

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ സ്വത്ത് വർധിപ്പിച്ച കോടീശ്വരനായി മുകേഷ് അംബാനി. 6 ബില്യൺ ഡോളറിന്റെ വർധനവാണ് മുകേഷ് അംബാനിയുടെ സ്വത്തിൽ ഒരു ദിവസം കൊണ്ട് ഉണ്ടായത്. റിലയൻസിന്റെ ഇൻഡസ്ട്രീസിന്റെ ഓഹരികൾക്കുണ്ടായ നേട്ടമാണ് അംബാനിയെ ഒന്നാമതെത്തിച്ചത്.
7.85% വർധനവാണ് അംബാനിയുടെ സ്വത്തിൽ ഒരു ദിവസം കൊണ്ട് മാത്രം ഉണ്ടായത്. 6.3 ബില്യൺ ഡോളറാണ് വർധനവിന്റെ മൂല്യം. ഇതോടെ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ അംബാനി 23 -ാം സ്ഥാനത്തെത്തി. ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനിയെ അംബാനി മറികടക്കുകയും ചെയ്തു. നിലവിൽ 79.12 ബില്യൺ ഡോളറാണ് അദാനിയുടെ ആകെ സമ്പാദ്യം.അംബാനിയുടേത് 88.8 ബില്യൺ ഡോളറാണ്.
സമ്പത്തിലെ കുത്തനെയുള്ള വർധനവിനൊപ്പം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളുടെ മൂല്യവും വർധിച്ചു. 11.6% വർധനവാണ് ഓഹരികളുടെ മൂല്യത്തിൽ ഉണ്ടായത്. ആറ് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് റിലയൻസിന്റെ ഷെയറുൾക്ക് ഉണ്ടായത്. റിഫൈനിംഗ്, പെട്രോകെമിക്കൽ മേഖലയിലെ വളർച്ച, ജിയോയുടെ ലാഭക്ഷമത മെച്ചപ്പെട്ടത് എന്നതെല്ലാമാണ് അറ്റ ലാഭം ഉയരാൻ കാരണം. റീട്ടെയിൽ ബിസിനസിലെ ലാഭക്ഷമത സമ്മർദ്ദത്തിലായിരിക്കുമ്പോഴും, പ്രധാന വരുമാന സ്രോതസ്സുകളായ എണ്ണ-രാസവസ്തു ബിസിനസിലും ഡിജിറ്റൽ സേവനങ്ങളിലും നിക്ഷേപകർക്കുള്ള ആത്മവിശ്വാസമാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.
അതേസമയം, റിലയൻസിന്റെ ഡിജിറ്റൽ സേവന വിഭാഗവും വളർച്ച തുടർന്നു. ജിയോയുടെ വരിക്കാരുടെ എണ്ണത്തിലും ശരാശരി ഉപയോക്തൃ വരുമാനത്തിലും ഉണ്ടായ വർധന ഡിജിറ്റൽ ബിസിനസിന് കരുത്തായി. ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായം 13.7 ശതമാനം ഉയർന്ന് 8,387 കോടി രൂപയായി. പ്രവർത്തന വരുമാനം 11.4 ശതമാനം വർധിച്ച് 40,475 കോടിയിലെത്തി. സെപ്റ്റംബർ അവസാനത്തോടെ ജിയോയുടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 54.24 കോടിയായി. ജൂലൈ–സെപ്റ്റംബർ കാലയളവിൽ മാത്രം 91 ലക്ഷം പുതിയ വരിക്കാരെ ചേർത്തു.
മറുവശത്ത്, റീട്ടെയിൽ, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗങ്ങളിൽ ചില സമ്മർദങ്ങൾ പ്രകടമായി. പ്രത്യേകിച്ച്, എണ്ണ-വാതക വിഭാഗത്തിലെ ഉൽപ്പാദനവും വിലനേട്ടവും സംബന്ധിച്ച വെല്ലുവിളികൾ വരുമാനത്തെ സ്വാധീനിച്ചു. ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാൻ കഴിഞ്ഞത് റിലയൻസിന്റെ പ്രധാന ശക്തിയായി വിലയിരുത്തപ്പെടുന്നു
ക്രൂഡ് ഓയിൽ ലഭ്യതയിലെ തടസ്സങ്ങൾക്കിടയിലും ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക, മെഡിറ്ററേനിയൻ മേഖലകൾ എന്നിവിടങ്ങളിൽനിന്ന് ക്രൂഡ് ലഭ്യമാക്കി റിഫൈനറി പ്രവർത്തനങ്ങൾ തുടരാനും കമ്പനി ശ്രദ്ധിച്ചു. ഇതോടൊപ്പം, റിഫൈൻഡ് പെട്രോളിയം ഉൽപ്പന്നങ്ങൾ മികച്ച വില ലഭിക്കുന്ന വിദേശ വിപണികളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ഊർജം, ടെലികോം, റീട്ടെയിൽ മേഖലകളിലെ വൈവിധ്യമാർന്ന ബിസിനസ് സാന്നിധ്യമാണ് റിലയൻസിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് വലിയ പിന്തുണയാകുന്നത്.
Content Highlights: Reliance Industries Chairman Mukesh Ambani has recorded the highest single-day wealth increase among billionaires, with his fortune rising by $6 billion in a day. The surge in Reliance Industries shares contributed to the significant increase in his wealth.