ദുബായില്‍ ഇ-ബൈക്ക് ഡെലിവറി സേവനം ഇനി കൂടുതല്‍ ഇടങ്ങളില്‍

ഏഴിടങ്ങളിലേക്കാണ് സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായതിന് പിന്നാലെയാണ് നീക്കം

ദുബായില്‍ ഇ-ബൈക്ക് ഡെലിവറി സേവനം ഇനി കൂടുതല്‍ ഇടങ്ങളില്‍
dot image

ദുബായില്‍ ഇ-ബൈക്ക് ഡെലിവറി സേവനം ഇനി കൂടുതല്‍ സ്ഥലങ്ങളില്‍. ഏഴിടങ്ങളിലേക്കാണ് സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായതിന് പിന്നാലെയാണ് നീക്കം. അല്‍ ത്വാര്‍ 1, അല്‍ ത്വാര്‍ 2, അല്‍ ഖുസൈസ് 1, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബുള്‍വാര്‍ഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക് ടവേഴ്‌സ് (ജെഎല്‍ടി), ദുബായ് മറീന എന്നിവിടങ്ങളില്‍ ഇനി മുതല്‍ സേവനം ലഭ്യമാകും. നേരത്തേ അല്‍ കരാമ, അല്‍ ഹംറിയ, ഉമ്മു ഹുറൈര്‍, അല്‍ മങ്കൂല്‍ എന്നിവിടങ്ങളിലായിരുന്നു ഇ-ബൈക്ക് ഡെലിവറി സേനവം നടപ്പിലാക്കിയിരുന്നത്.

ദുബായിലെ കൊമേഴ്സ്യല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സ്ട്രാറ്റജി 2030, ഫാസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ സ്ട്രാറ്റജി എന്നിവ മുന്‍നിര്‍ത്തിയാണ് നീക്കം. ചെലവ് കുറയ്ക്കുക, വേഗതയേറിയതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പുതിയ സോണുകള്‍ നിശ്ചയിച്ചതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ടെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പറഞ്ഞു.

വ്യത്യസ്ത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേക സൈക്കിളിംഗ് ട്രാക്കുകളുടെ ലഭ്യത, പ്രദേശങ്ങളുടെ സ്വഭാവം, റസ്റ്റോറന്റുകളുടെയും റീട്ടെയില്‍ സ്ഥാപനങ്ങളുടെയും സാമീപ്യം, കടകളില്‍ നിന്നുള്ള ആവശ്യകത, സൈക്കിള്‍ ഉള്‍പ്പെടെ പരിസ്ഥിതി സൗഹൃദ യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചതായി ആര്‍ടിഎ പറഞ്ഞു. സ്വകാര്യ മേഖലയിലെ ഡെലിവറി കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണ ഘട്ടത്തില്‍ 99 ശതമാനം ഉപഭോക്തൃ സംതൃപ്തിയും 90 ശതമാനം ഡെലിവറി റൈഡര്‍മാരുടെ സംതൃപ്തിയും രേഖപ്പെടുത്തിയിരുന്നുവെന്നും ആര്‍ടിഎ അറിയച്ചു. ദുബായില്‍ ഡെലിവറി മേഖലയെ കൂടുതല്‍ നിയന്ത്രിതവും സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന് സമഗ്രമായ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ആര്‍ടിഎ പറഞ്ഞു.

Content Highlight: Dubai has expanded its e-bike delivery service to seven new locations, improving last-mile delivery options and promoting sustainable transport solutions

dot image
To advertise here,contact us
dot image