കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: കോടതിയലക്ഷ്യത്തില്‍ കെ ബിജു ഐഎഎസിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി

മാപ്പ് അപേക്ഷ നല്‍കിയാല്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കാനാകുമോ എന്ന് കോടതി ചോദിച്ചു

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: കോടതിയലക്ഷ്യത്തില്‍ കെ ബിജു ഐഎഎസിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി
dot image

കൊച്ചി: കഴുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ കെ ബിജു ഐഎഎസിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പതിനേഴ് വര്‍ഷം സര്‍വീസുള്ള സീനിയര്‍ ഉദ്യോഗസ്ഥനാണ് ഉത്തരവിറക്കിയത്. മാപ്പ് അപേക്ഷ നല്‍കിയാല്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കാനാകുമോ എന്ന് കോടതി ചോദിച്ചു. കോടതിയലക്ഷ്യ നടപടികള്‍ തുടരേണ്ട ഗൗരവമുള്ള കേസാണിതെന്ന് വ്യക്തമാക്കിയ കോടതി ഒരിളവും പ്രതീക്ഷിക്കേണ്ടതില്ലെന്നും പറഞ്ഞു.

അഡ്വക്കറ്റ് ജനറല്‍ ഉപദേശിച്ചതുകൊണ്ടുമാത്രമാണ് ഉത്തരവ് തിരുത്തിയത്. മാപ്പപേക്ഷ അംഗീകരിക്കണോ തള്ളണോ എന്നതില്‍ തീരുമാനം പിന്നീടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടി തുടരണോ എന്നതില്‍ ഉത്തരവിറക്കും. മാപ്പപേക്ഷ വാര്‍ത്താ സമ്മേളനത്തില്‍ പറയണം. ഉദ്യോഗസ്ഥ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. ഉത്തരവിന്റെ പകര്‍പ്പ് സിബിഐക്ക് നല്‍കാതെ പ്രതിക്ക് നല്‍കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ലഭിച്ചോയെന്ന് ഹൈക്കോടതി സിബിഐയോട് ചോദിക്കുകയും ചെയ്തു.

കോടതിയലഷ്യ നടപടിയില്‍ കഴിഞ്ഞ ദിവസമാണ് വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഹൈക്കോടതിയില്‍ വീണ്ടും മാപ്പപേക്ഷ നല്‍കിയത്. ആദ്യം നല്‍കിയ അപേക്ഷ രൂക്ഷ വിമര്‍ശനത്തോടെ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നടപടി. മനസ്സര്‍പ്പിച്ചാണ് പുതിയ പ്രോസിക്യൂഷന്‍ അനുമതിയെന്നാണ് പുതിയ മാപ്പപേക്ഷയില്‍ കെ ബിജു ഐഎഎസ് പറഞ്ഞത്. നിയമവും വസ്തുതയും പരിശോധിച്ചാണ് അനുമതി ഉത്തരവിറക്കിയത്. ഹൈക്കോടതിക്കെതിരായ എല്ലാ പരാമര്‍ശങ്ങളും നീക്കിയാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ അനുമതി ഉത്തരവില്‍ ഉപയോഗിച്ച ഭാഷ അനുചിതമായിരുന്നെന്നും അദ്ദേഹം സമ്മതിച്ചു. ഇത്തരം വീഴ്ച ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും കെ ബിജു പറഞ്ഞു.

കെ ബിജുവിന്റെ ആദ്യ മാപ്പപേക്ഷ തള്ളിയ കോടതി അന്ന് രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. സര്‍ക്കാരിന്റെ ആയുധമാകരുതെന്ന് കെ ബിജുവിനോട് ഹൈക്കോടതി പറഞ്ഞു. കോടതിയോട് ഏറ്റുമുട്ടരുത്. കോടതിയോട് ഏറ്റുമുട്ടിയാല്‍ ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല. എങ്ങനെ നേരിടണമെന്ന് കോടതിക്കറിയാം. കോടതിക്ക് അധികാരമില്ലെന്ന് കരുതരുത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെയാണ്. അല്ലാതെ സര്‍ക്കാരിനെയല്ല. ഉത്തരവിറക്കുമ്പോള്‍ അക്കാര്യം മനസില്‍ കരുതണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. ഭീഷണിക്ക് ഉദ്യോഗസ്ഥര്‍ വഴങ്ങരുത്. ധീരന് മരണം ഒരിക്കലേയുള്ളൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു കെ ബിജു ഐഎഎസിനെതിരെ ഹൈക്കോടതി കോടയിലക്ഷ്യ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു അന്ന് ഹൈക്കോടതി ഉന്നയിച്ചത്. പ്രതിയാണോ ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Content Highlights: The Kerala High Court has taken a stricter stand against IAS officer K Biju in the contempt proceedings related to the Cashew Corporation corruption case.

dot image
To advertise here,contact us
dot image