

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ വാര്‍ഷിക കണക്കുകളിലെ പൊരുത്തക്കേടുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയില്‍ ഹാജരാകും. ദേവസ്വത്തിലെ ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. തുടര്‍ന്നാണ് ഓഡിറ്റ് വിഭാഗം ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകാന്‍ ദേവസ്വം ബെഞ്ച് നിർദേശം നല്‍കിയത്.
ഡിജിറ്റല്‍ പണമിടപാടുകളുടെ കൃത്യമായ അക്കൗണ്ടിങ് ഉറപ്പാക്കുന്ന സംവിധാനം നിലവിലില്ലെന്ന ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിര്‍ദേശം. ദേവസ്വത്തിന്റെ സാമ്പത്തിക-ഭരണ സംവിധാനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ വിദഗ്ധ സ്ഥാപനത്തെ നിയോഗിക്കണം എന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് കോടതി വിശദമായി പരിശോധിക്കും.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിച്ചിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ആവശ്യമായ വിവരങ്ങള്‍ ദേവസ്വം കൈമാറിയില്ലെന്നാണ് ഓഡിറ്റ് വിഭാഗം അറിയിച്ചത്. 43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക ഭൗതിക പരിശോധന നടത്തിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 2011-12 മുതല്‍ 2019-20 വരെ 54.59 കോടിയുടെ വ്യത്യാസമാണ് ഉള്ളത്. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് പറഞ്ഞ ഹൈക്കോടതി, നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
Content Highlights: Kerala High Court will consider a petition related to alleged discrepancies in the annual accounts of Guruvayur Devaswom Board today.