രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തിയിട്ടില്ല, സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്: ശ്രീനാദേവി കുഞ്ഞമ്മ

രാഹുല്‍ മാങ്കുട്ടത്തിനെക്കുറിച്ചും തന്നെക്കുറിച്ചും പരാമര്‍ശിച്ച് രാജന്‍ ജോസഫ് വീഡിയോ ചെയ്തുവെന്ന് ശ്രീനാദേവി കുഞ്ഞമ്മ

രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തിയിട്ടില്ല, സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്: ശ്രീനാദേവി കുഞ്ഞമ്മ
dot image

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനിലെ ഗുണ്ടായിസവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. ലോക്കപ്പിനുള്ളില്‍ താന്‍ കയറിയിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. പ്രതിയെ തിരിച്ചറിയാനുള്ള എല്ലാ അവകാശവും തനിക്ക് ഉണ്ട്. താന്‍ രാജന്‍ ജോസഫിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് താന്‍ രാജന്‍ ജോസഫിനോട് ചോദിച്ചത്. നെഗറ്റീവ് ചോദ്യമല്ല താന്‍ ചോദിച്ചത്. ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയുമായതുകൊണ്ട് സംയമനം പാലിച്ച് മാന്യമായാണ് സുഖമാണോ എന്ന് ചോദിച്ചതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.

രാഹുല്‍ മാങ്കുട്ടത്തിനെക്കുറിച്ചും തന്നെക്കുറിച്ചും പരാമര്‍ശിച്ച് രാജന്‍ ജോസഫ് വീഡിയോ ചെയ്തു. രാജന്‍ ജോസഫിനോട് സഭ്യമായ ഭാഷയിലാണ് താന്‍ സംസാരിച്ചത്. സിസിടിവി ദൃശ്യത്തില്‍ രാജന്‍ ജോസഫിനെ ആരും തല്ലുന്നതായി ഇല്ല. പൊലീസിന്റെ സംരക്ഷണം ഉറപ്പുണ്ട് എന്ന നിലയില്‍ അവിടെ കൂടിയവരെ രാജന്‍ ജോസഫ് അസഭ്യം പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ കാലത്ത് തനിക്ക് നിയമപരമായ സംരക്ഷണം ലഭിച്ചില്ല. പൊലീസ് തന്നെ എതിര്‍ക്കാന്‍ ശ്രമിച്ചു. പ്രതിക്ക് പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം കൊടുക്കുക എന്നത് പൊലീസിന്റെ ഡ്യൂട്ടിയാണ്. താന്‍ മോശമായി പൊലീസ് സ്റ്റേഷനില്‍ പെരുമാറിയെങ്കില്‍ പൊലീസ് തടയുമായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.

സംഭവത്തില്‍ പ്രതികരിച്ച് ഫെനി നൈനാനും രംഗത്തെത്തി. രാജന്‍ ജോസഫിനെതിരെ പല പരാതികള്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. രാജന്‍ ജോസഫിനെതിരെ പരാതി കൊടുത്ത ചെറുപ്പക്കാരാണ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചു കൂടിയത്. പരാതി കൊടുത്തവര്‍ക്ക് നീതി ലഭിച്ചിരുന്നില്ല. സ്വാഭാവിക പ്രക്രിയ മാത്രമാണ് പൊലീസ് സ്റ്റേഷനില്‍ നടന്നത്. തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമ്പോള്‍ പണം നഷ്ടപ്പെട്ടവര്‍ ഒത്തുകൂടും. അതേപോലെയാണ് രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്തപ്പോള്‍ ചെറുപ്പക്കാര്‍ ഒത്തുകൂടിയത്. പൊലീസ് ജീപ്പിനുള്ളില്‍ ഇരുന്ന് ഇനിയും വീഡിയോ ചെയ്യും എന്ന് രാജന്‍ ജോസഫ് പറഞ്ഞു. രാജന്‍ ജോസഫിനെ ആരും ആക്രമിച്ചിട്ടില്ല. തനിക്ക് മര്‍ദ്ദനം ഏറ്റിട്ടില്ല എന്ന് രാജന്‍ ജോസഫ് തന്നെ എഫ്ബിയില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. നിയമം കയ്യിലെടുക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും ഫെനി നൈനാന്‍ പറഞ്ഞു.

അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറായിരുന്നു പുറത്തുവിട്ടത്. ജൂലൈ പതിനൊന്നാം തീയതി രാത്രിയായിരുന്നു സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഇരുപതിലധികം വരുന്ന സംഘം അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നിലയുറപ്പിച്ചിട്ടും പൊലീസ് ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുന്നത് ദൃശ്യത്തിലുണ്ടായിരുന്നു. പ്രതിയെ പൊലീസ് സ്റ്റേഷന്റെ ഗേറ്റ് മുതല്‍ സ്റ്റേഷന് അകത്ത് കയറ്റുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമായിരുന്നു. പൊലീസ് നിസ്സഹായരായി നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. വിവരാവകാശ നിയമപ്രകാരമായിരുന്നു റിപ്പോര്‍ട്ടറിന് ദൃശ്യങ്ങള്‍ ലഭിച്ചത്.

Content Highlights- Sreenadevi Kunjamma has denied threatening Rajan Joseph. She clarified that she did not threaten him and only asked, "Sukhamaano chetta?" meaning "Are you well, brother?"

dot image
To advertise here,contact us
dot image