

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞിട്ടും ചെയ്ത് വച്ച് സിനിമകളും മറ്റും എന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ പോയതിന് ശേഷം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെക്കുറിച്ചും ധ്യാന്‍ പങ്കുവച്ചു. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
'കാലം എത്ര കഴിഞ്ഞാലും അച്ഛനില്ല എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇത്രയും നാള്‍ നമ്മുടെ ജീവിതത്തിലുണ്ടായ ഒരാള്‍ നഷ്ടപ്പെടുമ്പോള്‍ സ്വഭാവികമായിട്ടും ഇതൊരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരു കാര്യമാണ്. ഉള്‍ക്കൊണ്ട് പോവുക എന്നൊരു സംഭവമില്ല.
ജീവിച്ചപ്പോള്‍ അദ്ദേഹം രാജാവിനെ പോലെ ജീവിച്ചു. മരിക്കുവോളം അങ്ങനെ ജീവിച്ച് പോയ ആളാണ്. അസുഖബാധിതനായി എന്നതൊഴിച്ചു കഴിഞ്ഞാല്‍ ആ നാട്ടിലും മലയാളികളുടെ മനസിലും മരണത്തിന് ശേഷം ആയിക്കോട്ടേ, അങ്ങനെയൊരു ജീവിതം ഉണ്ടായിട്ടുള്ള ആളല്ലേ. ഇതിനപ്പുറത്തേക്ക് മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാനും ഇനിയൊന്നും ബാക്കിയില്ല.
എല്ലാം ചെയ്തു. ഒരു ആയുസില്‍ ചെയ്യേണ്ടതൊക്കെ ചെയ്ത് വച്ചിട്ട് പോയ ഒരാളാണ്. വ്യക്തിപരമായി നമുക്കാണ് നഷ്ടം. കാരണം അവസാന കാലമൊക്കെ, ബൈപാസ് കഴിഞ്ഞ സമയത്തൊക്കെ നമ്മള്‍ വിചാരിച്ചത് കുറച്ചു കാലം കൂടി അച്ഛന്‍ നമ്മുടെ കൂടെ ഉണ്ടാകുമെന്നാണ്. ചെന്നൈയിലൊക്കെ ഉണ്ടായിരുന്ന സമയത്താണ് ഞങ്ങളൊരുമിച്ച് ഉണ്ടായിരുന്നത്. പിന്നീട് അച്ഛനുമായുള്ള സൗന്ദര്യ പിണക്കമൊക്കെ കഴിഞ്ഞ് വീണ്ടും തിരിച്ചുവരുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലാണ്.
കാര്യങ്ങളൊക്കെ ഒന്ന് ശരിയായി വന്നത് 2017-19 കാലഘട്ടത്തിലാണ്. ലൗ ആക്ഷനുമൊക്കെ ചെയ്യുന്നത് അപ്പോഴാണ്. അപ്പോഴേക്കും അച്ഛന്‍ അസുഖബാധിതനായിരുന്നു. അസുഖം വന്ന് തുടങ്ങിയപ്പോഴേക്കും പഴയ ആള്‍ അല്ലാതായി മാറി. സംസാരത്തിലും ഒക്കെ മാറി. നമ്മള്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും നമ്മുടെ കണ്‍മുന്നില്‍ ഇങ്ങനെ വീക്ക് ആകുന്നത് കാണുകയാണ്.
കല്ല് പോലെ നിന്നിരുന്ന ഒരാള്‍ വീക്കായി വീക്കായി പോകുമ്പോള്‍ അത് നമ്മള്‍ കാണേണ്ടി വരുമ്പോള്‍ അദ്ദേഹത്തിനും നമ്മളെ ഫെയ്‌സ് ചെയ്യുമ്പോള്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. പരമാവധി ഞാന്‍ ആശുപത്രിയില്‍ പോയി അച്ഛനെ കാണാറില്ല. അങ്ങനെയൊരു രൂപത്തില്‍ കാണാതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. അമ്മ എന്നെ വിളിച്ചാലും ഞാന്‍ പോകാറില്ല.
