

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സിനിമകൾ അല്ല മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്നതെങ്കിലും അവർ ശക്തമായി തിരിച്ചുവരുമെന്നാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്‌പൈഡർമാൻ ചിത്രം. ഇപ്പോഴിതാ സിനിമയുടെ ഇന്ത്യൻ റിലീസിന് മുന്നോടിയായി ചിത്രത്തിന് സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ്.

ചിത്രത്തിൽ നിന്ന് എട്ട് സെക്കൻഡോളമുള്ള ചുംബനരംഗം കട്ട് ചെയ്തിരിക്കുകയാണ് സെൻസർ ബോർഡ്. ഒപ്പം ഇംഗ്ലീഷ് ഓഡിയോയിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ ഒഴിവാക്കാനോ മ്യൂട്ട് ചെയ്യാനോ നിർമാതാക്കൾക്ക് നിർദേശം നൽകി. മദ്യപാന രംഗങ്ങളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ഇന്ത്യൻ സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ജൂലൈ 30-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത്. പണിഷർ, സ്കോർപിയൻ, ഹാൻഡ്, ബൂമറാങ് തുടങ്ങിയ മാർവെൽ കഥാപാത്രങ്ങൾ ട്രെയ്‌ലറിൽ വരുന്നുണ്ട്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ട്രെയ്‌ലറിലെ വിഷ്വൽസിനും ടോം ഹോളണ്ടിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ട്രെയിഞ്ചർ തിങ്സ് താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം. ടോം ഹോളണ്ട്, സെൻഡായ, ജേക്കബ് ബതലൻ, ജോൺ ബേൺന്തൽ, മൈക്കൽ മാൻഡോ, മാർക്ക് റുഫല്ലോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
Content Highlights: The upcoming Spider-Man release in India will arrive with certain modifications after the censor board reportedly made cuts, including the removal of kissing scenes. The changes have sparked discussions among movie fans about film censorship and theatrical releases in India.