ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ കയ്യാള്‍; സ്ഥാനത്ത് തുടരാന്‍ അവകാശമില്ല: മുസ്ലിം യൂത്ത് ലീഗ്

മുസ്ലിം ന്യൂനപക്ഷങ്ങളുടെയും, ദളിതരുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയും വോട്ടവകാശം റദാക്കി ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍ മാത്രം ഉള്‍കൊള്ളുന്ന വോട്ടര്‍ പട്ടികയാണ് കമ്മീഷന്‍ ലക്ഷ്യമിട്ടത്

ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ കയ്യാള്‍; സ്ഥാനത്ത് തുടരാന്‍ അവകാശമില്ല: മുസ്ലിം യൂത്ത് ലീഗ്
dot image

കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചൊഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. എസ്‌ഐആറിനെ മറയാക്കി തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷത അട്ടിമറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ കശാപ്പ് നടത്തിയയാളാണ് ഗ്യാനേഷ് കുമാര്‍ എന്നും ബിജെപി പദ്ധതിയുടെ കയ്യാളായി പ്രവൃത്തിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് തുടരാന്‍ ധാര്‍മ്മികവും നിയമപരമായും അവകാശമില്ലെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി വ്യക്തമാക്കി.

വികേന്ദ്രീകൃത രൂപത്തില്‍ നടക്കേണ്ട എസ്‌ഐആര്‍ പ്രക്രിയ കേന്ദ്രീകൃത സോഫ്റ്റ്വെയര്‍ സംവിധാനത്തിലേക്കു മാറ്റി, വോട്ട് ആര് ചെയ്യണമെന്ന് ഡല്‍ഹിയിയിലിരുന്നു തീരുമാനിക്കുന്ന സമീപനമാണ് ഗ്യാനേഷ് കുമാര്‍ സ്വീകരിച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങളുടെയും, ദളിതരുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയും വോട്ടവകാശം റദാക്കി ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍ മാത്രം ഉള്‍കൊള്ളുന്ന വോട്ടര്‍ പട്ടികയാണ് കമ്മീഷന്‍ ലക്ഷ്യമിട്ടത്. എസ്‌ഐആര്‍ തിരക്കിട്ടു പൂര്‍ത്തിയാക്കിയ കമ്മിഷന്‍ പുതിയ തലമുറയുടെ വോട്ടുകള്‍ ചേര്‍ക്കേണ്ട എസ്എസ്ആര്‍ നടത്താത്തതും ജെന്‍സിയുടെ രോഷത്തില്‍ നിന്ന് ബിജെപിയെ രക്ഷിക്കാനുള്ള ഗുഢാലോചനയായിരുന്നുവെന്ന് സംശയിക്കേണ്ടി വരുമെന്നും മുസ്ലിം യൂത്ത് ലീഗ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സുപ്രീം കോടതി മുന്നോട്ട് വച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നിക്ഷ്പക്ഷത ഉറപ്പാക്കുന്നതായിരുന്നു. കമ്മീഷന്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര മന്ത്രിയെ ഉള്‍പെടുത്തുന്ന നിയമനിര്‍മാണം നടപ്പിലാക്കിയതോടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്ന സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്. ആ ഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്ത്യന്‍ ജനാധിപത്യത്തെ അകത്തു നിന്ന് തകര്‍ക്കാനുള്ള ബിജെപി പദ്ധതിയുടെ കയ്യാളായി പ്രവൃത്തിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് തുടരാന്‍ ധാര്‍മ്മികവും നിയമപരമായും അവകാശമില്ലെന്നും മുസ്ലിം യൂത്ത് ലീഗ് പറഞ്ഞു.

Content Highlights: Muslim Youth League National Committee Demands Resignation of CEC Gyanesh Kumar

dot image
To advertise here,contact us
dot image