നോർക്ക കെയർ ഇൻഷുറൻസ് തുക വർദ്ധനവ്; സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ സൈനുൽ ആബിദീൻ

ഭരിക്കുന്ന മുന്നണിയുടെ ഭാഗമായ പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ പ്രവാസികളുടെ പ്രയാസങ്ങൾ സർക്കാരിന് മുന്നിലെത്തിക്കേണ്ടത് കടമയാണെന്ന് സൈനുൽ ആബിദീൻ ചൂണ്ടിക്കാട്ടി

നോർക്ക കെയർ ഇൻഷുറൻസ് തുക വർദ്ധനവ്; സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ സൈനുൽ ആബിദീൻ
dot image

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ കൂട്ടിയ നടപടിയിൽ പ്രവാസി മലയാളി സമൂഹത്തിൽ പ്രതിഷേധവും ആശങ്കയും ശക്തമാകുന്നു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ സൈനുൽ ആബിദീൻ മുഖ്യമന്ത്രി വിഡി സതീശന് കത്തയച്ചു.

ലക്ഷക്കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്ന പദ്ധതിയുടെ പ്രീമിയം തുകയിലാണ് വലിയ വർദ്ധനവ് വരുത്തിയത്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെയും കുടുംബ പോളിസികളുടെയും നിരക്കുകൾ കുത്തനെ ഉയർത്തിയത് സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. അർബുദം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സാ ചെലവുകൾ ഉയർന്നതും ഇൻഷുറൻസ് കമ്പനികൾക്കുണ്ടായ നഷ്ടവുമാണ് നിരക്ക് കൂട്ടാൻ കാരണമായി പറയുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഈ തീരുമാനത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തിൽ വ്യക്തമാക്കി.

കെഎംസിസി ഉൾപ്പെടെയുള്ള പ്രമുഖ പ്രവാസി സംഘടനകളും വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭരിക്കുന്ന മുന്നണിയുടെ ഭാഗമായ പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ പ്രവാസികളുടെ പ്രയാസങ്ങൾ സർക്കാരിന് മുന്നിലെത്തിക്കേണ്ടത് കടമയാണെന്ന് സൈനുൽ ആബിദീൻ ചൂണ്ടിക്കാട്ടി. പ്രീമിയം തുകയ്ക്ക് സർക്കാർ അടിയന്തര സബ്‌സിഡി അനുവദിക്കുകയോ നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിൽ പുനഃക്രമീകരിക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read:

നേരത്തെ ബഹ്റൈൻ പ്രതിഭയും നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിലെ അന്യായമായ വർധന പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസികളുടെയും കുടുംബങ്ങളുടെയും ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് മുൻ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനായി നിലവിലെ യുഡിഎഫ് സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രസ്താവനയിൽ പ്രതിഭ ആരോപിച്ചു.

സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്ന പ്രീമിയത്തിൽ ചികിത്സാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോർക്ക കെയർ ആരംഭിച്ചത്. സർക്കാരിന്റെ ഈ ക്ഷേമപദ്ധതിയിൽ വിശ്വസിച്ച് നിരവധി പ്രവാസികളാണ് തങ്ങളുടെ പഴയ സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് ഇതിൽ അംഗങ്ങളായത്. എന്നാൽ പുതിയ നിരക്ക് വർധനവോടെ പഴയ പോളിസിയിലേക്ക് തിരികെ പോകാൻ സാധിക്കാതെയും നോർക്കയുടെ ഉയർന്ന തുക അടയ്ക്കാനാകാതെയും ഇവർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

പുറത്തുവന്ന നിരക്കുകൾ പ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസിന് പ്രായപരിധി അനുസരിച്ച് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. 51 മുതൽ 60 വരെയുള്ള പ്രായക്കാർക്ക് 21,722 രൂപയും 61-70 പ്രായക്കാർക്ക് 28,326 രൂപയും 71-80 പ്രായക്കാർക്ക് 48,279 രൂപയുമാണ് പുതിയ നിരക്ക്. കുടുംബ ഇൻഷുറൻസ് പദ്ധതിയിൽ ഇതേ പ്രായവിഭാഗത്തിലുള്ളവർക്ക് യഥാക്രമം 35,664 രൂപ, 44,718 രൂപ, 77,773 രൂപ എന്നിങ്ങനെയാണ് തുക നൽകേണ്ടി വരുന്നത്. കുറഞ്ഞ വരുമാനക്കാർക്കും വിരമിച്ച പ്രവാസികൾക്കും ഇത് താങ്ങാനാവാത്ത ബാധ്യതയാണെന്ന് പ്രതിഭ ചൂണ്ടിക്കാട്ടി.

ചികിത്സ ഏറ്റവും ആവശ്യമായ പ്രായത്തിൽ പ്രീമിയം കുത്തനെ ഉയർത്തുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമാണ്. ആയുസ്സിന്റെ നല്ലൊരു പങ്കും നാടിന്റെ പുരോഗതിക്കായി വിദേശത്ത് അധ്വാനിച്ച പ്രവാസികളുടെ ആരോഗ്യസുരക്ഷ ലാഭക്കണ്ണോടെ കാണരുതെന്നും ക്ഷേമപദ്ധതികളുടെ ലക്ഷ്യം വിപണി താൽപ്പര്യങ്ങളല്ലെന്നും ബഹ്‌റൈൻ പ്രതിഭ ഓർമ്മിപ്പിച്ചു.

അന്യായമായ പ്രീമിയം വർധന ഉടൻ പിൻവലിക്കുക, മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സബ്‌സിഡിയോടെ താങ്ങാവുന്ന നിരക്കുകൾ ഉറപ്പാക്കുക, പ്രവാസി സംഘടനകളുമായി ചർച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളും ബഹ്‌റൈൻ പ്രതിഭ പ്രസ്താവനയിലൂടെ ഉന്നയിച്ചു.

Content Highlights: K Sainul Abideen has urged the Kerala government to intervene urgently and review the sharp increase in NORKA Care insurance premiums, citing the financial burden on expatriates.

dot image
To advertise here,contact us
dot image