പാചകവാതക വില മുതൽ ക്രെഡിറ്റ് കാർഡ് വരെ; സെപ്റ്റംബർ മുതൽ അറിയണം ഈ നിർണായക സാമ്പത്തിക മാറ്റങ്ങൾ

ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ചില ഇടപാടുകള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡ് പോയിന്റുകളിലും, സര്‍ചാര്‍ജ് നിബന്ധനകളിലും സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം വരുത്തുന്നുണ്ട്

പാചകവാതക വില മുതൽ ക്രെഡിറ്റ്  കാർഡ്  വരെ; സെപ്റ്റംബർ മുതൽ അറിയണം ഈ നിർണായക സാമ്പത്തിക മാറ്റങ്ങൾ
dot image

പുതിയ ഒരു മാസം എത്തുകയാണ്, ഒപ്പം സാമ്പത്തിക കാര്യങ്ങളിൽ ചില സുപ്രധാന മാറ്റങ്ങളും സെപ്റ്റംബർ മുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
പാചകവാതക വില മുതൽ നികുതി നടപടികൾ വരെ നിരവധി കാര്യങ്ങളാണ് ഇനി അറിഞ്ഞിരിക്കേണ്ടത്. സാധാരണ കുടുംബങ്ങളുടെ മാസച്ചെലവിനെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കാവുന്ന ഈ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പാചകവാതക ഉപഭോക്താക്കൾ ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണം. ഇതിനുള്ള സമയപരിധി ഓഗസ്റ്റ് 31 ആണ്. പരിശോധന പൂർത്തിയാക്കാത്തവർക്ക് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികൾ പാചകവാതക വില പുനഃപരിശോധിക്കാറുണ്ട്. അതിനാൽ സെപ്റ്റംബർ ഒന്നിനും ഗാർഹിക പാചകവാതക വിലയിൽ മാറ്റമുണ്ടാകാം. വില ഉയർന്നാൽ കുടുംബങ്ങളുടെ പ്രതിമാസ ചെലവിലും അതിന്റെ നേരിട്ടുള്ള പ്രതിഫലനം ഉണ്ടാകും.

കൂടാതെ സെപ്റ്റംബർ എത്തുമ്പോൾ ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുന്നവർ ബാങ്ക് അവധികളും ശ്രദ്ധിക്കണം. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും രാജ്യത്തെ ബാങ്കുകൾക്ക് പതിവ് അവധിയാണ്. ഇതിന് പുറമെ ചില സംസ്ഥാനങ്ങളിൽ പ്രാദേശിക ആഘോഷങ്ങളും മറ്റ് പ്രത്യേക ദിവസങ്ങളും കാരണം ബാങ്കുകൾക്ക് അവധിയുണ്ടാകാം. അതിനാൽ പണം പിൻവലിക്കൽ, ചെക്ക് ഇടപാടുകൾ, ബാങ്ക് സന്ദർശനം തുടങ്ങിയവ ആസൂത്രണം ചെയ്യുന്നവർ സ്വന്തം സംസ്ഥാനത്തെ ബാങ്ക് അവധി പട്ടിക മുൻകൂട്ടി പരിശോധിക്കുന്നത് നല്ലതാണ്.

ഇതിലൊക്കെ പുറമെ, സെപ്റ്റംബറിൽ രാജ്യവ്യാപക ബാങ്ക് സമരത്തിനും പ്രഖ്യാപനമുണ്ട്. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 11ന് രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിങ് സംവിധാനം നടപ്പാക്കുക, പുതുക്കിയ പ്രകടനാധിഷ്ഠിത ആനുകൂല്യ പദ്ധതിയിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിനും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിദേശയാത്ര നടത്തുന്നവർക്കായി വിമാനത്താവളങ്ങളിലെ യാത്രാ നടപടികളിലും മാറ്റങ്ങൾ വരും. യാത്രാരേഖകളുടെ പരിശോധന കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറുന്നതിനാൽ യാത്രക്കാർ ആവശ്യമായ രേഖകൾ കൃത്യമായി കൈവശം സൂക്ഷിക്കണം. പാസ്‌പോർട്ടും വിസയും പോലുള്ള നിർബന്ധിത രേഖകൾക്ക് പകരം ഡിജിറ്റൽ രേഖകൾ മാത്രം മതിയാകില്ല.

വലിയ തുകയുള്ള സ്ഥിരനിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും പുതിയ വിവരവെളിപ്പെടുത്തൽ സംവിധാനം വരും. മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ ഉള്ള സ്ഥിരനിക്ഷേപങ്ങളെയാണ് പ്രധാനമായും പുതിയ വ്യവസ്ഥ ബാധിക്കുക. ഇത് സാധാരണ നിക്ഷേപകരെ നേരിട്ട് ബാധിക്കുന്ന മാറ്റമല്ല.

ഇതിനു പുറമെ ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്, പ്രൊഫഷണല്‍ വരുമാനമുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ് എന്നതും ഓർക്കുക. സെപ്റ്റംബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് വൈകിയതിനുള്ള പിഴയും, പലിശയും ഈടാക്കും.സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ അനാവശ്യമായി ലേറ്റ് ഫീ നല്‍കേണ്ടി വരുമെന്നതിനാല്‍ സാമ്പത്തിക നഷ്ടമുണ്ടാകും.

Form 26AS, AIS എന്നിവയിലെ വിവരങ്ങള്‍ കൃത്യമായി ഒത്തുനോക്കി അടിയന്തരമായി ITR-3 അല്ലെങ്കില്‍ ITR-4 ഫയല്‍ ചെയ്യുക.

ഇനി ക്രെഡിറ്റ് കാർഡുകളിലേയ്ക്ക് വന്നാൽ വിവിധ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ചില ഇടപാടുകള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡ് പോയിന്റുകളിലും, സര്‍ചാര്‍ജ് നിബന്ധനകളിലും സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം വരുത്തുന്നുണ്ട്.

ഇക്കാര്യങ്ങള്‍ ബാങ്കുകള്‍ ഉപയോക്താക്കളെ ഇ-മെയില്‍ വഴി മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ബില്ലുകള്‍ അടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ സേനങ്ങള്‍ ഉപയോഗിക്കുമ്പോഴും ബാങ്ക് കാര്‍ഡുകളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ ഇനി മുതൽ കുറവുണ്ടായേക്കാം. ബാങ്ക് അയച്ച ഇമെയിലുകളോ, വെബ്സൈറ്റിലെ പുതിയ ചാര്‍ജ് ഘടനയോ പരിശോധിച്ച് റിവാര്‍ഡ് പോയിന്റ് നിബന്ധനകള്‍ മനസിലാക്കുക.

ഇത്തരം നിരവധി നിർണായക കാര്യങ്ങൾ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ സെപ്റ്റംബർ തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ തിരിച്ചറിയൽ പരിശോധനകളും നികുതി നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.

Content Highlights: Key Financial Changes from September 2026: LPG e-KYC, ITR Deadline, Travel Rules, FD Changes and More Updates

dot image
To advertise here,contact us
dot image