'സംഘപരിവാറിന് കുടപിടിക്കുന്ന മന്ത്രിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല'; റോജിയോട് ചോദ്യമുയർത്തിയ മിസ്രിയ

അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥി സമരങ്ങളെ അപരിഷ്‌കൃതമായി കാണുന്ന മന്ത്രിയുടെ സമീപനം ശരിയല്ലെന്ന് മഹാരാജാസ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ

'സംഘപരിവാറിന് കുടപിടിക്കുന്ന മന്ത്രിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല'; റോജിയോട് ചോദ്യമുയർത്തിയ മിസ്രിയ
രതിമോൾ വി കെ
1 min read|30 Oct 2026, 11:58 pm
dot image

കൊച്ചി: സംഘപരിവാറിന് കുടപിടിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മഹാരാജാസ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ. കാലടി സര്‍വകലാശാലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അപരിഷ്‌കൃതരെന്ന് ചാപ്പകുത്തുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. പതിനാറ് വിദ്യാര്‍ത്ഥികള്‍ അറുപത് ദിവസങ്ങളായി സസ്‌പെന്‍ഷനിലാണ്. അവരുടെ തുടര്‍ വിദ്യാഭ്യാസവും ഭാവിയും ആശങ്കയിലാണ്. സമരവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ നടത്തിയ ഒരു പ്രസ്താവനയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കിയിരിക്കുന്നതെന്ന് നഫീസത്തുല്‍ മിസ്രിയ പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വിദ്യാര്‍ത്ഥി സമരത്തിനെതിരായ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നോ എന്ന് ചോദിക്കുന്നതിനാണ് താന്‍ റോജി എം ജോണിന്റെ സമീപത്തേയ്ക്ക് പോയത്. ബിരുദദാന ചടങ്ങിനെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മിസ്രിയ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Nafeesathul Misriya SFI leader, Maharajas College Ernakulam
നഫീസത്തുല്‍ മിസ്രിയ

റോജി എം ജോണ്‍ മഹാരാജാസില്‍ എത്തുന്ന വേളയില്‍ കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നം ഉന്നയിക്കണമെന്ന് കരുതിയിരുന്നു. മുന്‍ പ്രസ്താവനയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണോ എന്നും എന്തുകൊണ്ട് വിദ്യാര്‍ത്ഥി പക്ഷത്ത് നില്‍ക്കുന്നില്ലെന്നും ചോദിക്കാനായിരുന്നു തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് മുന്നോട്ടുവന്നത്. അല്ലാതെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒറ്റയ്ക്ക് തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും മിസ്രിയ ചോദിച്ചു. റോജി എം ജോണ്‍ വേദിയിലേക്ക് വന്നപ്പോഴോ ഉദ്ഘാടനം ചെയ്യുന്ന വേളയിലോ താനോ മറ്റ് എസ്എഫ്‌ഐ പ്രവര്‍ത്തകരോ ഇടപെട്ടിട്ടില്ല. ബാനറുകള്‍ ഉയര്‍ത്തുകയാണ് ചെയ്തത്. മന്ത്രി സംസാരിച്ച ശേഷം ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ് താന്‍ മുന്നോട്ടുവരികയായിരുന്നു. മന്ത്രിക്ക് ഭീഷണിയാകുന്ന വിധത്തിലായിരുന്നില്ല ഇടപെടലെന്നും മിസ്രിയ പറഞ്ഞു. ബിരുദദാന ചടങ്ങ് അലങ്കോലപ്പെട്ടു എന്നത് ശരിയല്ല. ബിരുദദാന ചടങ്ങ് പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു. ബിദുദദാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ പലരും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി അവരുടെ പ്രതിഷേധം അറിയിച്ചിരുന്നു. പരിപാടി മുടക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ബിരുദദാന ചടങ്ങ് ഇവിടെ പൂര്‍ത്തിയാകുമായിരുന്നില്ലെന്നും മിസ്രിയ പറഞ്ഞു.

SFI Protest against Roji M John in Maharajas College Ernakulam
മന്ത്രി റോജി എം ജോണിനോട് ചോദ്യമുയർത്തി എസ്എഫ്ഐ നേതാവ് നഫീസത്തുല്‍ മിസ്രിയ

അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥി സമരങ്ങളെ അപരിഷ്‌കൃതമായി കാണുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സമീപനം ശരിയല്ല. അങ്ങനെയെങ്കില്‍ ജന്തര്‍ മന്തറില്‍ അടക്കം വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അപരിഷ്‌കൃതമാകുമോ എന്നാണ് ചോദിക്കാനുള്ളത്. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം. കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട് മാറ്റിനിര്‍ത്തപ്പെട്ടിട്ട് അറുപത് ദിവസം പിന്നിട്ടു. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത മന്ത്രിയില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാതെ തന്നെയാണ് ചോദ്യമുയര്‍ത്തി മുന്നോട്ടുവന്നത്. പരിപാടി കഴിഞ്ഞിട്ട് മറുപടി പറയാം എന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രിയുടെ സംഘപരിവാര്‍ ചായ്‌വ് ഇന്നത്തെ സംഭവത്തിലൂടെ കൂടുതല്‍ വ്യക്തമായി. തങ്ങളുടെ ചോദ്യങ്ങളെ മന്ത്രി വകവെയ്ക്കുക പോലും ചെയ്തില്ലെന്നും മിസ്രിയ പറഞ്ഞു.

SFI Protest against Roji M John in Maharajas College Ernakulam
മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു മഹാരാജാസിൽ ബിരുദദാന ചടങ്ങ് ആരംഭിച്ചത്. മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തി. ഇതിന് പിന്നാലെ മിസ്രിയ വേദിയിലേക്ക് എത്തുകയും മന്ത്രിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു. രണ്ട് ചോദ്യങ്ങളോട് പോലും എന്തിനാണിത്ര പേടിയെന്ന് മിസ്രിയ ചോദിച്ചിരുന്നു. മറുപടി പറയാമെന്ന് പറഞ്ഞല്ലോയെന്നും എന്തിനാണ് പരിപാടി തടസ്സപ്പെടുത്തണമെന്നുമായിരുന്നു മന്ത്രി തിരിച്ച് ചോദിച്ചത്. ഇതിനിടെ 'വിദ്യാര്‍ത്ഥികളെ എന്തിന് സസ്‌പെന്‍ഡ് ചെയ്തു', 'കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല', എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി റോജി എം ജോണ്‍ വേദി വിടുകയായിരുന്നു.

Content Highlights- Nafeesathul Misriya criticised Minister Roji M John, saying she did not expect more from a minister she accused of supporting the Sangh Parivar. Her remarks followed questions she had raised with the minister.

dot image
To advertise here,contact us
dot image