

ആലപ്പുഴ: പാര്‍ലമെന്റില്‍ പതിപക്ഷം ഒറ്റക്കെട്ടായിരിക്കുമെന്ന് വ്യക്തമാക്കി കെസി വേണുഗോപാല്‍ എംപി. കഴിഞ്ഞ അഞ്ചു ദിവസം പാര്‍ലമെന്റ് നടന്നില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ പാര്‍ലമെന്റ് നടക്കില്ല എന്ന നിലപാട് പ്രതിപക്ഷമെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷം സര്‍ക്കാരിന്റെ എല്ലാ ചെയ്തികളേയും പാര്‍ലമെന്റിനുള്ളില്‍ തുറന്നെതിര്‍ക്കാന്‍ പ്രതിപക്ഷത്തിനായെന്നാണ് അദ്ദേഹം പറഞ്ഞത്. നരേന്ദ്രമോദി മുട്ടുമടക്കിയിരിക്കുകയാണ്. പ്രശ്‌നം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അവരെ തല്ലി തോല്‍പ്പിക്കാമെന്ന് കരുതിയാല്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വരുമെന്ന പാഠം രാജ്യത്തെ യുവാക്കള്‍ മോദിയെ പഠിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ നാളെ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ നാളെ മുതല്‍ അങ്ങോട്ടുള്ള കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണം എന്നത് ആലോചിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ബില്ലിലടക്കം എന്ത് തീരുമാനം എടുക്കണമെന്നും പാര്‍ലമെന്റിലെ നിലപാടുകള്‍ എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കാന്‍ നാളെ രാവിലെ 9:45ന് യോഗം വിളിച്ചിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്തായിരിക്കും തീരുമാനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിന് അമിത് ഷായും മോദിയും പാര്‍ലമെന്റില്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് വിദ്യാര്‍ത്ഥികളുടേയും യുവതയുടേയും കൂട്ടായ പോരാട്ടമാണ്. ചില പ്ലാറ്റ്ഫോമുകളുടെ മാത്രം പോരാട്ടമല്ല. എന്നാല്‍ ഒന്നിനെയും തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപിയെ പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധിക്കടക്കം പരിക്കേറ്റത് നിങ്ങള്‍ കണ്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് രാഹുല്‍ ഗാന്ധി നടത്തിയ സമരം ലോകം ശ്രദ്ധിച്ചതാണെന്നും ചോദ്യ പേപ്പര്‍ ചോര്‍ച്ച എല്ലാ വേദിയിലും ഉന്നയിച്ചത് അദ്ദേഹമാണെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുവതയുടെ പോരാട്ടമാണ്. മറ്റാരെയും കുറച്ചു കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് പൊലീസ് സംഘര്‍ഷത്തില്‍ പ്രതികരിച്ച അദ്ദേഹം പൊലീസ് മാറി വരുന്നതേ ഉള്ളൂ പത്തു കൊല്ലത്തെ ഹാങ്ങോവര്‍ ഇപ്പോഴുമുണ്ടെന്നായിരുന്നു പരിഹാസം. ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ആണോ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സമരം ചെയ്യുന്നവരോട് പൊലീസ് നടത്തേണ്ട സമീപനത്തില്‍ കൃത്യമായ മാറ്റം ഉണ്ടാകണം. അത് ഡല്‍ഹിയില്‍ ആയാലും കേരളത്തിലായാലും മാറ്റം വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Content Highlights: KC Venugopal said the Opposition will continue its united protest in Parliament, insisting that proceedings cannot move forward without Dharmendra Pradhan's resignation. He also said Opposition leaders will meet to decide their strategy on the government's proposed legislation and other parliamentary actions.