

ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) 'കെസിഎ ഓണം പൊന്നോണം 2026' എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളിലെ വൻ വിജയത്തിന്റെ തുടർച്ചയായി, ഇത്തവണയും പുതുമയും വൈവിധ്യവും നിറഞ്ഞ കലാ-സാംസ്‌കാരിക പരിപാടികളും വിപുലമായ ഓണ മത്സരങ്ങളും ഉൾപ്പെടുത്തിയാണ് ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. 2026 ഓഗസ്റ്റ് 21-ന് ആരംഭിക്കുന്ന ഓണാഘോഷങ്ങൾ ഒക്ടോബർ ഒമ്പതിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് സമാപിക്കുക.
ഓഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കുന്ന വർണാഭമായ ഘോഷയാത്ര, പതാക ഉയർത്തൽ, ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് എന്നിവയോടെയാണ് ആഘോഷ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി എല്ലാവർക്കും പങ്കെടുക്കാവുന്ന 'ഓപ്പൺ ടു ഓൾ' വിഭാഗത്തിലും കെസിഎ അംഗങ്ങൾക്കായി 'മെമ്പേഴ്‌സ് ഓൺലി' വിഭാഗത്തിലും വിവിധ പരമ്പരാഗത മത്സരങ്ങൾ ഉണ്ടായിരിക്കും.
പായസ മത്സരം, ഓണപ്പാട്ട്, തനിമലയാളി ഓണപ്പുടവ മത്സരം, പഞ്ചഗുസ്തി, തിരുവാതിര, മെഗാ ഫ്യൂഷൻ ഡാൻസ്, ഗാനസന്ധ്യ, സ്‌കിറ്റ്, നാടകം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുക. ബഹ്‌റൈനിലെ പ്രമുഖ പ്രൊഫഷണൽ ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മത്സരം ഓഗസ്റ്റ് 28-ന് കെസിഎ അങ്കണത്തിൽ നടക്കും. സെപ്റ്റംബർ 11 വെള്ളിയാഴ്ച കെസിഎ ഹാളിൽ വെച്ച് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. തുടർന്ന് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ, സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഓണാഘോഷങ്ങളുടെ രൂപരേഖയ്ക്ക് അന്തിമരൂപം നൽകിയത്. ആഘോഷങ്ങളുടെ വിജയത്തിനായി ജിതിൻ ജോസ് (ചെയർമാൻ), ജോർജ് സെബാസ്റ്റ്യൻ (വൈസ് ചെയർമാൻ), പൊഴിയൂർ ഷാജി (സ്‌പോൺസർഷിപ്പ് കമ്മിറ്റി കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
റോയ് സി. ആന്റണി, തോമസ് ജോൺ, ജൂലിയറ്റ് തോമസ്, ലിൻസി മോൾ ജോസഫ്, ബോൺസി ജിതിൻ, ഷൈനി നിത്യൻ, അലിൻ ജോഷി, റോസ് ജോയൽ, ജോഫി ജെൻസൺ, സംഗീത ജോസഫ്, എൽമി വിൻസെന്റ്, ജോബി ജോർജ്, ജോയൽ ജോസ്, ബാബു വർഗീസ്, ജോഷി വിതയത്തിൽ, അനു ജെറിഷ്, മനോജ് മാത്യു, സോബിൻ ജോസ്, സജി ലൂയിസ്, ജെൻസൺ കുനാനി, ജെറിഷ് ജോണി എന്നിവരാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ. കെസിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി, കോർ ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുൾപ്പെടുന്ന 51 അംഗ സംഘാടകസമിതിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Content Highlights: The ‘Onam Ponnonam’ festivities will begin in August for Bahrain expatriates, featuring a lavish Onam Sadhya and multiple cultural competitions celebrating Kerala’s traditional festival.