നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അന്വേഷണം നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
dot image

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവന്‍ ജോര്‍ജിനെയാണ് കോഴിക്കോട് നര്‍കോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയത്. അന്വേഷണം നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഒന്നാം പ്രതിയായ എം കെ റാമിന് പുറമെ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ രണ്ട് അധ്യാപകരെ കൂടി കഴിഞ്ഞദിവസം കേസില്‍ പ്രതിചേര്‍ത്തിരുന്നു. നേരത്തെ കേസ് അട്ടിമറിക്കാന്‍ ഉള്ള ശ്രമമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്.

സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം കെ റാമിന് അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെ തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ എം കെ റാമിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.  അന്വേഷണ ഉദ്യോ​ഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് ഒരു ഘട്ടത്തിൽ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മുൻപും ഇയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആരോപണം ഉയർന്നിരുന്നു. അറസ്റ്റ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിനാൽ ആദ്യഘട്ടത്തിൽ റാമിന് കോടതി വിട്ടയിച്ചിരുന്നു. അറസ്റ്റിൻ്റെ കാരണങ്ങൾ ബോധ്യപ്പെടുത്തി ഏഴുതി നൽകണമെന്നത് പാലിച്ചില്ലെന്ന വാദം അം​ഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ഇതിന് പിന്നാലെ റാമിനെ കോടതി പരിസരത്ത് നിന്ന് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. 

Content Highlights: The investigating officer in the case of Anjarakandy Dental College student Nithin Raj has been transferred

dot image
To advertise here,contact us
dot image