യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ: ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനായി സ്വർണ്ണ ഇറക്കുമതി നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സംശയം

യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ: ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം
dot image

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി മന്ദഗതിയില്‍. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പ്രകാരം നികുതി ഇളവോടെ സ്വർണം ഇറക്കുമതി ചെയ്യാനുള്ള പുതിയ ക്വോട്ട അനുവദിക്കുന്നത് വൈകുന്നത് കാരണമാണ് ദുബായിലെ കയറ്റുമതിക്കാരും ഇന്ത്യൻ ഇറക്കുമതിക്കാരും തമ്മിലുള്ള പുതിയ വ്യാപാര ഇടപാടുകൾ മന്ദഗതിയിലായിരിക്കുന്നത്.

സാധാരണ ഈടാക്കുന്ന 15 ശതമാനം കസ്റ്റംസ് ഡ്യൂട്ടിക്ക് പകരം 14 ശതമാനം ഇളവിൽ സ്വർണം ഇറക്കുമതി ചെയ്യാൻ അർഹരായവർക്ക് ഡിജിഎഫ്ടി (DGFT) ടാരിഫ്-റേറ്റ് ക്വോട്ട (TRQ) അനുവദിക്കാറുണ്ട്. എന്നാൽ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ക്വോട്ട പ്രഖ്യാപിക്കുന്നതിന് പകരം, നിയമതർക്കങ്ങൾ നിലനിൽക്കുന്നതിനാൽ നിലവിലുള്ള ലൈസൻസുകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി നൽകുകയാണ് സർക്കാർ ചെയ്തത്.

രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനായി സ്വർണ്ണ ഇറക്കുമതി നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ചില വ്യവസായ പ്രമുഖർ സംശയിക്കുന്നുണ്ടെങ്കിലും സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലഭ്യമായ ക്വോട്ടയേക്കാൾ വളരെയധികം അപേക്ഷകർ എത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. 180 ടൺ ക്വോട്ട ലഭ്യമായിരുന്ന സ്ഥാനത്ത് 450 ടണ്ണിലധികം സ്വർണ്ണത്തിനാണ് അപേക്ഷകൾ ലഭിച്ചത്.

അലോട്ട്മെന്റ് മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ചില ഇറക്കുമതിക്കാർ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ക്വോട്ട വിതരണത്തിന്റെ ഒരു ഭാഗം കോടതി തടഞ്ഞിരിക്കുകയാണ്. വിപണി നയം വ്യക്തമാകാത്തതിനാലും പുതിയ ക്വോട്ട വരാത്തതിനാലും ലൈസൻസുകളുടെ ലഭ്യത വൻതോതിൽ കുറഞ്ഞതായി അൽ ഹയാത് ഓവർസീസ് ട്രേഡിങ് സ്ഥാപകൻ അമിത് ഗുപ്ത ചൂണ്ടിക്കാണിക്കുന്നു.

ഇടപാടിലെ ഈ അനിശ്ചിതത്വം ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച് (IIBX) വഴിയുള്ള സുതാര്യമായ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മുൻവർഷത്തെ ചില ക്വോട്ടകൾ ബാക്കിയുണ്ടെങ്കിലും, ഇവ വളരെ ചെറിയ അളവുകളിലായി വിവിധ വ്യാപാരികൾക്കിടയിൽ ചിതറിക്കിടക്കുകയായിരുന്നു. 20 വ്യത്യസ്ത വ്യാപാരികൾക്കായി 10 കിലോ വീതം വിൽക്കുന്നതിനേക്കാൾ IIBX വഴി ഒരൊറ്റ ഓർഡറായി 100 കിലോ വിൽക്കാനാണ് വിദേശ കയറ്റുമതിക്കാർക്ക് താത്പര്യമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ബാങ്കുകളും IIBX-ഉം വഴി സ്വർണ്ണ ഇറക്കുമതി സുതാര്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, ഔദ്യോഗിക ചാനലുകൾ വഴിയുള്ള ക്വോട്ട വിതരണത്തിലെ കാലതാമസം തുടർന്നാൽ നിയമാനുസൃതമായ സ്വർണ്ണ ഡിമാന്‍ഡ് പോലും അനധികൃത കടത്തിലേക്ക് വഴിതിരിഞ്ഞുപോകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. ബാക്കിയുള്ള ക്വോട്ട പൂർണ്ണമായും ഉപയോഗിച്ചു തീർത്ത ശേഷമേ പുതിയ അലോട്ട്മെന്റ് വരൂ എന്ന വിവരമൊഴിച്ചാൽ, വ്യാപാരം എന്ന് പുനഃസ്ഥാപിക്കപ്പെടുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

Content Highlights: Uncertainty has emerged over gold imports from the UAE to India following reports of possible measures to reduce shipments. The speculation has raised concerns among traders and the jewellery industry, as any change in import policy could affect gold availability, pricing, and trade between the two countries.

dot image
To advertise here,contact us
dot image