

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ എംഎസ്‌സി അന്താരാഷ്‌ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കം തടയുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐഎം. വിഴിഞ്ഞത്തിന്റെ ഓഹരികള്‍ കൈമാറുമെന്ന കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്‌സചേഞ്ചിനെ അറിയിച്ചിട്ടുള്ള രേഖയും പുറത്തുവന്നിട്ടുണ്ട്. തുറമുഖം ഇവരുടെ സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാൽ ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൈമാറ്റം നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തുറമുഖം പൂര്‍ണ്ണമായി എംഎസ്‌സിയുടെ കപ്പലുകള്‍ക്ക് മാത്രമായി നീക്കിവയ്‌ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതോടെ ഈ രംഗത്തെ മത്സര ക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ് ഷിപ്പിംഗ് കമ്പനികള്‍ക്ക് പ്രവേശനം ലഭിച്ചില്ലെങ്കില്‍ അത് സംസ്ഥാന താല്‍പര്യത്തെ തന്നെ ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സിപിഐഎം പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
വാര്‍ത്തകളിലൂടെ മാത്രമാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്നത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന കാര്യവും പുറത്തുവന്നിട്ടുണ്ടെന്ന് സിപിഐഎം വ്യക്തമാക്കുന്നുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ ഉരുണ്ട് കളിക്കുന്ന നിലപാട് കേരളത്തിന്റെ താല്‍പര്യങ്ങളെ തകര്‍ക്കുന്നതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്‌സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി നേരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ആരോപണം. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. 'എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രം ആലോചിക്കാന്‍ കഴിയുന്ന കാര്യത്തില്‍ അവിടെയുള്ള അദാനിക്കമ്പനിക്ക് ഇത്ര ധൈര്യത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞത്. അവിടെയാണ് വ്യക്തതയുണ്ടാവേണ്ടത്', പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎസ്‌സി വന്നാല്‍ വിഴിഞ്ഞത്ത് വിദേശകമ്പനിയുടെ ആധിപത്യം ഉണ്ടാകുമെന്നും അദാനിക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: CPIM has called for urgent measures to ensure that Vizhinjam Port remains under the ownership of the Kerala state government, stressing the strategic importance of the port and the need to safeguard public interests.