

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം. 35 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. വകുപ്പ് മന്ത്രിമാരുടെ നിര്‍ദേശത്തിന് അനുസരിച്ചാണ് മാറ്റം. വിവാദ വകുപ്പുകളായ വൈദ്യുതി വകുപ്പില്‍ കെഎസ്ഇബി ചെയര്‍മാനെയും ആരോഗ്യവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും മാറ്റി. കെഎസ്ഇബി ചെയര്മാന് എം ജി രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്തിനാണ് പുതിയ ചുമതല. കായിക വകുപ്പിന്റെ പ്രത്യേക ചുമതലയ്ക്ക് പുറമെയാണിത്. ആരോഗ്യവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. വനിതാ-ശിശു വികസന വകുപ്പിന്റെ പൂര്‍ണ്ണ അധിക ചുമതലയും ഉണ്ട്.
കെ ആര് ജ്യോതിലാല്‍ ഐഎഎസിനെ ഫിനാന്‍സ്, ടാക്സ് തുടങ്ങിയ വകുപ്പുകളുടെ ചുമതലകളില്‍ നിന്ന് മാറ്റി ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കൂടാതെ ജലവിഭവം, ഹൗസിങ്, കയര്‍ (വ്യവസായം) വകുപ്പുകളുടെ പൂര്‍ണ്ണ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. പുനീത് കുമാര്‍ ഐഎഎസിനെ ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റി പവര്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
മിന്‍ഹാജ് ആലം ഐഎഎസ് ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളില്‍ നിന്ന് മാറ്റി ഫിനാന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കൂടാതെ നികുതി വകുപ്പ്, പബ്ലിക് പ്രൊക്യൂര്‍മെന്റ് അഡ്വൈസറി വകുപ്പ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ചെയര്മാന് എന്നീ ചുമതലകളും നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഹനീഷ് എപിഎം ഐഎഎസ് വ്യവസായം, റവന്യൂ (വഖഫ്) വകുപ്പുകളില്‍ നിന്ന് മാറ്റി ആരോഗ്യ & കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, റവന്യൂ (വഖഫ്), മൈനോറിറ്റി വെല്‍ഫെയര്‍ വകുപ്പുകളുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
ഡോ. എം ബീന ഐഎഎസ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റു. അനുപമ ടിവി ഐഎഎസിനെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് മാറ്റി ഫിനാന്‍സ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഡോ വീണ എന്‍ മാധവന് ഐഎഎസ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് മാറ്റി കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പി ബി നൂഹ് ഐഎഎസ് ജിഎസ്ടി കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റി തൊഴില്‍ വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. സുഹാസ് എസ് ഐഎഎസ് ജലവിഭവം, ഹൗസിങ് വകുപ്പുകളില്‍ നിന്ന് മാറ്റി ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. ശ്രീറാം സാംബശിവ റാവു ഐഎഎസ് എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തോടൊപ്പം പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രത്യേക സെക്രട്ടറിയായി മാറ്റി നിയമിച്ചു.
അബ്ദുല്‍ നാസര്‍ ബി ഐഎഎസ് ഫിഷറീസ് വകുപ്പില്‍ നിന്ന് മാറ്റി സഹകരണ വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. ഹരിത വി കുമാര്‍ ഐഎഎസിനെ സാമൂഹ്യനീതി വകുപ്പ് പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. ജഫര് മാലിക് ഐഎഎസ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് തിരിച്ചെത്തി കേരള സ്റ്റേറ്റ് ജിഎസ്ടി കമ്മീഷണറായി ചുമതലയേറ്റു. ഗോപാലകൃഷ്ണന് കെ ഐഎഎസ് പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി ശാസ്ത്ര-സാങ്കേതിക വകുപ്പ്, സാംസ്കാരിക വകുപ്പ് എന്നിവയുടെ പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. സുഭാഷ് ടിവി ഐഎഎസ് ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. അഞ്ജന എം ഐഎഎസ് ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി ദുരന്തനിവാരണ വകുപ്പിന്റെ പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. ചന്ദ്രശേഖര്‍ എസ് ഐഎഎസ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് തിരിച്ചെത്തി ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി ചുമതലയേറ്റു.
അഫ്സാന പര്വീന് ഐഎഎസ് മില്‍മയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ടു. ദേവിദാസ് എന്‍ ഐഎഎസ് മൈനോറിറ്റി വെല്‍ഫെയര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി എംപ്ലോയ്മെന്റ് & ട്രെയിനിങ് ഡയറക്ടറായി നിയമിച്ചു. ആസിഫ് കെ യൂസഫ് ഐഎഎസ് മില്‍മ എംഡി. സ്ഥാനത്തുനിന്ന് മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. അനു കുമാരി ഐഎഎസ് ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റി ടൂറിസം ഡയറക്ടറായി നിയമിച്ചു. ഡി ധര്‍മ്മലശ്രീ ഐഎഎസ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് മാറ്റി റവന്യൂ & ദുരന്തനിവാരണ വകുപ്പുകളുടെ ജോയിന്റ് സെക്രട്ടറിയും ഒഎസ്ഡിയുമായി നിയമിച്ചു. രാഹുല്‍ കൃഷ്ണ ശര്‍മ്മ ഐഎഎസ് ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കേരള സ്റ്റേറ്റ് ജി.എസ്.ടി. സ്പെഷ്യല്‍ കമ്മീഷണറായി ഉയര്‍ത്തി നിയമിച്ചു. സമീര്‍ കിഷന് ഐഎഎസ് കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി ജി.എസ്.ടി. അഡീഷണല്‍ കമ്മീഷണറായി നിയമിച്ചു.
Content Highlights: Major reshuffle in the IAS administration as 35 IAS officers are transferred. The government announces significant changes in key administrative positions