ഈ വന്ദേ ഭാരത് എക്‌സ്പ്രസിന് ഇത്ര വേഗക്കുറവോ?;670 കിലോമീറ്റർ പിന്നിടാൻ 13 മണിക്കൂർ വരെ;കാരണം ഇതാണ്

രാജ്യത്തെ അതിവേഗ ട്രെയിനുകളുടെ പട്ടികയില്‍ ഇടംപിടിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന് വേഗത്തിന്റെ കാര്യത്തില്‍ പിന്നോട്ടുപോകേണ്ടിവരുന്നത് എന്തുകൊണ്ട്?

ഈ വന്ദേ ഭാരത് എക്‌സ്പ്രസിന് ഇത്ര വേഗക്കുറവോ?;670 കിലോമീറ്റർ പിന്നിടാൻ 13 മണിക്കൂർ വരെ;കാരണം ഇതാണ്
dot image

വന്ദേ ഭാരതിലെ യാത്ര എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെത്തുന്നത് അതിന്റെ വേഗതയാണ്. എന്നാല്‍ ബെംഗളൂരുവില്‍നിന്ന് ഗോവയിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ യാത്രാസമയം കേട്ടാല്‍ ചിലര്‍ക്കെങ്കിലും അത്ഭുതം തോന്നിയേക്കാം. കാരണം എന്താണെന്നല്ലേ?. ഏകദേശം 670 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 12 മണിക്കൂറിലധികം വേണം. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വേഗം കുറഞ്ഞ വന്ദേ ഭാരത് സര്‍വീസുകളിലൊന്നായി ഈ ട്രെയിന്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രാസമയം 13 മണിക്കൂര്‍

വന്ദേഭാരതില്‍ ബെംഗളൂരുവിലെ യശ്വന്ത്പുരില്‍നിന്ന് ഗോവയിലെ മഡ്ഗാവിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 12 മണിക്കൂര്‍ 20 മിനിറ്റാണ് നിശ്ചയിച്ചിരിക്കുന്നത്. തിരിച്ചുള്ള യാത്രയ്ക്ക് 12 മണിക്കൂര്‍ 55 മിനിറ്റും വേണ്ടിവരും. അതായത് ഒരു ദിശയില്‍ ശരാശരി വേഗം മണിക്കൂറില്‍ 54 കിലോമീറ്ററും മറുദിശയില്‍ 53 കിലോമീറ്ററുമായിരിക്കും.മറ്റ് ചില വന്ദേ ഭാരത് സര്‍വീസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വ്യത്യാസം പ്രകടവുമാണ്.

slower Vande Bharat Express

എന്തുകൊണ്ടാണ് വേഗത കുറവ്?

വന്ദേ ഭാരത് ട്രെയിനുകളുടെ വേഗം കുറയുന്നതിന് കാരണം ട്രെയിനിന്റെ സാങ്കേതികമായ കാരണമല്ല. സഞ്ചരിക്കുന്ന പാതയുടെ പ്രത്യേകതകള്‍, റെയില്‍വേ ട്രാക്കിന്റെ അവസ്ഥ, സ്റ്റോപ്പുകള്‍, അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം യാത്രയുടെ ശരാശരി വേഗത്തെ സ്വാധീനിക്കും. ബെംഗളൂരു-മഡ്ഗാവ് റൂട്ടിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ പശ്ചിമഘട്ടത്തിലെ സകലേഷ്പുരസുബ്രഹ്‌മണ്യ റോഡ് ഘാട്ട് മേഖലയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ ഭാഗത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സുരക്ഷാ നിയന്ത്രണങ്ങളും വേഗം കുറയ്ക്കുന്ന ഘടകങ്ങളാണ്. ചില റെയില്‍വേ സെക്ഷനുകളില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത്തില്‍ സഞ്ചരിക്കാനും കഴിയില്ല. ട്രാക്കിന്റെ വളവുകള്‍, ചരിവുകള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഇതിന് പിന്നിലെ കാരണം.

എന്തുകൊണ്ടാണ് 180 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനിന് ഓടാന്‍ കഴിയാത്തത്

സാധാരണയായി വന്ദേ ഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ രൂപകല്‍പ്പനയില്‍ അനുവദിച്ചിരിക്കുന്ന വേഗവും സാധാരണ സര്‍വീസില്‍ അനുവദിക്കുന്ന വേഗവും രണ്ടാണ്. ട്രാക്കിന്റെ ശേഷിയും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണ് വേഗത നിശ്ചയിക്കുന്നത്. നിലവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പല റൂട്ടുകളിലും പരമാവധി 130 കിലോമീറ്റര്‍ വേഗത്തിലാണ്
Commercial Service നടത്താന്‍ അനുമതിയുള്ളത്. റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കുകയും വേഗം കൂട്ടാന്‍ കഴിയുന്ന തരത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് യാത്രാസമയം കുറയ്ക്കും. ഓരോ റൂട്ടിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സുരക്ഷാ ആവശ്യങ്ങളും പരിഗണിച്ചേ ട്രെയിനിന്റെ വേഗം വര്‍ധിപ്പിക്കാന്‍ കഴിയൂ.

slower Vande Bharat Express

സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനേക്കാള്‍ വേഗം കുറവ്

റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച് ബെംഗളൂരു-മഡ്ഗാവ് വന്ദേ ഭാരതിന്റെ ശരാശരി വേഗം സാധാരണ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടേതിന് സമാനമായിരിക്കും എന്നാണ്. മണിക്കൂറില്‍ ശരാശരി 55 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗമുള്ള ട്രെയിനുകളെയാണ് ഇന്ത്യന്‍ റെയില്‍വേ സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ വേഗം അനുസരിച്ച് ഈ വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് ശരാശരി വേഗപരിധിക്ക് താഴെയായിരിക്കും.

Content Highlights :Why is the Vande Bharat Express—which has earned a place among the country's high-speed trains—lagging behind in terms of speed

dot image
To advertise here,contact us
dot image