ലാഭക്കുതിപ്പിൽ റെക്കോർഡിട്ട് റിലയൻസ് ജിയോ; മൂന്ന് മാസത്തില്‍ 8,389 കോടി; 5G വരിക്കാർ 30 കോടി പിന്നിട്ടു

കമ്പനിയുടെ ആകെ മൊബൈൽ വരിക്കാരുടെ എണ്ണം 54.24 കോടിയായി ഉയർന്നിട്ടുണ്ട്

ലാഭക്കുതിപ്പിൽ റെക്കോർഡിട്ട് റിലയൻസ് ജിയോ; മൂന്ന് മാസത്തില്‍ 8,389 കോടി; 5G വരിക്കാർ 30 കോടി പിന്നിട്ടു
dot image

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) മികച്ച നേട്ടം സ്വന്തമാക്കി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 13.7 ശതമാനം വർധിച്ച് 8,389 കോടി രൂപയിലെത്തി. മുൻവർഷം ഇത് 7,379 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവർത്തന വരുമാനം 11.3 ശതമാനം വളർച്ചയോടെ 41,318 കോടി രൂപയായും മൊത്തം വരുമാനം 47,485 കോടിയായും ഉയർന്നു. പ്രവർത്തന ലാഭം 12.8 ശതമാനം വർധിച്ച് 19,004 കോടി രൂപയിലെത്തിയപ്പോൾ, പ്രവർത്തന ലാഭ മാർജിൻ 54.3 ശതമാനമായി മെച്ചപ്പെട്ടു.

5G വരിക്കാരിൽ മുന്നേറ്റം

നെറ്റ്‌വർക്കിലെ 5G വരിക്കാരുടെ എണ്ണം 30 കോടി (300 ദശലക്ഷം) പിന്നിട്ടതാണ് ഈ പാദത്തിൽ ജിയോ കൈവരിച്ച ചരിത്രപരമായ നേട്ടം. ചൈനയ്ക്ക് പുറത്ത് ഇത്രയും വലിയ 5G യൂസർ ബേസ് കെട്ടിപ്പടുക്കുന്ന ആദ്യ ഓപ്പറേറ്ററായി ഇതോടെ ജിയോ മാറി. കമ്പനിയുടെ ആകെ മൊബൈൽ വരിക്കാരുടെ എണ്ണം 54.24 കോടിയായി ഉയർന്നിട്ടുണ്ട്.

പ്രതിശീർഷ വരുമാനത്തിലും ഡാറ്റ ഉപഭോഗത്തിലും വർധന

സമീപകാലത്ത് നടപ്പാക്കിയ താരിഫ് പരിഷ്കരണങ്ങളും കൂടുതൽ ഉപഭോക്താക്കൾ ഉയർന്ന 5G പ്ലാനുകളിലേക്ക് മാറിയതും കമ്പനിയുടെ വരുമാനക്ഷമത കൂട്ടി. ഉപഭോക്താവിൽ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം മുൻപാദത്തിലെ 211.4-ൽ നിന്ന് 218.8 ആയി ഉയർന്നു.

ഒരു വരിക്കാരന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപയോഗം 44.2 ജിഗാബൈറ്റായാണ് (GB) വർധിച്ചത്. പാദത്തിൽ ജിയോ നെറ്റ്‌വർക്കിലൂടെ ഒഴുകിയ മൊത്തം ഡാറ്റ 4,570 കോടി ജിഗാബൈറ്റാണ്. വാർഷികാടിസ്ഥാനത്തിൽ 22 ശതമാനത്തിന്റെ വർധനയാണിത്.

എയർഫൈബറിന് വൻ സ്വീകാര്യത

ഫിക്സഡ് വയർലെസ് ആക്സസ് സേവനമായ ജിയോ എയർഫൈബറിന്റെ മുന്നേറ്റം ബ്രോഡ്ബാൻഡ് വിപണിയിലും കമ്പനിക്ക് മേൽക്കൈ നൽകി. ജിയോയുടെ ഹോം കണക്ഷനുകളുടെ എണ്ണം 3 കോടിയിലെത്തി. നിലവിൽ പ്രതിമാസം ശരാശരി 10 ലക്ഷത്തോളം പുതിയ വീടുകളിലേക്ക് അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എത്തിക്കാൻ ജിയോയ്ക്ക് സാധിക്കുന്നുണ്ട്.

വരിക്കാരുടെ കൊഴിഞ്ഞുപോക്കില്ലാതെ താരിഫ് വർധന വിജയകരമായി വിപണിയിൽ നടപ്പാക്കാൻ കഴിഞ്ഞതും, 5G നെറ്റ്‌വർക്കിന്റെ പൂർണ വിന്യാസവുമാണ് ഈ പാദത്തിലെ മികച്ച പ്രകടനത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.

Content Highlights: Jio Platforms reported a 13.7% year-on-year increase in consolidated net profit to ₹8,389 crore for the July–September 2026 quarter. Revenue from operations rose 11.4% to ₹40,475 crore. The company's 5G subscriber base crossed 300 million, while its total customer base reached 542.4 million. Average revenue per user (ARPU) increased to ₹218.8

dot image
To advertise here,contact us
dot image