അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ ലഹരിക്കേസ്; നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം

ലഹരിക്കേസില്‍ വടകര സ്വദേശി പിടിയിലായതോടെയായിരുന്നു അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം പുറത്തറിഞ്ഞത്

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ ലഹരിക്കേസ്; നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം
dot image

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിരുന്നില്ല. കേസിലെ രണ്ടാം പ്രതിയായ കീര്‍ത്തനയ്ക്കും മൂന്നാം പ്രതിയായ കാവ്യയ്ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) സ്‌പെഷല്‍ എജ്യുക്കേറ്ററായിരുന്നു നീഷ്മ. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

ലഹരിക്കേസില്‍ വടകര സ്വദേശി പിടിയിലായതോടെയായിരുന്നു അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം പുറംലോകമറിഞ്ഞത്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്ററായിരുന്നു മരുതോങ്കര സ്വദേശി കീര്‍ത്തന. ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപികയായിരുന്നു കെ കാവ്യ (29). ഇവര്‍ക്ക് പുറമെ ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്.

അതിനിടെ കീര്‍ത്തനയെ ഇന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍വെച്ച് പങ്കാളി ആക്രമിക്കുന്ന സംഭവമുണ്ടായി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. കുത്തേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: vadakara case third accused neeshma get bail

dot image
To advertise here,contact us
dot image