന ആത്മസംതൃപ്തി വാക്കുകൾക്ക് അതീതമാണ്. അതുകൊണ്ട് തന്നെയാണ് കാതോട് കാതോരം പ
ദ്ധതി നമ്മുടെയെല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്" - രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ പറഞ്ഞു.
ചടങ്ങിൽ രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, രാജഗിരി ആശുപത്രി ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു, ഇംപ്ലാന്റ് സർജൻ ഡോ. സജിത്ത് അബ്രാഹാം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് എസ്, രാജഗിരി ഡയറക്ടർ ഡോ. വി. എ. ജോസഫ് എന്നിവർ പങ്കെടുത്തു.
Content Highlights: Rajagiri Hospital and Care and Share Foundation organised a gathering of children who underwent free cochlear implant surgeries through the Kathodu Kathoram project