

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സിപിഐ. പദവി ലഭിച്ചില്ലെങ്കില്‍ നിയമസഭയില്‍ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്നാണ് സിപിഐ നിലപാട്. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് നിര്‍ണായക തീരുമാനം. പ്രതിപക്ഷം എന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാകില്ലെന്നും ചില വിഷയങ്ങളില്‍ സിപിഐഎമ്മിനെ എതിര്‍ക്കേണ്ടി വരുമെന്നും സിപിഐ തീരുമാനം ഉണ്ട്. വിഴിഞ്ഞം വിഷയത്തില്‍ നിലപാട് മാറ്റമുണ്ടെന്നും യോജിച്ചുള്ള സമരത്തിനില്ലെന്നും സിപിഐ അറിയിച്ചു. എന്നാല്‍ ഉപനേതാവ് പദവി വിട്ടുനല്‍കില്ലെന്ന് സിപിഐഎമ്മും കടുപ്പിച്ചതോടെ എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്.
സഭയില്‍ എല്ലാ വിഷയത്തിലും ഒരേ നിലപാടാകണമെന്നില്ലെന്നും വേണ്ടി വന്നാല്‍ സിപിഐഎമ്മിനെ എതിര്‍ക്കാനുമാണ് സിപിഐ തീരുമാനം. സഭയില്‍ ഒരുമിച്ച് ഇരിക്കുന്നതിന് പ്രശ്‌നമില്ലെന്നും എക്‌സിക്യൂട്ടീവില്‍ തീരുമാനമെടുത്തു.
ഉപനേതാവ് പദവി സിപിഐക്ക് നല്‍കുന്ന കാര്യം ഇനി ആലോചിക്കാന്‍ പോലും കഴിയില്ലെന്നാണ് സിപിഐഎം സിപിഐയെ അറിയിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് ഇക്കാര്യം ഇന്നലെ ബിനോയ് വിശ്വത്തെ അറിയിച്ചത്. ഇത് മനസിലാക്കി സിപിഐഎമ്മിനോട് സഹകരിക്കണമെന്നാണ് ആവശ്യം. എല്‍ഡിഎഫ് യോഗം വിളിച്ചാല്‍ പങ്കെടുക്കാമെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ യോജിച്ചുള്ള സമരം വേണ്ടെന്നും ബിനോയ് വിശ്വവും കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫ് യോഗം വിളിച്ച് സര്‍ക്കാരിനെതിരെ സമരം തുടങ്ങണമെന്നാണ് യോഗത്തില്‍ ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടത്. ഇതിനാണ് യോഗം വിളിച്ചാല്‍ പങ്കെടുക്കാമെന്ന് ബിനോയ് വിശ്വം പറഞ്ഞത്. യോഗത്തില്‍ ഉപനേതൃപദവി ആവശ്യപ്പെടുമെന്നും അതിനിടയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ തങ്ങള്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എടുക്കുന്ന നിലപാട് മാധ്യമങ്ങളോട് തുറന്നു പറയുമെന്ന നിലപാടും ബിനോയ് വിശ്വം സ്വീകരിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചാല്‍ സിപിഐ പങ്കെടുക്കും. എന്നാല്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ യോജിച്ചുള്ള സമരം വേണ്ട. കുറച്ചുകൂടി വ്യക്തത വരാനുണ്ട്. മുമ്പ് എടുത്ത നിലപാടല്ല സിപിഐഎമ്മിന് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ബിനോയ് വിശ്വം, തൊഴിലുറപ്പ്, സ്ത്രീ സുരക്ഷ പദ്ധതി അട്ടിമറി എന്നിവയിലെല്ലാം സിപിഐ സമരത്തിന് തയ്യാറാണെന്നും അറിയിച്ചു.
അതിനിടെ സിപിഐ ആവശ്യത്തെ വിമര്‍ശിച്ച് ആര്‍ജെഡി രംഗത്തെത്തിയിട്ടുണ്ട്. സിപിഐ സ്ഥാനങ്ങള്‍ പങ്കുവെക്കാന്‍ ശീലിക്കണമെന്നാണ് ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തര്‍ക്കം ഒരര്‍ത്ഥവും ഇല്ലാത്തതാണ്. നിയമസഭയില്‍ ഒരു മുറി കിട്ടും എന്ന് പറഞ്ഞാണ് പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തര്‍ക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ വൈകുന്നത് മുന്നണിയെ ദുര്‍ബലപ്പെടുത്തും. പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കണമെന്നും വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു.
Content Highlights: CPI has taken a firm stand on the Deputy Leader of the Opposition post, intensifying political discussions in Kerala.