മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

സസ്‌പെന്‍ഷന്‍ നടപടിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു

മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍
dot image

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടപടി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രണീല്‍രാജിനെയും വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയയെയും സസ്‌പെന്‍ഡ് ചെയ്തു. പത്ത് ദിവസത്തേക്കാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ നടപടിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. സംസ്ഥാന വ്യാപകമായി ചോദ്യങ്ങള്‍ ചോദിക്കുമെന്നും സഞ്ജീവ് പറഞ്ഞു. കാലടി സര്‍വകലാശാലയിലെ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്. സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ ആണ് മന്ത്രി. ഇടപെടാന്‍ കഴിയില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും സഞ്ജീവ് പറഞ്ഞു.

ഇക്കഴിഞ്ഞ 30-ാം തീയതിയായിരുന്നു മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ബിരുദദാന ചടങ്ങിനിടെയായിരുന്നു സംഭവം. കാലടി സര്‍വകലാശാലയിലെ പതിനാറ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടി ചൂണ്ടിക്കാട്ടി കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ രംഗത്തുവരികയും മന്ത്രിയോട് ചോദ്യം ഉയര്‍ത്തുകയുമായിരുന്നു. പരിപാടി കഴിഞ്ഞ് മറുപടി നല്‍കാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എന്താണ് ഇത്ര പേടിയെന്ന് നഫീസത്തുല്‍ തിരിച്ച് ചോദിച്ചു. ഇതിനിടെ 'വിദ്യാര്‍ത്ഥികളെ എന്തിന് സസ്പെന്‍ഡ് ചെയ്തു', 'കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല', എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളഞ്ഞു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി റോജി എം ജോണ്‍ വേദി വിടുകയായിരുന്നു.

സംഭവത്തില്‍ മിസ്രിയ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. സംഘപരിവാറിന് കുടപിടിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു നഫീസത്തുല്‍ പറഞ്ഞത്. കാലടി സര്‍വകലാശാലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അപരിഷ്‌കൃതരെന്ന് ചാപ്പകുത്തുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. പതിനാറ് വിദ്യാര്‍ത്ഥികള്‍ അറുപത് ദിവസങ്ങളായി സസ്പെന്‍ഷനിലാണ്. അവരുടെ തുടര്‍ വിദ്യാഭ്യാസവും ഭാവിയും ആശങ്കയിലാണ്. സമരവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ നടത്തിയ ഒരു പ്രസ്താവനയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കിയിരിക്കുന്നതെന്ന് നഫീസത്തുല്‍ മിസ്രിയ പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വിദ്യാര്‍ത്ഥി സമരത്തിനെതിരായ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നോ എന്ന് ചോദിക്കുന്നതിനാണ് താന്‍ റോജി എം ജോണിന്റെ സമീപത്തേയ്ക്ക് പോയത്. ബിരുദദാന ചടങ്ങിനെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മിസ്രിയ പറഞ്ഞിരുന്നു. മന്ത്രിയോട് ചോദ്യം ഉയര്‍ത്തിയതിന്റെ പേരില്‍ നഫീസത്തുല്ലിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കം രംഗത്തുവന്നിരുന്നു.

Content Highlights- Maharajas College has suspended its chairman and vice chairperson following a protest on the college campus. The suspension concerns the two student representatives involved in the reported incident.

dot image
To advertise here,contact us
dot image