

കാസര്‍കോട്: ഖാദര്‍ കരിപ്പൊടിക്കെതിരായ വധശ്രമക്കേസില്‍ കൂടുതല്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്. യുവാവിന്റെ സ്വകാര്യ ഭാഗത്ത് ഖാദര്‍ കരിപ്പൊടി ചവിട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. വധശ്രമത്തിന് പ്രതിചേർക്കപ്പെട്ട ഖാദര്‍ കരിപ്പൊടി ഒളിവിലാണ്.
ഖാദര്‍ കരിപ്പൊടി അടക്കം മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ സംഘം ചേര്‍ന്ന് പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹമ്മദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. റാഷിദ്, അഷ്‌റഫ് എന്നിവരാണ് മറ്റുരണ്ട് പ്രതികള്‍.
ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് അടിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇരുമ്പു വടി ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ ഒളിവിൽപ്പോയ ഇയാൾ സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി പ്രത്യക്ഷപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയായിരുന്നു വീഡിയോ. താന്‍ ഉള്‍പ്പെടെ പാര്‍ട്ണര്‍ഷിപ്പുള്ള കമ്പനിയില്‍ നിന്നും പരാതിക്കാരന്‍ ഒരുവര്‍ഷം മുമ്പ് വാങ്ങിയ സാധനങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് ഖാദര്‍ വീഡിയോയില്‍ ആരോപിക്കുന്നു. വാട്‌സ്ആപ്പിലൂടെ പരാതിക്കാരനോട് പണം ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടും വീഡിയോയില്‍ ഖാദര്‍ പങ്കുവെച്ചിരുന്നു.
Content Highlights: More visuals of the alleged attack in the attempt the case involving Khadar Karippodi have surfaced