

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത മറികടക്കാന്‍ അഭിഭാഷകര്‍ മുഖേന കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ മേയര്‍ക്ക് അവധി അപേക്ഷ നല്‍കി. ഇത് മേയര്‍ കൗണ്‍സിലില്‍ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.
ജൂണ്‍ 29നാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മാസത്തില്‍ ഒരു കൗണ്‍സില്‍ യോഗം നിര്‍ബന്ധമാണെന്നിരിക്കെയാണ് വെള്ളിയാഴ്ച കൗണ്‍സില്‍ വിളിച്ചിരിക്കുന്നത്. ഈ മാസത്തെ കൗണ്‍സിലിലും സുഗതന്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഈമാസം 14നാണ് ആര്‍ സുഗതന്‍ വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്‍ ഉള്‍പ്പെടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പിന്നീട് മറ്റ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാല്‍ സുഗതന് കൗണ്‍സിലര്‍മാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. പിന്നാലെ സുഗതന്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയേയും തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്നാണ് സുഗതന് അനുകൂലമായ ഉത്തരവ് വന്നത്.
Content Highlights: The upcoming Friday council meeting of Thiruvananthapuram Corporation is expected to be crucial for the BJP amid ongoing political developments