ആ അവസ്ഥയില്‍ അച്ഛനെ എന്നെ കാണാന്‍ താല്പര്യമില്ല എന്നുള്ള എന്റെ തോന്നലും, എനിക്കും പുള്ളിയെ അങ്ങനെ കാണാന്‍ ഇഷ്ടമല്ലെന്ന തോന്നലും കാരണം ആശുപത്രിയില്‍ ഒന്നും പോയിട്ടില്ല. അവസാനം വീണ സമയത്തും ഞാന്‍, ആശുപത്രിയില്‍ വരുന്നില്ല എന്നാണ് പറഞ്ഞത്. നമ്മളൊന്ന് സെറ്റിലായി ഇനി ഇവരുടെ കൂടെ സമയം ചെലവഴിക്കാം എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് സത്യം പറഞ്ഞാല്‍ അച്ഛന്‍ നമ്മളെ വിട്ട് പോയത്.
നാലഞ്ച് വര്‍ഷമായി സിനിമ ചെയ്യാന്‍ അവിടെയും ഇവിടെയുമൊക്കെ പോയി നില്‍ക്കുമ്പോഴും ഓരോ സിനിമയ്ക്ക് പോകുമ്പോഴും, അച്ഛന്‍ ചോദിക്കും ഏതാ പടം എന്ന് ?. വല്ലപ്പോഴും എനിക്കൊരു പടം. ഞാന്‍ എന്ത് അഡ്ജസ്റ്റ്‌മെന്റിനും റെഡിയാണെന്ന് എന്നോട് ഒരു ദിവസം വന്നു പറഞ്ഞിരുന്നു. അച്ഛന്‍ വയ്യാതെ ഇരിക്കുന്നത് കാണുമ്പോള്‍ നമുക്കും സങ്കടമാണ്. സത്യം പറഞ്ഞാല്‍ അവസാന കാലം നമുക്ക് ഒരുമിച്ച് കുറച്ചു സമയം കിട്ടിയില്ല.
മരിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് രണ്ടോ മൂന്നോ ആഴ്ച ആയിരുന്നു. അവസാനം ഞാന്‍ കാണുന്നത് അപ്പോഴാണ്. ആശുപത്രിയിലായിരുന്നപ്പോഴും തൊട്ടടുത്തുണ്ടെങ്കിലും ആ അവസ്ഥയില്‍ എനിക്ക് കാണാന്‍ പറ്റില്ല. നല്ല വേദനയുണ്ട്, വരണമെന്ന് അമ്മ പറയുമ്പോഴും ഞാന്‍ വീട്ടില്‍ വരുമ്പോള്‍ കണ്ടോളാം എന്ന് പറഞ്ഞു. പിന്നെ വീട്ടില്‍ വന്ന് രണ്ടാമത്തെ ദിവസമാണല്ലോ മരിക്കുന്നത്.
സെറ്റില്‍ ആയി ഇനി ഇവരോടൊപ്പം കുറച്ചു വര്‍ഷം ജീവിക്കാം എന്ന് വിചാരിച്ചപ്പോള്‍ അത് കിട്ടിയില്ല. എന്റെ മോളെയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പേരക്കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനുള്ള അവസരമൊന്നും അദ്ദേഹത്തിന് കിട്ടിയില്ല എന്നൊരു സങ്കടവുമുണ്ട്. ഞാന്‍ പറഞ്ഞു വരുന്നത്, ഈ സമയത്ത് ഇന്നത് ചെയ്യാം എന്ന് പറഞ്ഞ് മാറ്റി വച്ചാല്‍ അത് നടക്കില്ല.
അവസാനകാലം എല്ലാ തിരക്കും മാറ്റിവച്ച് ഒരു സമയം വരും ആ സമയത്ത് നമ്മുടെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാം എന്ന് വിചാരിക്കുന്ന ഒരു സമയം ഇല്ല. അങ്ങനെയൊരു സമയം ഇല്ല. അപ്പോഴേക്കും അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും വയ്യാഴികയുമൊക്കെ ഉണ്ടാകും. പിന്നെ നമ്മളെ വിട്ട് പോകും. അച്ഛന്റേത് പെട്ടെന്നുള്ള ഒരു വിയോഗമായിരുന്നു'. - ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlights: Dhyan Sreenivasan on the realizations that came into his life after his father's passing