

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇൻ്റലസിജൻസ് രംഗത്ത് വിദഗ്ധരെ നിയമിക്കുന്നതിനായി വൻ തുക ചെലവഴിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഏറ്റവും ഉയർന്ന തലത്തിലുള്ള എഐ വിദഗ്ധർക്ക് പ്രതിമാസം 4.58 ലക്ഷം രൂപ വരെ പ്രതിഫലം നൽകാനാണ് സർക്കാർ നീക്കം. പ്രതിവർഷം ഏകദേശം 55 ലക്ഷം രൂപ നിരക്കിലാവും ഇവർക്കായി നൽകേണ്ടി വരുന്ന ശമ്പളം. സർക്കാർ തിരഞ്ഞെടുക്കുന്ന ഏജൻസികളുടെ പാനലിലൂടെയായിരിക്കും നിയമനം. നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ മാറ്റം വരുത്താനോ ചർച്ച നടത്തി കുറയ്ക്കാനോ അനുവദിക്കില്ലെന്നും ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര സർക്കാരിന്റെ തന്നെ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലുകളേക്കാൾ കൂടുതലാണ് എഐ വിദഗ്ധർക്കായി നിശ്ചയിച്ചിരിക്കുന്ന വേതനം എന്നാണ് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഒരാളായ കേന്ദ്ര സർക്കാർ സെക്രട്ടറിക്ക് ഏഴാം ശമ്പള കമ്മിഷന്റെ അപ്പെക്സ് സ്കെയിൽ പ്രകാരം പ്രതിമാസം 2.25 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം. രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറിക്ക് പ്രതിമാസം 2.50 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം.
എന്നാൽ ഇവ തമ്മിൽ നേരിട്ട് താരതമ്യം ചെയ്യുന്നത് പൂർണമായും ലോജിക്കലല്ലെന്നും ദി പ്രിൻ്റിൻ്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. എഐ വിദഗ്ധർക്കായി സർക്കാർ വിതരണ കമ്പനിക്ക് നൽകുന്ന തുകയിലാണ് കമ്പനിയുടെ പ്രവർത്തനച്ചെലവും ലാഭവിഹിതവും ഉൾപ്പെടുന്നത്. അതായത് മുഴുവൻ തുകയും വിദഗ്ധന്റെ ശമ്പളമായി ലഭിക്കണമെന്നില്ലെന്നാണ് ദി പ്രിൻ്റ് വിശദീകരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ഉയർന്ന ഡിമാൻഡുള്ള പുതിയ കാലഘട്ടത്തിലെ സാങ്കേതിക വൈദഗ്ധ്യങ്ങൾക്കായി സർക്കാർ എത്രത്തോളം തുക ചെലവഴിക്കാൻ തയ്യാറാണെന്നതിന്റെ സൂചനയാണ് ഈ നിരക്കുകൾ എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ ഈ മാസം വീണ്ടും തുറന്ന റിക്വസ്റ്റ് ഫോർ എംപാനൽമെൻ്റ് രേഖയിലാണ് നിരക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ ടെൻഡർ രേഖയും ദി പ്രിൻ്റ് പുറത്ത് വിട്ടിട്ടുണ്ട്. സ്വകാര്യ മേഖലയുമായി മത്സരിച്ച് എഐ രംഗത്തെ വിദഗ്ധരെ സർക്കാർ നിയമിക്കുന്നതിനുള്ള ചെലവിന്റെ ആദ്യത്തെ പൊതുവായ മാനദണ്ഡമായി ഈ നിരക്കുകളെ കണക്കാക്കാം.
