

മലപ്പുറം: സിപിഐഎം പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്താനെന്ന് ഉമർ ഫൈസി മുക്കം. തനിക്കെതിരെയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും വഖ്ഫ് ബോർഡ് അംഗമെന്ന നിലയിൽ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് തന്റെ ബാധ്യതയാണെന്നും ഉമർ ഫൈസ് മുക്കം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസാരിച്ചതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു.
ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കൊണ്ട് രണ്ട് അമുസ്‌ലിങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാനുള്ള സാധ്യതയാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആർഎസ്എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. അമുസ്‌ലിം അംഗങ്ങളിലൂടെ ആർഎസ്എസുകാർ വഖഫ് ബോർഡിൽ എത്താമെന്നാണ് താൻ പറഞ്ഞതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു. മുനമ്പം വിഷയം മുൻ നിർത്തി വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കമെന്നും ഉമർ ഫൈസി മുക്കം ആരോപിച്ചു. ഭൂമി കയ്യേറിയവരെ ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും പറയുന്നു. എന്നാൽ ആർഎസ്എസിന്റേയും കാസയുടേയും നിലപാടുകളെ പൂർണ്ണമായി അംഗീകരിച്ചാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്തതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു. അപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുള്ളതെന്നും ഉമർ ഫൈസി മുക്കം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സിപിഐഎം വേദിയിൽ പങ്കെടുത്ത് യുഡിഎഫ് സർക്കാരിനെ വിമർശിച്ച ഉമർ ഫൈസി മുക്കത്തിൻ്റെ നിലപാടിനെതിരെ സമസ്തയും മുസ്‌ലിം ലീഗും അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിൽ നാസർ ഫൈസി കൂടത്തായി ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഉമർ ഫൈസി സമസ്തയെ ചെളിവാരി എറിയാൻ കാരണമാകുന്നെന്നായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പ്രധാന വിമർശനം. സമസ്തയുടെ വേദിയിൽ മുസ്ലീങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയം സഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നും നാസർ ഫൈസി കുറ്റപ്പെടുത്തിയിരുന്നു. സമസ്തയുടെ ഉത്തരവാദിത്വപ്പെട്ടവർ വിഷയം ചർച്ച ചെയ്യണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടിരുന്നു. സമസ്തയുടെ യുവജന സംഘടനകളും ഈ വിഷയം ചൂണ്ടിക്കാണിച്ച് സമസ്തക്ക് കത്ത് നൽകിയിട്ടുണ്ട്.
ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗും രംഗത്തെത്തി.സമുദായത്തിന് മാർഗദർശനം നൽകേണ്ട പണ്ഡിതന്മാർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വഴങ്ങുന്നത് മാപ്പർഹിക്കാത്ത വഞ്ചനയെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു. വാക്കുകളിലും പ്രവൃത്തികളിലും അവിശ്വാസ്യത കലർത്തുന്നെന്നും ഉമർ ഫൈസി കേവലം രാഷ്ട്രീയ പാർട്ടികളുടെ കോളാമ്പിയായി മാറിയെന്നും വിമർശനമുണ്ടായി.
വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെയും മുസ്‌ലിം ലീഗിനെയും സിപിഐഎം വേദിയിൽ വെച്ച് ഉമർ ഫൈസി മുക്കം വിമർശിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. അമുസ്‌ലിം പ്രതിനിധികളെ വെക്കാത്തതിനാൽ വഖഫ് ബോർഡ് പൂർണ്ണമല്ലെന്നും അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം. രണ്ട് ആർഎസ്എസുകാരെ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വിഷയം പരിഹരിച്ചു കൊള്ളാം എന്ന നിലപാടാണ് സർക്കാർ എടുത്തത്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ വകുപ്പിലെ അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമർഫൈസി കുറ്റപ്പെടുത്തിയിരുന്നു. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം.
ഇത്തരമൊരു നിലപാട് സർക്കാർ സ്വീകരിക്കാൻ കാരണം ഹംസയും താനുമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു. 'കെ എസ് ഹംസയെ അവർക്ക് തൃപ്തികരമല്ല. പിന്നെയുള്ള സഖാവ് ഉമർ ഫൈസിയാണ്. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ള ബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം. മതപരമായ മൂല്യങ്ങൾ എന്തായിരുന്നാലും ശരി അത് തകർന്നാലും തരക്കടില്ല ഹംസയും ഉമർ ഫൈസയും മാറണം. അതിന് ഷോൺ ജോർജിനെ പിന്തുണച്ചാലും തരക്കേടില്ല, ആർഎസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല' എന്നാണ് സർക്കാർ നിലപാടെന്നും സിപിഐഎം വേദിയിൽ സംസാരിക്കവെ ഉമർ ഫൈസി മുക്കം വിമർശിച്ചിരുന്നു.
Content Highlights: Samastha leader Umar Faizi Mukkam alleges that the Kerala government has fully accepted the positions of the RSS and KASA on the Waqf Board issue. He criticised the government's stand and raised concerns over its approach to the Waqf-related controversy.