ശബരിമല ഓണസദ്യ: സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോര്‍ഡ്

അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

ശബരിമല ഓണസദ്യ: സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോര്‍ഡ്
dot image

പത്തനംതിട്ട: ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡ് നേരിട്ട് മെസ്സ് വഴി ഭക്തര്‍ക്ക് സദ്യ ലഭ്യമാക്കി.

അതേസമയം അന്നദാന മണ്ഡപത്തില്‍ പുലാവ് വിളമ്പിയതില്‍ സര്‍വീസ് സംഘടനകള്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് ലക്ഷ്യമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ജീവനക്കാര്‍ പണപ്പിരിവ് നടത്തി ഇക്കുറി സദ്യ നടത്തേണ്ടന്നും ദേവസ്വം ബോര്‍ഡ് നേരിട്ട് സദ്യ നല്‍കാനും തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.

ശബരിമലയിലെ ഓണസദ്യയ്ക്ക് ആചാരവുമായി ബന്ധമില്ല. മുന്‍വര്‍ഷങ്ങളില്‍ സദ്യയുടെ പേരില്‍ വ്യാപക പണപ്പിരിവ് ദേവസ്വം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉത്രാടം തിരുവോണം ദിവസങ്ങളില്‍ ജീവനക്കാരുടെ വകയായും, അവിട്ടം ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ആയിരുന്നു മുന്‍വര്‍ഷങ്ങളില്‍ സദ്യ.

എന്നാല്‍ കൃത്യമായ മുന്‍കൂര്‍ നിര്‍ദേശങ്ങളോ അധിക ഫണ്ടോ നല്‍കാതെയാണ് സദ്യ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി മെസ് നടത്തിപ്പുകാര്‍ രംഗത്തെത്തിയിരുന്നു. മൂന്നു നേരത്തെ ഭക്ഷണത്തിന് നല്‍കുന്ന പരിമിതമായ തുകയ്ക്കുള്ളില്‍ വാഴയിലയില്‍ സദ്യ നല്‍കുന്നത് പ്രായോഗികമല്ലെന്ന് അവര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു.

Content Highlights: Travancore Devaswom Board has stopped organisational fund collection for the Sabarimala Onam feast and arranged to serve meals directly to devotees through the mess, citing concerns over unauthorised collections

dot image
To advertise here,contact us
dot image