

കൊച്ചി: അനധികൃത സ്വത്ത് സമ്പാതന കേസില്‍ മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ പരിഹാസം. ജയിലില്‍ പോകുമ്പോള്‍ ഗുരുതര രോഗവും പുറത്തിറങ്ങിയാല്‍ സുഖവാസവുമാണെന്നായിരുന്നു കോടതിയുടെ പരിഹാസം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയ ടോമിന് ജെ തച്ചങ്കരി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ടോമിന് ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ കാരണങ്ങളാണ് ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിയത്. അതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളയാള്‍ക്ക് എങ്ങനെ വിദേശത്ത് പോകാനാകും എന്ന് കോടതി ചോദിച്ചു.
ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാള്‍ക്ക് വിദേശത്ത് ജോലിക്ക് പോകാനുള്ള ശീരീരിക ക്ഷമതയുണ്ടാകുമോ എന്നും കോടതി നിരീക്ഷിച്ചു. ടോമിന് ജെ തച്ചങ്കരിയുടെ ജയിലിലെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുറത്തിറങ്ങിയ ശേഷം സൗദി അറേബ്യയില്‍ പോകണം, അമേരിക്കയില്‍ പോകണം എന്നാണ് തച്ചങ്കരി പറയുന്നതെന്നും കോടതി പരിഹസിച്ചു. ഇത് കണ്ടാല്‍ ജനങ്ങള്‍ക്ക് തോന്നും ജഡ്ജിമാര്‍ക്ക് ബുദ്ധിയില്ലെന്ന്. അങ്ങനെ കരുതരുതെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്കി. ടോമിന് ജെ തച്ചങ്കരിയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ തച്ചങ്കരിയുടെ ശിക്ഷ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് വിദേശത്ത് ജൂവലറി ബിസിനസ് ഉണ്ടെന്നും അവിടെ പോകാന്‍ ജാമ്യത്തില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ടോമിന് ജെ തച്ചങ്കരി അപേക്ഷ നല്‍കിയത്. ഏകദേശം ഒരു മാസ കാലയളവാണ് ടോമിന് ജെ തച്ചങ്കരിക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. ഇക്കാലയളവിലെ ചികിത്സാ രേഖകള്‍ നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്താണ് അസുഖം, എത്ര ദിവസം ആശുപത്രിയില്‍ കിടന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാനാണ് നിര്‍ദ്ദേശം.

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന് ജെ തച്ചങ്കരിയെ ശിക്ഷിച്ചത്. നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ആയിരുന്നു ശിക്ഷ. സ്വത്ത് മാതാവ് വഴി ലഭിച്ചതാണെന്നും ഇക്കാര്യം വിജിലന്‍സ് കോടതി പരിഗണിച്ചില്ല എന്നുമാണ് ടോമിന് ജെ തച്ചങ്കരിയുടെ വാദം. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്ത് വന്നത്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയെങ്കിലും അതിന്റെ വരവ് ബോധ്യപ്പെടുത്താന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെ അടക്കം കേസില്‍ പ്രോസിക്യൂഷന് സാക്ഷികളാക്കിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്‍ അഡീഷണല്‍ ഡിജിപി ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളാക്കിയും വിസ്തരിച്ചിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.
Content Highlights: The Kerala High Court made critical remarks about former DGP Tomin J Thachankary while considering his plea to relax bail conditions in a disproportionate assets case. The court pointed out contradictions in his arguments, noting that he had cited health problems while seeking bail and questioned how he could seek permission to travel abroad if he was suffering from serious health issues. The court also made a sarcastic observation about his alleged pattern of being seriously ill when facing imprisonment but enjoying comfort after release.