

തിരുവനന്തപുരം: പുതിയ പുസ്തകവുമായി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍ അയജന്‍. 'പറയാന്‍ ബാക്കിവെച്ചത്' എന്നാണ് പുസ്തകത്തിന്റെ പേര്. അജയന്‍ തന്നെയാണ് പുതിയ പുസ്തകം പുറത്തിറങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പുസ്തകത്തിൻ്റെ കവറും ഫേസ്ബുക്കിൽ അജയൻ പങ്കുവെച്ചിട്ടുണ്ട്. 'ഐ ആം എ കമ്യൂണിസ്റ്റ്' എന്ന് അവസാനിക്കുന്ന കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിൽ ഉണ്ട്. ആരോഹണം ഹിമാലയം, ചിനാറില്‍ ഇളം മഞ്ഞ വെയില്‍, പാര്‍വതി വാലി, സ്പിത്തി, ഉല്ലാസ ബുദ്ധന്‍, കേദാര്‍ ഗൗള, പത്രോസ് രക്ഷതു, സ്വര്‍ഗ്ഗാരോഹിണി, ഓര്‍മ്മക്കുടന്ന തുടങ്ങിയ പുസ്തകങ്ങള്‍ അജയന്‍ രചിച്ചിട്ടുണ്ട്.
അടുത്തിടെയായിരുന്നു ദേശാഭിമാനിയില്‍ നിന്ന് കെ ആര്‍ അജയന്‍ രാജിവെച്ചത്. 'കള്ളന്‍ വിജയന്‍' എന്ന ലേഖനം വിവാദമായതോടെയായിരുന്നു അജയന്റെ രാജി. രാജിവെയ്ക്കുകയോ അല്ലെങ്കില്‍ അവധിയെടുക്കുകയോ വേണമെന്ന് അജയനോട് ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ നിര്‍ദേശിക്കുകയായിരുന്നു. അച്ചടക്ക നടപടിയെന്ന നിലയില്‍ അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതയില്‍ നിന്ന് ആദ്യം മാറ്റിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജിവെയ്ക്കുകയോ അവധിയെടുക്കുകയോ വേണമെന്ന് നിര്‍ദേശിച്ചത്.
ഞായറാഴ്ച പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് പുറത്തുവരാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിഎസിന്റെ ഓര്‍മ്മദിവസത്തോടനുബന്ധിച്ചുള്ള ലേഖനം ഉള്‍പ്പെട്ട പതിപ്പാണ് പുറത്തിറങ്ങാതിരുന്നതെന്നത് വിവാദത്തിന്റെ ശക്തി കൂട്ടി. ഇതിന് പിന്നാലെ 'കള്ളന്‍ വിജയന്‍' എന്ന ലേഖനം വന്നതിനാലാണ് വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതെന്ന് അനൗദ്യോഗിക വിശദീകരണവും പുറത്തുവന്നിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലമാണ് വാരാന്തപ്പതിപ്പ് അച്ചടിക്കാത്തതെന്നായിരുന്നു ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ സിപിഐഎം നേതാവ് എം സ്വരാജ് പറഞ്ഞത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ നല്‍കിയതെന്നും കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയായിരുന്നു അജയനെതിരെ നടപടി സ്വീകരിച്ചത്.
Content Highlights- Writer K R Ajayan is set to publish a new book titled ‘Parayan Bakki Vechathu’. The announcement introduces the upcoming work as a new addition to his Malayalam literary publications.