

കൊച്ചി: അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല എന്ന അൻസിബയുടെ പ്രതികരണത്തിൽ ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി. 'അതിപ്പോഴാണോ ഓർത്തത്. അതിജീവിത A.M.M.A യിൽ നിന്ന് പോയിട്ട് 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയിൽ. അന്നും അൻസിബ ഈ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ? എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല? എന്നാണ് ഫോസ്ബുക്ക് കുറിപ്പിലൂടെ ഭാഗ്യലക്ഷ്മി ചോദിച്ചിരിക്കുന്നത്. അതെല്ലാം പോകട്ടെ വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കണ്ടോ? സംസാരിച്ചോ?' എന്ന ചോദ്യവും ഭാഗ്യലക്ഷ്മി ഉയർത്തുന്നുണ്ട്.
നിലവിലെ കമ്മിറ്റിയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അൻസിബ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാണിച്ച് അതിജീവിത കടന്ന് പോയ അവസ്ഥകളെക്കുറിച്ചും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. 'നീചമായ വാക്കുകൾ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിച്ചപ്പോൾ, അപമാനിച്ചപ്പോൾ നിങ്ങൾക്കത് താങ്ങാനായില്ല, നിങ്ങൾ പൊട്ടി കരഞ്ഞു, കേസ് കൊടുത്തു. ഓർത്ത് നോക്കു അന്ന് ആ കാറിൽ അവൾ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം.. മുൻപിൽ നിൽക്കുന്നത് ശക്തനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവൾ കേസ് കൊടുത്തു, കോടതിയിലും അവൾ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയെ കുറിച്ച്, സഹ പ്രവർത്തകയെ കുറിച്ച് എന്തേ നിങ്ങളാരും ഓർത്തില്ല. അവളോടൊപ്പം നിന്നില്ല, അവൾക്ക് വേണ്ടി ഒച്ചയുയർത്തിയില്ല അവൾക്ക് വേണ്ടി സംസാരിച്ച വരെയും കൂവി ഓടിച്ചു വിട്ടു. അന്ന് തുടങ്ങിയതാണ് ഈ സംഘടനയുടെ വീഴ്ച്ച. അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് ഈ സംഘടന അനുഭവിക്കുന്നത്' എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇന്ന് അൻസിബയ്ക്കൊപ്പം ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് എതിരാളി ഉന്നതനല്ലാത്തതുകൊണ്ടാണെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നുണ്ട്. നിങ്ങളുടെ എതിരെ നിൽക്കുന്നത് ശക്തനായ സ്വാധീനമുള്ള ഫാൻസ് ഉള്ള ഒരാൾ ആയിരുന്നെങ്കിൽ ആരും നിങ്ങളോടൊപ്പം നിൽക്കില്ല. നിങ്ങളുടെ പോരാട്ടമെങ്കിലും വിജയിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും ഫേസ്ബുക്ക് കുറിപ്പിൽ ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അൻസിബയുടെ പോരാട്ടത്തെ പൂർണമായും അംഗീകരിക്കുന്നുവെന്നും പൂർണ്ണമായും അൻസിബയ്ക്കൊപ്പം തന്നെയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നുണ്ട്. 'ബാധിക്കപ്പെട്ട ഓരോ പെണ്ണിനോടൊപ്പം തന്നെയാണ്. അതുകൊണ്ടാണ് താങ്കളെക്കുറിച്ച് ലക്ഷമിപ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് താങ്കളുടെ സംഘടനയിലുള്ളവർ പ്രതികരിക്കാഞ്ഞിട്ട് പോലും ഞാൻ പ്രതികരിച്ചത്' എന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.
Content Highlights: Bhagyalakshmi responds strongly to Ansiba over the survivor issue, saying A.M.M.A is now experiencing the pain of the survivor's tears. Read the latest developments and reactions.