

വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതോടെ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസന്റെ സമീപകാല സംഭാവനകളെ ആരാധകര്‍ വിസ്മരിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അമ്പാട്ടി റായുഡു. സൂര്യവംശിയുടെ അരങ്ങേറ്റത്തിന് ചുറ്റുമുള്ള ആവേശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, ഇന്ത്യയുടെ സമീപകാല ടി20 ലോകകപ്പ് വിജയത്തിലെ സഞ്ജുവിന്റെ നേട്ടങ്ങളെക്കുറിച്ച് റായുഡു ആരാധകരെ ഓര്‍മിപ്പിച്ചു. 'സഞ്ജു സാംസണെക്കുറിച്ചും നമുക്കൊന്ന് ചിന്തിക്കാം. വൈഭവ് അരങ്ങേറ്റം കുറിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്, അത് തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ വെറും മൂന്ന് ടി20 മത്സരങ്ങള്‍ക്ക് മുന്‍പ് നടന്ന ടി20 ലോകകപ്പിലെ മികച്ച താരം സഞ്ജു ആയിരുന്നു എന്നത് നമ്മള്‍ മറക്കരുത്,' -റായുഡു എക്‌സില്‍ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരത്തില്‍ ഏഴ് പന്തുകളില്‍ നിന്ന് വെറും ഒരു റണ്‍സ് മാത്രം എടുത്ത് പുറത്തായതിന് പിന്നാലെയാണ് സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. രണ്ടാം മത്സരത്തിനായി തങ്ങളുടെ ബാറ്റിങ് നിരയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച ഇന്ത്യ, രാജ്യത്തെ ഏറ്റവും മികച്ച യുവ പ്രതിഭകളിലൊരാളായി വിലയിരുത്തപ്പെടുന്ന വൈഭവ് സൂര്യവംശിയെ ടീമിലേക്ക് കൊണ്ടുവരികയായിരുന്നു.
ദേശീയ ടീമിലേക്ക് പുതിയൊരു മുഖത്തെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ, സഞ്ജു ഈ തിരിച്ചടിയെ ഒരു പ്രചോദനമായി ഉള്‍ക്കൊണ്ട് കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസവും റായുഡു പ്രകടിപ്പിച്ചു. 'അവന്‍ ശക്തമായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒപ്പം വൈഭവിന് റെക്കോഡുകള്‍ തകര്‍ക്കുന്ന വളരെ നീണ്ടൊരു കരിയര്‍ ആശംസിക്കുകയും ചെയ്യുന്നു,' -റായുഡു കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സമീപകാല ടി20 ലോകകപ്പ് വിജയത്തില്‍ സഞ്ജു നിര്‍ണായക പങ്ക് വഹിക്കുകയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഒരൊറ്റ മത്സരത്തിലെ മോശം സ്‌കോറിന്റെ പേരില്‍ അദ്ദേഹത്തെ ഒഴിവാക്കിയത് ആരാധകര്‍ക്കും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയായി.
അതേസമയം, അരങ്ങേറ്റ മത്സരത്തില്‍ സൂര്യവംശി 14 റണ്‍സിന് പുറത്തായെങ്കിലും, 10 പന്ത് നീണ്ട തന്റെ ഇന്നിംഗ്‌സില്‍ രണ്ട് കൂറ്റന്‍ സിക്‌സറുകള്‍ പറത്തി യുവതാരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് വിജയിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിന് മുന്നിലെത്തി. പരമ്പര സ്വന്തമാക്കാന്‍ ആതിഥേയര്‍ക്ക് ഇനി രണ്ട് വിജയങ്ങള്‍ കൂടി മതി എന്നരിക്കെ, ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിനാല്‍ സന്ദര്‍ശകരായ ഇന്ത്യക്ക് പരമ്പര നേടണമെങ്കില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്.
content highlights: Do not forget Sanju Samson's contributions' - Ambati Rayudu reminds cricket fans