

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇരിങ്ങല്ലൂര്‍ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി നായകള്‍ കൂട്ടമായി കരച്ചിലായിരുന്നെന്നും നല്ല മഴയായതിനാല്‍ ശ്രദ്ധിച്ചില്ലെന്നുമാണ് അയല്‍വാസിയുടെ മൊഴി.
ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണ വിവരം പന്തീരങ്കാവ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഇതോടെയാണ് പൊലീസ് എത്തി പരിശോധിക്കുന്നത്. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് പൊലീസ് കടക്കുകയാണ്. ശരീരമാസകലം രക്തപ്പാടുകളുണ്ട്.
അതേസമയം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാര്‍ക്കാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Content Highlights: A young man found lifeless in Mundupalam, Kozhikode