നിലവിലെ നിരക്കുകൾ നേരത്തെ നടന്ന ടെൻഡർ നടപടിയിലൂടെയാണ് നിശ്ചയിച്ചത്. 2025 നവംബറിലാണ് സർക്കാർ ആദ്യ ടെൻഡർ ക്ഷണിച്ചത്. ഏകദേശം 80 കമ്പനികൾ ഇതിൽ പങ്കെടുത്തു. സാങ്കേതിക, സാമ്പത്തിക പരിശോധനകൾക്ക് ശേഷം ആറ് കമ്പനികളെ പാനലിൽ ഉൾപ്പെടുത്തി. ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS),എൻഇസി കോർപ്പറേഷൻ ഇന്ത്യ, കൈൻഡ്രിൽ സൊല്യൂഷൻസ്, കാക്റ്റസ് ടെക്നോളജി സൊല്യൂഷൻസ്, കോറോവർ, ഇന്നേഫു ലാബ്സ് എന്നീ കമ്പനികൾക്ക് 2026 ഏപ്രിലിൽ എംപാനൽമെന്റ് കത്തുകൾ നൽകി. ആദ്യ ടെൻഡറിൽ നിരക്കുകൾ രേഖപ്പെടുത്താനുള്ള ഫോർമാറ്റ് മാത്രമാണ് നൽകിയിരുന്നത്. കമ്പനികൾക്ക് സ്വന്തം നിരക്കുകളായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. 12 തസ്തികകൾക്കുമായി ആകെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനി ആവശ്യപ്പെട്ട തുകയാണ് അടിസ്ഥാന നിരക്കായി നിശ്ചയിച്ചത്. പിന്നീട് യോഗ്യത നേടിയ മറ്റ് കമ്പനികൾക്കും ഇതേ നിരക്ക് അംഗീകരിക്കേണ്ടി വന്നു. ഇതിലൂടെ രൂപീകരിച്ച പാനലിന് 2028 ഏപ്രിൽ വരെ കാലാവധിയുണ്ട്. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടാനുള്ള അധികാരം സർക്കാരിനുണ്ട്. പുതിയ ആവശ്യങ്ങൾക്കായി ഓരോ തവണയും പ്രത്യേക ടെൻഡർ വിളിക്കാതെ തന്നെ കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഈ പാനലിൽനിന്ന് വിദഗ്ധരെ നിയമിക്കാം. പുതിയ കമ്പനികളെ കൂടി ഉൾപ്പെടുത്തുന്നതിനായാണ് ടെൻഡർ വീണ്ടും തുറന്നിരിക്കുന്നത്. എന്നാൽ പുതിയതായി പാനലിൽ എത്തുന്ന കമ്പനികൾക്ക് ആദ്യഘട്ടത്തിൽ നിശ്ചയിച്ച നിരക്കുകൾ തന്നെ അംഗീകരിക്കേണ്ടിവരുമെന്നും ദി പ്രിൻ്റിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
AI/Solution Architect, Data Science Lead, AI/ML Lead എന്നീ തസ്തികകൾക്ക് പ്രതിമാസം 4,58,500 രൂപ വീതമാണ് നിരക്ക്. Programme/Product Manager-ന് 4,12,500 രൂപയും, Data Engineering Lead-ന് 3,66,666 രൂപയും പ്രതിമാസം നൽകും. AI/ML Engineer, Data Scientist, MLOps Lead എന്നീ തസ്തികകൾക്ക് പ്രതിമാസം 3,20,834 രൂപ വീതമാണ് നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് Business Analyst തസ്തികയ്ക്കാണ്—പ്രതിമാസം 2,16,666 രൂപ, അതായത് പ്രതിവർഷം ഏകദേശം 26 ലക്ഷം രൂപ. ഈ തുകകളിൽ GST ഉൾപ്പെടുത്തിയിട്ടില്ല. നിച്ച് അഥവാ അതീവ വൈദഗ്ധ്യം ആവശ്യമായ പ്രത്യേക തസ്തികകൾക്ക് AI/ML Engineerന്റെ നിരക്കിന്റെ 1.5 മടങ്ങ് വരെ ഈടാക്കാം. അതായത് പ്രതിമാസം ഏകദേശം 4.81 ലക്ഷം രൂപ വരെ.
ഓരോ വർഷവും നിരക്കിൽ പരമാവധി 10 ശതമാനം വരെ പരിഷ്‌കരണം അനുവദിച്ചിട്ടുണ്ട്. എന്നാൽ ടെൻഡർ നടപടിയിൽ ഏറ്റവും കുറഞ്ഞതായി കണ്ടെത്തിയ L1 നിരക്കുകളിൽ വർധനയോ ചർച്ചയോ അനുവദിക്കില്ല. അതിനാൽ പുതുതായി പാനലിൽ ചേരുന്ന കമ്പനികൾക്ക് ആദ്യഘട്ടത്തിൽ നിശ്ചയിച്ച നിരക്കുകൾ അംഗീകരിക്കുകയോ പാനലിൽനിന്ന് പുറത്തുനിൽക്കുകയോ മാത്രമാണ് മാർഗം. സെപ്റ്റംബർ ഏഴിനാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ 8ന് സാങ്കേതിക ബിഡുകൾ തുറക്കും. 100ൽ കുറഞ്ഞത് 75 പോയിന്റ് നേടിയ കമ്പനികൾക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.
Content Highlights: The Narendra Modi government is reportedly preparing to spend heavily to hire top Artificial Intelligence experts, with salaries for senior AI roles potentially reaching Rs 55 lakh annually